കൈരളി ടിവി കതിര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു; ജോസഫ് പള്ളനും പിടി ആന്റണിയും രജനി ജയദേവും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി; പുരസ്‌കാരങ്ങള്‍ മമ്മൂട്ടിയും സലിംകുമാറും ചേര്‍ന്ന് സമ്മാനിച്ചു

കൊച്ചി: കൈരളി പീപ്പിള്‍ ടിവി കതിര്‍ കര്‍ഷക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മികച്ച ജൈവ കര്‍ഷകനുള്ള പുരസ്‌കാരം മാളയിലെ ജോസഫ് പള്ളന്‍ നേടി. രജിനി ജയദേവാണ് മികച്ച ജൈവ കര്‍ഷക. മികച്ച പരീക്ഷണാത്മക കര്‍ഷകനായി പിടി ആന്റണി തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ജൂറി ചെയര്‍മാന്‍ കെആര്‍ വിശ്വംഭരന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കെആര്‍ വിശ്വംഭരന്‍ മികച്ച ജൈവ കര്‍ഷകനുള്ള കീര്‍ത്തിപത്രം വായിച്ചു. മൊമന്റോയും ക്യാഷ് അവാര്‍ഡും കീര്‍ത്തി പത്രവും അടങ്ങുന്ന പുരസ്‌കാരമാണ് സമ്മാനിച്ചത്. കൈരളി ടിവി ഡയറക്ടറും കതിര്‍ പുരസ്‌കാരത്തിനുള്ള ജൂറി അംഗവുമായ പിഎ സിദ്ധാര്‍ത്ഥ മേനോന്‍ മികച്ച പരീക്ഷണാത്മക കര്‍ഷകനെ പ്രഖ്യാപിച്ചു.

Kathir-Awards-1

കൈരളി ടിവിയുടെ കതിര്‍ പുരസ്‌കാരം കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍; കൃഷിയിലേക്ക് കടന്നുവരുന്നവര്‍ക്കും പുരസ്‌കാരം പ്രചോദനമാകണമെന്നും മമ്മൂട്ടി

കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് പുരസ്‌കാരം കൈരളി ഏര്‍പ്പെടുത്തിയതെന്ന് കൈരളി ടിവി ചെയര്‍മാനും നടനും കര്‍ഷകനുമായ മമ്മൂട്ടി പറഞ്ഞു. ജൈവകൃഷിക്ക് മാത്രല്ല, സ്വാഭാവിക കൃഷി ഉള്‍പ്പടെയുള്ള മേഖലകളിലെ കര്‍ഷകര്‍ക്കും പുരസ്‌കാരം ഏര്‍പ്പെടുത്തണം. യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. കൃഷി വികാരമായി കൊണ്ടുനടക്കേണ്ട കാലമാണിത്. വികസനത്തിന്റെ കൂട്ടത്തില്‍ കൃഷി കൂടി ഉള്‍പ്പെടുത്തണം. സോഫറ്റ് വെയര്‍ കഴിച്ച് വിശപ്പടക്കാനാവില്ല എന്ന് തിരിച്ചറിയുകയും കൃഷി അഭിമാനമായി കാണുകയും ചെയ്യുന്ന കാലം വരണം. പുരസ്‌കാരങ്ങള്‍ ജേതാക്കള്‍ക്കും കൃഷിയിലേക്ക് കടന്നുവരുന്നവര്‍ക്കും പ്രചോദനമാകണം. കര്‍ഷകനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളിലേക്ക് മാറണം. സമൂഹം അവരെ സഹായിക്കുന്ന നിലപാടിലേക്ക് മാറണമെന്നും മമ്മൂട്ടി പറഞ്ഞു.

Mammootty

ചലച്ചിത്രത്തില്‍ അഭിനയിച്ച് കിട്ടിയ പണത്തില്‍ കുറേ താന്‍ കൃഷി ചെയ്ത് നശിപ്പിച്ചു. എല്ലാത്തരം പച്ചക്കറിയും സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട്. കോളജ് വിദ്യാഭ്യാസകാലത്ത് കൃഷി താല്‍ക്കാലികമായി വിട്ടു. പിന്നീട് മദ്രാസില്‍ എത്തിയാണ് കൃഷി പുനരാരംഭിച്ചത്. പിന്നീട് സ്ഥലവുമായി ബന്ധപ്പെട്ട് കേസ് വന്നു. പിന്നീട് കേസ് മാത്രമായി. കൃഷി ഇല്ലാതായി. പിന്നീട് വളമില്ലാത്ത സീറോ ഫെര്‍ട്ടിലൈസര്‍ ഏലയ്ക്കാ കൃഷിയിലേക്ക് പോയി. ഒരു ടണ്ണെങ്കില്‍ അത് മതി എന്ന് കരുതിയാണ് കൃഷിയുമായി മുന്നോട്ട് പോകുന്നത്. ജൈവകൃഷിയില്‍നിന്ന് വരുന്നതാണ് എന്ന് പറഞ്ഞ് വിപണിയില്‍ എത്തുന്ന നിരവധി ഉല്‍പ്പന്നങ്ങളുണ്ട്. എന്നാല്‍ അത് വിശ്വസനീയമല്ല. വളമില്ലാതെ വളരുന്ന കൃഷിയാണ് താന്‍ പിന്തുടരുന്ന കൃഷിരീതിയെന്നും കര്‍ഷകന്‍ കൂടിയായ മമ്മൂട്ടി പറഞ്ഞു.

