കൈരളി ടിവി ഡോക്ടേഴ്‌സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു; പിഎ ലളിത, ഷാഹിര്‍ ഷാ, വൈഎസ് മോഹന്‍ കുമാര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി; സമ്മാനിച്ചത് ചെയര്‍മാന്‍ മമ്മൂട്ടി

തിരുവല്ല: കൈരളി ടിവി ഡോക്ടേഴ്‌സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഡോ. പിഎ ലളിത, ഡോ. ഷാഹിര്‍ ഷാ, ഡോ. വൈഎസ് മോഹന്‍ കുമാര്‍ എന്നിവര്‍ ഡോക്ടേഴ്‌സ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഡോ. ബി ഇഖ്ബാല്‍ അധ്യക്ഷനും ഡോ. വി രാമന്‍കുട്ടി, ടി പാര്‍വതി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തിലെ പ്രൗഡ ഗംഭീരമായ ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

Doctors-Awards

സന്നദ്ധമോഖലയിലെ സേവനത്തിനാണ് ഡോ. വൈഎസ് മോഹന്‍ കുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് ഡോ. വൈഎസ് മോഹന്‍കുമാര്‍. സ്വകാര്യമേഖലയിലെ സേവനത്തിനാണ് ഡോ. പിഎ ലളിതയ്ക്ക് പുരസ്‌കാരം നല്‍കിയത്. സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനായാണ് ഡോ. പിഎ ലളിത പ്രവര്‍ത്തിച്ചത്.

Dr-Lalitha

സര്‍ക്കാര്‍ മേഖലയിലെ സ്തുത്യര്‍ഹ സേവനത്തിനാണ് ഡോ. ഷാഹിര്‍ഷായ്ക്ക് പുരസ്‌കാരം നല്‍കിയത്. പുനലൂര്‍ താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയും മികച്ച ആരോഗ്യ സേവനം നല്‍കുകയും ചെയ്യുന്ന ഡോക്ടറാണ് ഡോ. ഷാഹിര്‍ ഷാ. പുരസ്‌കാര തുക പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ വിശക്കുന്ന രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്ന പാഥേയം പദ്ധതിയിലേക്ക് നല്‍കുമെന്ന് ഡോ. ഷാഹിര്‍ ഷാ പറഞ്ഞു.

Dr.-Shahir-Shah

പുരസ്‌കാരമല്ല, ഇത് സേവനങ്ങള്‍ക്കുള്ള കാണിക്ക മാത്രമെന്ന് മമ്മൂട്ടി

ഡോക്ടര്‍മാര്‍ക്ക് പുരസ്‌കാരം കൊടുക്കുക എന്നത് പുരസ്‌കാരമല്ല, അവരുടെ സേവനങ്ങള്‍ക്ക് കാണിക്ക വയ്ക്കുന്ന നന്ദിയാണെന്ന് മലയാളം കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ മമ്മൂട്ടി പറഞ്ഞു. എല്ലാ മേഖലയിലും പുരസ്‌കാരങ്ങളും അംഗീകാരങ്ങളും കിട്ടാറുണ്ട്. എന്നാല്‍, വൈദ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇവരെ നമ്മള്‍ ഓര്‍ക്കുന്നുണ്ടെങ്കിലും അംഗീകാരങ്ങള്‍ തേടിയെത്താറില്ല. അവര്‍ അത് ആഗ്രഹിക്കുന്നില്ല എന്നത് ഒരു വാസ്തവമാണ്. ഡോക്ടര്‍മാര്‍ക്ക് പുരസ്‌കാരം കൊടുക്കുന്നതിലൂടെ അവരെ നന്ദിയോടെ ഓര്‍ക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് പുരസ്‌കാരമല്ല. കാണിക്ക വയ്ക്കുന്ന ഞങ്ങളുടെ നന്ദി മാത്രമാണ്. പുരസ്‌കാരമായോ അംഗീകാരമായോ കാണരുതെന്നും മമ്മൂട്ടി പറഞ്ഞു. പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

