മാണിയുടെ യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചനിലയില്‍; മകനെ മര്‍ദ്ദിച്ച് കൊന്ന ശേഷം റോഡിലുപേക്ഷിച്ചതാണെന്ന് അമ്മ വിലാസിനി

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) കുടുംബയോഗത്തില്‍ പരാതി പറയാന്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മര്‍ദനമേറ്റ് മരിച്ചനിലയില്‍. രാമപുരം വെള്ളിലാപ്പള്ളി വളക്കാട്ടുകുന്ന് കോളനിയില്‍ വള്ളിയാരകത്ത് കുട്ടപ്പന്റെ മകന്‍ പ്രമോദാണ്(43)മരിച്ചത്. വളക്കാട്ടുകുന്ന് കോളനിക്ക് സമീപത്തെ റോഡില്‍ തിങ്കളാഴ്ച രാവിലെ ആറോടെയാണ് പ്രമോദിന്റെ മൃതദേഹം കണ്ടത്. റോഡരികില്‍ മണ്ണില്‍ കമിഴ്ന്നുകിടന്ന മൃതദേഹം മകനെ അന്വേഷിച്ചെത്തിയ അമ്മ വിലാസിനിയാണ് കണ്ടത്. മൂക്കിലും വായിലും രക്തം വാര്‍ന്നും നാഭിയിലും നെഞ്ചത്തും ചതവേറ്റ നിലയിലുമായിരുന്നു. അയല്‍വാസിയും ഐന്‍ടിയുസി വാര്‍ഡ് പ്രസിഡന്റുമായ സുഹൃത്ത് രാജേഷിനൊപ്പം ഞായറാഴ്ച രാത്രി എട്ടോടെയാണ് പ്രമോദ് യോഗത്തിനു പോയത്.

രാമപുരം പഞ്ചായത്ത് വെള്ളിലാപ്പള്ളി വാര്‍ഡ് അംഗമായ കേരള കോണ്‍ഗ്രസ് പ്രതിനിധി ജെസമ്മ ചെറിയാന്റെ വസതിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു കുടുംബസംഗമം. കെഎം മാണിയും മകന്‍ ജോസ് കെ മാണി എംപിയും പങ്കെടുത്തിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പരാതികളും അപേക്ഷകളും നല്‍കാന്‍ അവസരമുണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പ് പ്രമോദിന്റെ വീടിന് ഇടിമിന്നലേറ്റ് നാശനഷ്ടം സംഭവിച്ചിരുന്നു. ഇതിന്റെ നഷ്ടപരിഹാരം ലഭിക്കാത്തത് സംബന്ധിച്ച് എംഎല്‍എയോട് പരാതി പറയാനാണ് ഐഎന്‍ടിയുസി തൊഴിലാളികൂടിയായ പ്രമോദ് എത്തിയത്.

യോഗസ്ഥലത്ത് എത്തി മദ്യപിച്ച പ്രമോദ് കെഎം മാണിയോട് പരാതി പറയാന്‍ ശ്രമിച്ചപ്പോള്‍ നേതാക്കള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ബലപ്രയോഗവും മര്‍ദനവും ഉണ്ടായതായും ദൃക്‌സാക്ഷികള്‍ പറയുന്നു. രാജേഷ് രാത്രി ഒമ്പതരയോടെ ഒറ്റയ്ക്ക് മടങ്ങിയതായും താന്‍ പോരുമ്പോള്‍ പ്രമോദ് കാര്‍പോര്‍ച്ചില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടതായും ഇയാള്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

മൃതദേഹം കണ്ട സ്ഥലത്ത് അസ്വാഭാവികമായി ഒന്നുമില്ലെന്നും എന്നാല്‍ വാഹനത്തില്‍ കൊണ്ടുവന്ന് മൃതദേഹം റോഡില്‍ കിടത്തിയതാകാമെന്ന് നാട്ടുകാര്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ എട്ടോടെ സ്ഥലത്ത് എത്തിയ രാമപുരം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം നീക്കംചെയ്യാന്‍ ശ്രമിച്ചത് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ ആംബുലന്‍സുമായാണ് പൊലീസ് എത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താതെ മൃതദേഹം നീക്കാന്‍ അനുവദിക്കില്ലന്ന്് നാട്ടുകാര്‍ പറഞ്ഞു. പത്തരയോടെ പാലാ ഡിവൈഎസ്പി ഡിഎസ് സുനീഷ്ബാബുവിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസും പിന്നീട് കോട്ടയത്തുനിന്ന് പൊലീസ് നായയും ഫോറന്‍സിക് വിദഗ്ദ്ധരും ഉള്‍പ്പെടെ എത്തി തെളിവെടുപ്പ് നടത്തിയശേഷമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കേരള കോണ്‍ഗ്രസുകാര്‍ ആരും സ്ഥലത്തെത്തിയില്ലെന്നും ആരോപണമുണ്ട്.

തന്റെ മകനെ മര്‍ദ്ദിച്ച് കൊന്ന ശേഷം റോഡിലുപേക്ഷിച്ചതാണെന്ന് മാതാവ് വിലാസിനി പറഞ്ഞു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News