ഇന്ത്യക്കാരുടെ സ്‌നേഹത്തെ വാഴ്ത്തി പുലിവാലു പിടിച്ചു; വിശദീകരണവുമായി അഫ്രീദി; ക്രിക്കറ്റ് എല്ലാവരെയും ഒന്നിപ്പിക്കുമെന്നാണ് ഉദ്ദേശിച്ചത്

ദില്ലി: ഇന്ത്യക്കാര്‍ ഏറെ സ്‌നേഹമുള്ളവരാണെന്നു പറഞ്ഞ് പുലിവാലു പിടിച്ച ഷാഹിദ് അഫ്രീദി വിശദീകരണവുമായി രംഗത്തെത്തി. പാകിസ്താനിലേതിനേക്കാള്‍ സ്‌നേഹം ലഭിച്ചെന്നായിരുന്നു അഫ്രീദിയുടെ പ്രസ്താവന. ഇതിനെതിരെ ജാവേദ് മിയാന്‍ദാദും പാകിസ്താന്റെ കോച്ചും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെയും രംഗത്തെത്തിയിരുന്നു. രാജ്യത്തിനെതിരായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് അഫ്രീദി പറഞ്ഞു. ഇന്ത്യയിലെ ആരാധകരോടുള്ള ബഹുമാന സൂചകമായി നല്ല സന്ദേശം കൊടുക്കാനാണ് ഉദ്ദേശിച്ചത്.

പാകിസ്താന്‍ ടീമിന്റെ ക്യാപ്റ്റന്‍ എന്നതിലുപരി എല്ലാ പാകിസ്താന്‍ ജനങ്ങളുടെയും പ്രതിനിധിയാണ് ഞാന്‍. എന്റെ പ്രസ്താന നല്ല സന്ദേശം പകരണം എന്നാണ് ഉദ്ദേശിച്ചത്. പാകിസ്താനി ആരാധകരെക്കാള്‍ മുകളിലാണ് മറ്റാരെങ്കിലും എന്നതിന് അര്‍ഥമില്ല. എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് ഒരു പോസറ്റീവായ പ്രസ്താവനയാണ് ഞാന്‍ പറഞ്ഞത്. പക്ഷേ, ചിലയാളുകള്‍ക്ക് അത് നെഗറ്റീവായി തോന്നിയതാണെന്നും അഫ്രീദി വ്യക്തമാക്കി. പാക് ക്രിക്കറ്റ് ബോര്‍ഡിനു നല്‍കിയ വിശദീകരണ കുറിപ്പിലാണ് അഫ്രീദി നിലപാടു വ്യക്തമാക്കിയത്.

മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി പോസിറ്റീവായ ഒരു കാര്യമാണ് താന്‍ പറഞ്ഞത്. വസിം അക്രവും വഖാര്‍ യൂനുസും ഇന്‍സമാം ഉള്‍ ഹഖും സമാനമായ അനുഭവം പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും നല്ല ബഹുമാനം ലഭിച്ചിട്ടുണ്ട്. ക്രിക്കറ്റിന് വലിയ പ്രധാന്യമാണ് ഇന്ത്യക്കാര്‍ നല്‍കുന്നത്. ഇമ്രാന്‍ ഖാനോടും ഇക്കാര്യം ചോദിക്കാം. ക്രിക്കറ്റിനെ മതം പോലെ കാണുന്നവരാണ് ഇന്ത്യക്കാരെന്നും അഫ്രീദി പറഞ്ഞു.

കൊല്‍ക്കത്തയില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് അഫ്രീദി ഇന്ത്യയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. ഇന്ത്യയില്‍ കളിക്കുന്നിടത്തോളം ആസ്വദിച്ചു മറ്റൊരിടത്തും ഞാന്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇന്ത്യയില്‍ ലഭിച്ച സ്‌നേഹം എക്കാലവും ഞാന്‍ ഓര്‍ക്കും. ഇന്ത്യയില്‍ ലഭിച്ചതു പോലുള്ള സ്‌നേഹം പാകിസ്താനില്‍ പോലും ലഭിച്ചിട്ടില്ലെന്നും അഫ്രീദി പറഞ്ഞിരുന്നു. ഇതാണു പിന്നീട് വിവാദമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News