John-Brittas

കാര്‍ഷിക അനുഭവം പറഞ്ഞ് സലിംകുമാര്‍

തന്റെ കൃഷി അനുഭവം വിവരിച്ചാണ് നടനും കര്‍ഷകനുമായ സലിംകുമാര്‍ സംസാരിച്ചത്. പൗള്‍ട്രി കൃഷി തുടങ്ങാനായി ശ്രമിച്ചപ്പോള്‍ പലഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ആഘോഷപൂര്‍വ്വം ഉദ്ഘാടനം നടത്തി 21-ാം ദിവസം കുഞ്ഞുങ്ങള്‍ വിരിഞ്ഞു. പക്ഷേ പക്ഷിപ്പനി പടര്‍ന്നുപിടിച്ച അവസരമായിരുന്നതിനാല്‍ രണ്ട് രൂപയ്ക്ക് വില്‍ക്കേണ്ടിവന്നു. ആട് കൃഷിയിലും പരാജയമായിരുന്നു ഫലം. വെച്ചൂര്‍ പശു കൃഷി തുടങ്ങാന്‍ പദ്ധതിയിട്ടു. അതിന് ഇപ്പോള്‍ രണ്ട് കുട്ടികളായി. പൊക്കാളിയുടെ കാടിവെള്ളം ഒരുകാലത്ത് ഔഷധമായിരുന്നു. അനുബന്ധമായി സമര്‍പ്പിച്ച ഡോക്യുമെന്ററി സര്‍ക്കാര്‍ പരിഗണിച്ചതുപോലുമില്ല. അതിന്റെ പേരില്‍ തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ ക്ലാസെടുത്തതു മാത്രമാണ് ഉപയോഗമെന്നും സലിംകുമാര്‍ പറഞ്ഞു. എല്ലാ പുരസ്‌കാര ജേതാക്കളായ എല്ലാ കര്‍ഷകര്‍ക്കും സലിംകുമാര്‍ ആശംസകള്‍ അറിയിച്ചു.

Salim-Kumar

കാര്‍ഷികരംഗത്തിന് ഉത്തേജനവും പുരസ്‌കാരവും നല്‍കുന്ന പുരസ്‌കാരമെന്ന് കെആര്‍ വിശ്വംഭരന്‍

വ്യത്യസ്ത കൃഷി രീതികള്‍ അവതരിപ്പിച്ച കര്‍ഷകരെ ആദരിക്കുന്ന കൈരളി പീപ്പിള്‍ ടിവിയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചാണ് ജൂറി ചെയര്‍മാന്‍ കെആര്‍ വിശ്വംഭരന്‍ സംസാരിച്ചത്. കൃഷി അന്യം നിന്ന് പേകുന്നു എന്ന് കരുതുന്ന കാര്‍ഷിക മേഖലയിലേക്ക് ധാരാളം പേരെ ആകര്‍ഷിക്കാന്‍ കൈരളി ടിവിക്ക് കഴിഞ്ഞുവെന്ന് കെആര്‍ വിശ്വംഭരന്‍ പറഞ്ഞു. വിപരീത സാഹപര്യങ്ങളോട് മല്ലടിച്ച് കൃഷി മാറോടണച്ച നിരവധി കൃഷിക്കാര്‍ പുരസ്‌കാരത്തിനായി അപേക്ഷിച്ചു. മികച്ച കര്‍ഷകന്‍, കര്‍ഷക, പരീക്ഷണാത്മക കര്‍ഷകന്‍ എന്നീ ഇനങ്ങളിലായിരുന്നു പുരസ്‌കാരം. നിരവധി പുതിയ രീതികളെ അറിയാന്‍ കഴിഞ്ഞു. മുപ്പതോളം മാനദണ്ഡങ്ങളാണ് ഏര്‍പ്പെടുത്തിയത്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു പുരസ്‌കാര നിര്‍ണ്ണയം. കാര്‍ഷിക രംഗത്തിന് ഉത്തേജനവും പ്രതീക്ഷയും നല്‍കുന്ന പുരസ്‌കാരം നല്‍കിയതിന് കൈരളി അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കെആര്‍ വിശ്വംഭരന്‍ പറഞ്ഞു.

