കുട്ടിക്രിക്കറ്റിന്റെ പെരുംപൂരത്തിന് ഇന്നു തുടക്കം; ആദ്യമത്സരം ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍; മത്സരം രാത്രി 7.30ന് നാഗ്പൂരില്‍

മുംബൈ: കുട്ടിക്രിക്കറ്റിന്റെ പെരുംപൂരത്തിന് ഇന്ന് ഇന്ത്യന്‍ മണ്ണില്‍ തുടക്കമാകും. പുതിയ ചാമ്പ്യന്‍മാരെ തേടിപ്പോകുന്ന ട്വന്റി-20 ലോകകപ്പ് ഇത്തവണ അതിന്റെ പതിവു തെറ്റിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ അഞ്ചു വട്ടവും ലോകകപ്പ് സഞ്ചരിച്ചത് അഞ്ചു രാഷ്ട്രങ്ങളിലേക്കായിരുന്നു. ആദ്യ ചാംപ്യന്‍മാരുടെ നാട്ടിലേക്കാണ് ഇത്തവണ മാമാങ്കം വീണ്ടും എത്തുന്നത്. കിരീടം തിരിച്ചു പിടിക്കാന്‍ ഇന്ത്യയുടെ സുവര്‍ണാവസരം.

പതിവു തെറ്റിച്ച് കപ്പ് ഇത്തവണ ഇന്ത്യയില്‍ തന്നെ ഇരിക്കണേ എന്നാണ് ഇന്ത്യയിലെ കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരുടെ പ്രാര്‍ത്ഥന. സാധ്യതകള്‍ കൂടി ക്ണക്കിലെടുത്താല്‍ ലോകകപ്പ് നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്ന ടീമും ഇന്ത്യ തന്നെ. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരെന്ന പട്ടവും ലോകത്തിലെ തന്നെ പേരുകേട്ട ബാറ്റിംഗ് നിരയും ബോളിംഗ് നിരയും ഇന്ത്യക്ക് തന്നെ കൂടുതല്‍ സാധ്യത കല്‍പിക്കുന്നു. ചോരാത്ത ഫീല്‍ഡിംഗും കൂടി ചേരുമ്പോള്‍ ഇന്ത്യയുടെ സാധ്യതകള്‍ ഏറും. ക്രിക്കറ്റിലെ കറുത്ത കുതിരകള്‍ എന്നു പേരുകേട്ട ന്യൂസിലന്‍ഡിനെയാണ് ഇന്ത്യക്ക് ആദ്യമത്സരത്തില്‍ നേരിടാനുള്ളത്. നാഗ്പൂരില്‍ രാത്രി 7.30നാണ് മത്സരം.

ടൂര്‍ണമെന്റിന്റെ സ്വഭാവം

രണ്ടു ഗ്രൂപ്പുകളിലായി 10 ടീമുകളാണ് പോരാട്ടത്തിന് തയ്യാറായിട്ടുള്ളത്. 7 വേദികളിലായി 23 മത്സരങ്ങള്‍ നടക്കും. ഏപ്രില്‍ 3ന് കൊല്‍ക്കത്തയിലാണ് കലാശപ്പോരാട്ടം. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കൊപ്പം യോഗ്യതാ റൗണ്ടിലെ അട്ടിമറി മികവുമായെത്തിയ അഫ്ഗാനിസ്ഥാനും ചേരുന്നതാണ് ഗ്രൂപ്പ് എ. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, പാക്കിസ്ഥാന്‍ എന്നിവരുടെ ബി ഗ്രൂപ്പിലേക്കു യോഗ്യത നേടിയതു ബംഗ്ലാദേശും. ഇതോടെ മത്സരചിത്രം തെളിഞ്ഞു.

പ്രവചനങ്ങള്‍ പാളുമോ?

ഇത് ട്വന്റി-20 ക്രിക്കറ്റാണ്. പ്രവചനങ്ങള്‍ക്ക് യാതൊരു പഴുതുമില്ല. സ്ഥാനവുമില്ല. തെറ്റിപ്പോകാന്‍ സാധ്യത കൂടുതല്‍. ആരു വേണേലും വാഴാം. ആരു വേണേലും വീഴാം. ഒന്നും പറയാന്‍ ഒക്കില്ല. കഴിഞ്ഞ 5 ചാമ്പ്യന്‍ഷിപ്പുകളിലും പ്രവചനങ്ങള്‍ അട്ടിമറിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ഇത്തവണ ഇത്തിരിക്കുഞ്ഞന്‍മാരായ അഫ്ഗാനിസ്താനെ മാത്രം മാറ്റി നിര്‍ത്തിയാല്‍ മറ്റ് ആര്‍ക്കും സാധ്യത തള്ളാനാകാത്ത സ്ഥിതി. കളിക്കുന്ന ടീമുകളില്‍ മിക്കതിലെയും താരങ്ങള്‍ക്ക് ഐപിഎല്ലില്‍ ഇന്ത്യയില്‍ കളിച്ചു പരിചയവുമുണ്ട്. ഇതിന് ഒരു അപവാദം അഫ്ഗാന്‍ മാത്രം. എന്നുകരുതി അവരെ അത്ര നിസാരമാക്കി തള്ളാനുമാകില്ല.

2007ല്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യ ലോകകപ്പില്‍ ചാംപ്യന്‍മാരായത് ഇന്ത്യയായിരുന്നു. പിന്നീടു നാലു തവണ പാകിസ്താന്‍, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവരും കിരീടമണിഞ്ഞു. ഇത്തവണ
ക്രിക്കറ്റ് വിദഗ്ധര്‍ ഏറ്റവും സാധ്യത കല്‍പിക്കുന്ന ടീം ഇന്ത്യയാകുമ്പോള്‍ കടലാസിലെ കരുത്ത് നോക്കിയാല്‍ ഇന്ത്യയ്‌ക്കൊപ്പം മികച്ച ടീമുകളാണ് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും. ന്യൂസീലന്‍ഡും വിന്‍ഡീസും ട്വന്റി20 സ്‌പെഷലിസ്റ്റുകള്‍ ഏറെയുള്ള ടീമുകള്‍. യോഗ്യതാ റൗണ്ടിലൂടെ എത്തിയ രണ്ട് ടീമുകളും അട്ടിമറി കരുത്തുള്ളവരാണെന്നു തെളിയിച്ചുകഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here