കാട്ടായിക്കോണത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി ആക്രമണം; കഴക്കൂട്ടം മണ്ഡലത്തില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍; തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: കാട്ടായിക്കോണത്ത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി ആക്രമണം. ആക്രമണത്തില്‍ എഴ് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ആക്രമണത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങളും ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി. മുരളീധരന്റെ സാന്നിധ്യത്തിലാണ് ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ പരുക്കേറ്റ സിപിഐഎം പ്രവര്‍ത്തകരെ സമീപത്തെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലം സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, തിരുവനന്തപുരം മേയര്‍ അഡ്വ. വികെ പ്രശാന്ത് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. അക്രമികളായ മുഴുവന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും എതിരെ നടപടി സ്വീകരിക്കണം എന്ന് കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ബിജെപി ആക്രമണത്തില്‍ പ്രതിഷേധിച്ച് കഴക്കൂട്ടം മണ്ഡലത്തില്‍ എല്‍ഡിഎഫ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് ജില്ലാ തലത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍നിന്ന് കൊണ്ടുവന്ന അക്രമി സംഘത്തെ ഉപയോഗിച്ചാണ് കാട്ടായിക്കോണം പ്രദേശത്ത് ബിജെപി അക്രമണം അഴിച്ചവിട്ടതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

എല്‍ഡിഎഫ് കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകിട്ട് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മരവിപ്പിച്ച് വച്ചിരുന്ന തിരുവനന്തപുരം മാസ്റ്റര്‍പ്ലാന്‍ പുനസ്ഥാപിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഫെബ്രുവരി 3ന് കൂടിയ മന്ത്രിസഭാ യോഗമാണ് മാസ്റ്റര്‍ പ്ലാന്‍ പുനസ്ഥാപിക്കാന്‍ തീരുമാനമെടുത്തത്. സ്ഥലം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എംഎ വാഹിദിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരായാണ് എല്‍ഡിഎഫ് മാര്‍ച്ച് നടത്തിയത്. തുടര്‍ന്നായിരുന്നു എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel