മദര്‍ തെരേസ സെപ്തംബര്‍ നാലിന് വിശുദ്ധയാകും; പ്രഖ്യാപനം വത്തിക്കാനില്‍; തീരുമാനത്തിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അംഗീകാരം

വത്തിക്കാന്‍: പാവങ്ങളുടെ അമ്മ മദര്‍ തെരേസയെ സെപ്തംബര്‍ നാലിന് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തും. വത്തിക്കാനില്‍ നടക്കുന്ന ചടങ്ങിലാകും വിശുദ്ധയാക്കുന്നത്. വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അംഗീകാരം നല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ 18നാണ് മദര്‍ തെരേസയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനമെടുത്തത്. മദര്‍ തെരേസയുടെ പുണ്യപ്രവര്‍ത്തനങ്ങള്‍ അത്ഭുതമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്ന് അംഗീകരിച്ചു. മദര്‍ തെരേസെയുടെ മധ്യസ്ഥ പ്രാര്‍ത്ഥനയില്‍ നടന്ന രണ്ടാമത്തെ അത്ഭുതം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചതോടെയാണ് വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയത്.

പാവങ്ങളുടെ അമ്മ എന്നറിയപ്പെട്ടിരുന്ന മദര്‍ തെരേസയെ നേരത്തെ വാഴ്ത്തപ്പെട്ടവളായി വത്തിക്കാന്‍ പ്രഖ്യാപിച്ചു. 1910 ആഗസ്റ്റ് 26ന് അല്‍ബേനിയയില്‍ ജനിച്ച് ഇന്ത്യ പ്രവര്‍ത്തന കേന്ദ്രമാക്കി മാറ്റിയ മദര്‍ 1997 സെപ്തംബര്‍ 5ന് അന്തരിച്ചു. മദര്‍ മരിച്ച് ഒരു വര്‍ഷത്തിന് ശേഷമുള്ള സംഭവമാണ് അത്ഭുതമായി പരിഗണിച്ചത്. മോണിക്ക ബസ്ര എന്ന ബംഗാളി സ്ത്രീയുടെ ക്യാന്‍സര്‍ പ്രാര്‍ത്ഥനയിലൂടെ സുഖപ്പെടുത്തിയെന്നാണ് പറയപ്പെടുന്നത്. ബ്രസീലുകാരനായ യുവാവിന് മദര്‍ തെരേസയുടെ മധ്യസ്ഥ പ്രാര്‍ത്ഥന വഴി തലച്ചോറിലെ അര്‍ബുദം സുഖപ്പെട്ടു. ഇവ രണ്ടും പോപ്പ് അംഗീകരിച്ചു.

അന്തരിച്ച് ഏഴ് വര്‍ഷത്തിനിടെയാണ് മദറിനെ വാഴ്ത്തപ്പെട്ടവളുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ മരണാനന്തരം ഏറ്റവും വേഗത്തില്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിയ്ക്കുന്ന ആദ്യ വ്യക്തിയാണ് മദര്‍ തെരേസ. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് കൊല്‍ക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്ന പേരില്‍ മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നൊബേല്‍ പുരസ്‌കാരം ഉള്‍പ്പടെ ധാരാളം ബഹുമതികള്‍ക്ക് മദര്‍ തെരേസ അര്‍ഹയായിട്ടുണ്ട്. അമേരിക്കയിലെ ജനങ്ങള്‍ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയില്‍ മദര്‍ തെരേസ ഉള്‍പ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News