KR-Viswambharan

ജോസഫ് പള്ളനാണ് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം. പിടി ആന്റണി, രഞ്ജിനി ജയദേവ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. മമ്മൂട്ടിയുടെ കുമരകത്ത് വച്ച ചോറാണ് ഞങ്ങള്‍ ഉണ്ടത്. ജൈവ കൃഷിയുടെ മഹാത്മ്യം ഇനിയും വളരണം. കേരളത്തിന് ഒരു പുതിയ ദിശാ ബോധം ഉണര്‍ത്തുവാന്‍ കൈരളിക്ക് കഴിയും. ഇത് ഒരു വലിയ പുരസ്‌കാരമായി മാറും. ആര്‍മിയില്‍നിന്ന് വിരമിച്ച് കര്‍ഷകനായി മാറിയ വ്യക്തയാണ് ജോസഫ് പള്ളന്‍. ആത്മാര്‍ത്ഥമായി കൃഷിയെ സംരക്ഷിച്ചവരാണ് ഓരോരുത്തരുമെന്നും കെആര്‍ വിശ്വംഭരന്‍ പറഞ്ഞു.

കൃഷിയില്‍ വ്യത്യസ്തത ഉള്‍ക്കൊണ്ട നിരവധി കര്‍ഷകരുണ്ടെന്ന് കൈരളി ടിവി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടിആര്‍ അജയന്‍ പറഞ്ഞു. അവരില്‍നിന്ന് മികച്ച കര്‍ഷകരെ തെരഞ്ഞെടുക്കുകയാണ് കതിര്‍ പുരസ്‌കാരത്തിന്റെ ലക്ഷ്യമെന്നും ടിആര്‍ അജയന്‍ പറഞ്ഞു.

പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ് നാട്ടിലെത്തി വെറ്റിലകൃഷി തുടങ്ങി; ജൈവവളം മാത്രം ഉപയോഗിച്ച് നൂറുമേനി വിളവുകൊയ്തു; കൈരളി പീപ്പിളിന്റെ കതിര്‍ അവാര്‍ഡ് നേടിയ ജോസഫ് പള്ളന്റെ വിജയഗാഥ

സ്വന്തം ഇച്ഛാശക്തി ഉപയോഗിച്ച് മനുഷ്യന് ഹാനികരമല്ലാത്ത കൃഷി ചെയ്ത് എങ്ങനെ കൃഷിയെ ലാഭകരമാക്കാം എന്നു ചിന്തിക്കുന്നവര്‍ക്ക് ഒരു പാഠമാണ് കൈരളി പീപ്പിളിന്റെ കതിര്‍ അവാര്‍ഡ് നേടിയ ജോസഫ് പള്ളന്റെ ജീവിതകഥ. 15 വര്‍ഷം പട്ടാളത്തിലായിരുന്നു ജോസഫ്. എന്നാല്‍, പട്ടാളത്തില്‍ നിന്ന് തിരിച്ചെത്തിയത് വെറുംകയ്യോടെയായിരുന്നു. എന്തുചെയ്യണം എന്ന് ആലോചിച്ച് വീട്ടിലിരുന്നപ്പോള്‍ അടുത്ത വീട്ടിലെ സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് കൃഷിയിലേക്ക് തിരിഞ്ഞത്. വെറ്റില കൃഷിയാണ് ആദ്യം തുടങ്ങിയത്.

Kathir-Awards

വെറ്റിലകൃഷിയില്‍ നിന്ന് തുടങ്ങി പട്ടുനൂല്‍പുഴു കൃഷി വരെ സകലതും ചെയ്തു നോക്കിയിട്ടുണ്ട്. കൃഷിയില്‍ സജീവമായി ഇടപെട്ടാണ് പരിശ്രമിച്ചത്. സമൂഹത്തിന് മാതൃകയാകാനായിരുന്നു ശ്രമം. മനുഷ്യന് ഹാനികരമല്ലാത്ത രീതിയില്‍ എങ്ങനെ കൃഷി ലാഭകരമാക്കാം എന്ന് ചിന്തിക്കുകയായിരുന്നു. ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്യുകയായിരുന്നു രീതി. എന്നാല്‍ ആവശ്യത്തിന് ജൈവമാലിന്യങ്ങള്‍ കിട്ടാനില്ല എന്നതാണ് പ്രശ്‌നം.

