മാധവിക്കുട്ടിയാകുന്ന വിദ്യാബാലന് നായകന്‍ പ്രിഥ്വിരാജ്; സസ്‌പെന്‍സ് പൊളിച്ച് സംവിധായകന്‍ കമല്‍; എന്റെ കഥയ്ക്കു മുമ്പും ശേഷവുമെന്ന രണ്ടുഭാഗങ്ങളായി സിനിമ

ലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ മാധവിക്കുട്ടിയായെത്തുന്ന വിദ്യാബാലന് നായകന്‍ പ്രിഥ്വിരാജ്. താന്‍ മാധവിക്കുട്ടിയായി അഭിനയിക്കാന്‍ പോവുകയാണെന്നു മാസങ്ങള്‍ക്കു മുമ്പു മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ വിദ്യാബാലന്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം സംവിധായകന്‍ കമല്‍ സ്ഥിരീകരിച്ചുകൊണ്ടാണ് നായകന്റെ പേരു പ്രഖ്യാപിച്ചത്.

പ്രിഥ്വിരാജിന്റെ ഡേറ്റ് കിട്ടിയെന്നും കമല്‍ വ്യക്തമാക്കി. ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാമെന്നാണ് കമലിന്റെ പ്രതീക്ഷ. നേരത്തേ, മലയാളസിനിമയുടെ പിതാവ് ജെ സി ദാനിയേലിന്റെ ജീവിതം സെല്ലുലോയ്ഡ് എന്ന പേരില്‍ അഭ്രപാളിയിലേക്കു പകര്‍ത്തിയതും കമലായിരുന്നു. മുരളി ഗോപിയായിരിക്കും മാധവിക്കുട്ടിയുടെ ഭര്‍ത്താവിന്റെ വേഷമണിയുക.

എന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. എന്റെ കഥയ്ക്കു മുമ്പുള്ള മാധവിക്കുട്ടിയുടെ ജീവിതമായിരിക്കും സിനിമയുടെ ആദ്യപകുതി. രണ്ടാം പകുതിയിലായിരിക്കും എന്റെ കഥയ്ക്കു ശേഷമുള്ള വിവാദങ്ങളും കമലാ സുരയ്യയുള്ള മാറ്റവുമൊക്കെ പ്രതിപാദിക്കുക. മലയാളത്തില്‍ ആദ്യമായി ഒരു വനിതയുടെ ജീവിതത്തെ ആസ്പദമാക്കി എടുക്കുന്ന ചിത്രമായിരിക്കും ഇത്.

പേരിട്ടിട്ടില്ലാത്ത ചിത്രം മലയാളത്തിലും ഇംഗ്ലീഷിലും ചിത്രീകരിക്കുന്നുണ്ട്. കേരളത്തിനു പുറത്തുള്ള പ്രേക്ഷകരെക്കൂടി ലക്ഷ്യമിട്ടാണ് വിദ്യാബാലനെ കമല്‍ നായികയാക്കിയിരിക്കുന്നത്. മലയാളികള്‍ മാത്രമല്ല, കമലയുടെ ആരാധകര്‍ എന്നാണ് കമല്‍ പറയുന്നത്. രണ്ടു വര്‍ഷമായി ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. മാധവിക്കുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പലരുമായും ചര്‍ച്ച ചെയ്തും അവരുടെ കൃതികള്‍ വീണ്ടും വായിച്ചുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here