കുക്കുംബര്‍ എന്നു പറഞ്ഞപ്പോള്‍ നാക്കു പിഴച്ച് കുക്കര്‍ബോംബായി; നാലുവയസുകാരനെ സ്‌കൂള്‍ അധികാരികള്‍ തീവ്രവാദിയാക്കി

ലണ്ടന്‍: ക്ലാസില്‍ കുക്കുംബര്‍ എന്നു പറഞ്ഞപ്പോള്‍ നാക്കുപിഴച്ചു കുക്കര്‍ ബോംബായപ്പോള്‍ നാലു വയസുകാരന്‍ തീവ്രവാദിയെന്ന് സ്‌കൂള്‍ അധികാരികള്‍. പരാതിയുമായി മാതാവ് രംഗത്ത്. കുട്ടിയുടെ തീവ്രവാദാഭിമുഖ്യം ഇല്ലാതാക്കാന്‍ പ്രത്യേക ക്ലാസിനാണ് സ്‌കൂള്‍ അധികാരികള്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.

ഒരാള്‍ നീളമുള്ള കത്തി ഉപയോഗിച്ചു കുക്കുംബര്‍ മുറിക്കുന്ന ചിത്രം വരച്ച നാലുവയസുകാരനാണ് കുടുങ്ങിയത്. ക്ലാസില്‍താന്‍ വരച്ച ചിത്രം വിശദീകരിക്കുമ്പോള്‍ കുക്കുംബര്‍ എന്നതിനു പകരം കുക്കര്‍ ബോംബ് എന്നായി. ഇതോടെ കുട്ടിയുടെ മനസില്‍ തീവ്രവാദ ചിന്തയുണ്ടെന്നും അതുകൊണ്ടാണ് ബോംബ് എന്നുച്ചരിച്ചതെന്നും സ്‌കൂള്‍ അധികാരികള്‍ പറയുകയായിരുന്നു. കുട്ടിയെ പൊലീസില്‍ ഏല്‍പിക്കാനായിരുന്നു ആദ്യ തീരുമാനം.

കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്തതെന്നു കാട്ടിയാണ് മാതാവ് പരാതി നല്‍കിയത്. കഴിഞ്ഞവര്‍ഷം പതിനഞ്ചോളം വിദ്യാര്‍ഥികള്‍ തീവ്രവാദാഭിമുഖ്യമുള്ളവരാണെന്നു കണ്ടെത്തി ഇത്തരത്തില്‍ പ്രത്യേക ബോധവല്‍കരണത്തിനു വിധേയമാക്കിയിരുന്നു. തീവ്രവാദ വിരുദ്ധ സുരക്ഷാ നിയമം പാസാക്കിയതിനു ശേഷം തീവ്രവാദാനുബന്ധമായ കാര്യങ്ങള്‍ പറയുന്നവരെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നു നിര്‍ദേശമുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here