Kathir-Awards-1

ഗുരുവായൂരിലെ ആനപ്പിണ്ടം അടക്കം പല മാര്‍ഗങ്ങളുണ്ട്. ആനപ്പിണ്ടത്തില്‍ നിന്ന് ജൈവവളം ഉണ്ടാക്കുന്ന ഒരു രീതി കാര്‍ഷിക സര്‍വകലാശാല ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍, ഇതിന് പരിസ്ഥിതി വാദികള്‍ തടയിട്ടു. ഇതോടെ ആ പദ്ധതി മുടങ്ങി. എന്നാല്‍, സര്‍വകലാശാല ഇക്കാര്യം തന്നോടു സംസാരിച്ചു. ഇന്നു ടണ്‍ കണക്കിന് ആനപ്പിണ്ടം തന്റെ കൃഷിയിടത്തില്‍ എത്തിച്ച് വളമാക്കി മാറ്റി എടുക്കുന്നുണ്ട്.

താന്‍ മനസില്‍ കണ്ടത് മമ്മൂക്ക മാനത്ത് കണ്ടു എന്നാണ് ജോസഫ് പള്ളന്‍ പറഞ്ഞത്. ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കുന്നത് കണ്ടപ്പോള്‍ കര്‍ഷക പുരസ്‌കാരങ്ങള്‍ നല്‍കിക്കൂടെ എന്ന് തോന്നിയിരുന്നു. ഒന്നുമില്ലായ്മയില്‍ നിന്നാണ് ഇവിടെ വരെ എത്തിയത്. ആദ്യം കുടുംബത്തിന് നന്ദി പറയുന്നു. അച്ചടക്കമുള്ള ജീവിതം പഠിപ്പിച്ച പട്ടാള ജോലിയും തന്റെ കൃഷിയിലെ വിജയത്തിന് കാരണമായി. കൈരളി ടിവിക്ക് നന്ദിയുണ്ടെന്നും ജോസഫ് പറഞ്ഞു.

പുരസ്‌കാര ജേതാക്കളുടെ വീരഗാഥ പ്രചോദനമാകട്ടെയെന്ന് സൗമിനി ജയിന്‍

കര്‍ഷക ആത്മഹത്യ പോലെയുള്ള വാര്‍ത്തകളാണ് എന്നും വരുന്നത്. അതിനിടയിലാണ് കര്‍ഷകരെ ആദരിക്കാനുള്ള കൈരളി ടിവിയുടെ ഉദ്യമം. പുരസ്‌കാര ജേതാക്കളുടെ വാക്കുകള്‍ കേട്ടാല്‍ വിജയഗാഥ മനസിലാകും. കൈരളി എടുത്ത മുന്‍കൈയ്ക്ക് അഭിനന്ദനം. പുരസ്‌കാര ജേതാക്കള്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്നും ഇവരുടെ പ്രയത്‌നം മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെ എന്നും ആശംസിക്കുന്നു എന്നും കൊച്ചി മേയര്‍ സൗമിനി ജയിന്‍ പറഞ്ഞു.

Soumini-Jain

പി രാജീവ് പറയുന്നു

ജൈവ കൃഷിയുടെ പുതിയ സാധ്യതകളാണ് എറണാകുളത്തെ ജൈവകര്‍ഷകര്‍ തേടുന്നതെന്ന് പി രാജീവ്. കൊച്ചി ലുലു മാളിന്റെ സമീപത്തെ ജൈവ പച്ചക്കറി സ്റ്റാളില്‍ വ്യത്യസ്ത വിഭവങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ എറണാകുളം ജില്ല ജൈവ സ്വയംപര്യാപ്തത കൈവരിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു.

Kathirrr

കൈരളി ടിവി ഡയറക്ടറും കതിര്‍ പുരസ്‌കാരത്തിനുള്ള ജൂറി അംഗവുമായ പിഎ സിദ്ധാര്‍ത്ഥ മേനോന്‍ മികച്ച പരീക്ഷണാത്മക കര്‍ഷകനെ പ്രഖ്യാപിച്ചു. കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് അധ്യക്ഷനായിരുന്നു. കൊച്ചി മേയര്‍ സൗമിനി ജയിന്‍ മുഖ്യാതിഥിയായിരുന്നു. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്, ഡയറട്കര്‍മാരായ എംഎം മോനായി, സി കരുണാകരന്‍, പി അഹമ്മദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News