ദില്ലി: ആദ്യമായി എവറസ്റ്റ് കീഴടക്കിയ എഡ്മണ്ട് ഹിലരിയെന്ന ന്യൂസിലന്റുകാരനെകുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. എന്നാല്‍ മൂന്ന് തവണ എവറസ്റ്റ് കൊടുമുടി കീഴടക്കി ഇന്ത്യയുടെ അഭിമാനമാവുകയാണ് കണ്ണൂര്‍ സ്വദേശി ഉണ്ണിക്കണ്ണന്‍. നാലാം തവണ എവറസ്റ്റ് കീഴടക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ കരസേനയിലെ അഭിമാനതാരമായ ഈ മലയാളി.

ചിലര്‍ ഇങ്ങനെയാണ്. പോരാടാന്‍ വേണ്ടി മാത്രം ജനിച്ചവര്‍. സമുദ്ര നിരപ്പില്‍ നിന്ന് 8848 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയില്‍ ഇന്ത്യന്‍ കരസേനയുടെ പ്രത്യേക സംഘം മൂന്ന് തവണ ദേശീയ പതാക പാറിച്ചു. മുന്നില്‍ നിന്ന് നയിക്കാന്‍ മൂന്ന് തവണയും ഒരു മലയാളി ഉണ്ടായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ഉണ്ണിക്കണ്ണനാണ് കരസേനയിലെ ഈ അഭിമാന താരം.

നാലിലൊന്നു ജീവവായു പോലും ലഭിക്കാത്ത പാതയില്‍ ഇന്ത്യന്‍ ആര്‍മ്മിയുടെ കൃത്യമായ പരിശിലത്തിലൂടെയാണ് നേരിടാനായത്. മൂന്നാമത്തെ സാഹസികയാത്രക്കിടയിലാണ് നേപ്പാള്‍ ഭൂമികുലുക്കം ഉണ്ടായത്. മഞ്ഞുമലകള്‍ കൂട്ടത്തോടെ ആഞ്ഞടിച്ചിട്ടു, സഹയാത്രികരെ ഗുരുതരമായി പരുക്കേല്‍പിച്ചു, മൃതശരീരങ്ങള്‍ കണ്‍മുന്നില്‍ കണിയൊരുക്കി. മനസില്‍ സൈന്യം പകര്‍ന്ന് നല്‍കിയ ആത്മവിശ്വാസം പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍ സഹായിച്ചെന്നും ഉണ്ണി പറയുന്നു.

വീണ്ടും നാലാമത്തെ സഹയാത്രയ്ക്ക് ഒരുങ്ങുകയാണ് ഈ അഭിമാന പോരാളി. മാര്‍ച്ച് 28ന് ബേസ് ക്യാമ്പില്‍ നിന്ന് യാത്ര ആരംഭിക്കും. ചരിത്രത്തിന്റെ ഭാഗമായിട്ടും രാജ്യത്തിന്റെ പോരാളിയാകാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലാണ് ഈ മലയാളി സൈനികന്‍.