നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ത്ത് വീണ്ടും യുഡിഎഫ് സര്‍ക്കാര്‍; നെല്‍വയല്‍ നികത്തിയത് ക്രമവല്‍ക്കരിക്കാന്‍ സമയം നീട്ടി; ഉത്തരവിന്റെ പകര്‍പ്പ് പീപ്പിളിന്

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും വെള്ളം ചേര്‍ത്തു. നെല്‍വയല്‍ നികത്തിയത് ക്രമവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ സമയം നീട്ടി നല്‍കി. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം 3 മാസത്തേക്ക് കൂടി നീട്ടി. ഇതിനായി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഉത്തരവിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവി പുറത്തുവിട്ടു.

പതിനായിരക്കണക്കിന് ഹെക്ടര്‍ നെല്‍വയലുകളാണ് ഉത്തരവിന്റെ മറവില്‍ നികത്തപ്പെടുന്നത്. വന്‍കിട ഫ്‌ളാറ്റ് മാഫിയകളേയും റിയല്‍ എസ്റ്റേറ്റ് ലോബികളേയും സഹായിക്കാനാണ് സര്‍ക്കാര്‍ നീക്കം. 14 ജില്ലകളില്‍ നിന്നായി ഒരു ലക്ഷത്തോളം അപേക്ഷകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ മറവിലാണ് റിയല്‍ എസ്റ്റേറ്റ് മാഫിയകളെ സഹായിക്കാന്‍ സര്‍ക്കാര്‍ നീക്കം നടക്കുന്നത്. ആവാസ വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. അതിന്റെ ഭാഗമായ ഉത്തരവുകളാണ് യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതും.

ഭൂമിയുമായി ബന്ധപ്പെട്ട ഗൗരവതരമായ കാര്യമാണ് അവസാന സമയത്ത് സര്‍ക്കാര്‍ ചെയ്യുന്നത്. നെല്‍വയല്‍ സംരക്ഷണ നിയമം ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിന് പകരം ദുര്‍ബലപ്പെടുത്തി കൊല്ലുകയാണ് ചെയ്യുന്നതെന്നും മുന്‍ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ പ്രതികരിച്ചു. വലിയ ഗൂഡാലോചനയും അഴിമതിയും ഇതിന്റെ പിന്നിലുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ അവസാന രണ്ട് മാസം യുഡിഎഫ് സര്‍ക്കാര്‍ എടുത്ത എല്ലാ തീരുമാനവും സര്‍ക്കാര്‍ മരവിപ്പിക്കണമെന്നും മുല്ലക്കര രത്‌നാകരന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍ പറഞ്ഞു. സര്‍ക്കാരിന്റെ കടുംവെട്ടില്‍ എവിടെയൊക്കെ നെല്‍വയല്‍ നികത്താനാണ് ഉത്തരവിട്ടത് എന്ന് മനസിലാകാന്‍ ഇരിക്കുന്നതേ ഉള്ളൂ എന്നും ഹരീഷ് പീപ്പിള്‍ ടിവിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News