Mammootty

ഒരുപാട് മാറാരോഗങ്ങള്‍ക്കും മഹാരോഗങ്ങള്‍ക്കും ഇന്നു മരുന്നുകള്‍ കണ്ടെത്തപ്പെടുന്നുണ്ട്. ഒരു ജീവന്‍ രക്ഷിക്കാന്‍ എത്രയോ പേര്‍ കഷ്ടപ്പെടുന്നു. ജീവന്റെ വില നമ്മുടെ കണ്‍മുമ്പില്‍ തന്നെ എത്രയോ തവണ കണ്ടിട്ടുണ്ട്. ആശുപത്രിയുടെ പരിസരത്ത് എത്രയോ നെടുവീര്‍പ്പുകളും വേദനകളും കാണുന്നു. ആളുകളെ യാതൊരു മനസ്സാക്ഷിയും ഇല്ലാതെ കൊല്ലുന്നുവര്‍ ഇത്തരം കഷ്ടപ്പാടുകള്‍ ഒന്നും ആലോചിക്കുന്നില്ല. ഡോക്ടര്‍മാരുടെ സേവനത്തെ അംഗീകരിക്കാനും മനസ്സുണ്ടാകണമെന്നും മമ്മൂട്ടി പറഞ്ഞു.

നിസ്വാര്‍ത്ഥ സേവനം നടത്തുന്നവര്‍ക്കുള്ള അംഗീകാരമെന്ന് ജോണ്‍ ബ്രിട്ടാസ്

ഏറ്റവും അധികം വിവാദം സൃഷ്ടിക്കുന്നതും കുപ്രസിദ്ധി ആര്‍ജ്ജിച്ചതുമായ വെട്ടിപ്പുകള്‍ ആരോഗ്യമേഖലയിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം ഇതിന്റെ ഭാഗമാണ്. നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ഡോക്ടര്‍മാരെ കണ്ടെത്തി അംഗീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡോക്ടേഴ്‌സ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. പരിസരം വ്യത്തിയാക്കിയാല്‍ രക്ഷപെടാവുന്ന വിഷമങ്ങളേ നമുക്കുള്ളൂ. പരിസരത്തെ തിരിച്ചറിഞ്ഞ് ആരോഗ്യം സംരക്ഷിക്കാന്‍ തയ്യാറാകണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

John-Brittas

ആരോഗ്യരംഗത്ത് സര്‍ക്കാര്‍ മേഖല മുരടിച്ച് നില്‍ക്കുകയാണ് എന്ന് ജൂറി അധ്യക്ഷന്‍ ഡോ. ബി ഇഖ്ബാല്‍ പറഞ്ഞു. കാലഘട്ടത്തിന് അനുസരിച്ച് വളര്‍ച്ച നേടാന്‍ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് കഴിഞ്ഞില്ലെന്നും ഡോ. ബി ഇഖ്ബാല്‍ പറഞ്ഞു.

Dr.-B-Iqbal

തന്റെ രോഗികളെ കാണുമ്പോള്‍ പണത്തോടും പദവിയോടുമുള്ള ആസക്തി ഇല്ലാതാകുമെന്ന് ഡോ. വൈഎസ് മോഹന്‍കുമാര്‍

മെഡിക്കല്‍ കോളജിലോ മറ്റു ആശുപത്രികളിലോ ജോലി ചെയ്യാതെ റൂറല്‍ സര്‍വീസില്‍ ജോലി ചെയ്യുന്നതിനെ മാതാപിതാക്കള്‍ ആദ്യം എതിര്‍ത്തിരുന്നു. എന്നാല്‍ ഗാന്ധിജിയുടെ ജീവിതരീതിയാണ് തന്റെ മനസ്സിലുണ്ടായിരുന്നത്. ലളിതമായി ജീവിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് റൂറല്‍ ഏരിയയിലെ സര്‍വീസ് തെരഞ്ഞെടുത്തത്. വലിയ ആശുപത്രികളില്‍ ജോലി ചെയ്യാന്‍ തനിക്ക് അവസരം ഉണ്ടായിരുന്നു. മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യാന്‍ അവസരം ഉണ്ടായിരുന്നു. എന്നാല്‍, തന്റെ രോഗികളെ കാണുമ്പോള്‍ ആ പ്രലോഭനങ്ങള്‍ എല്ലാം താന്‍ മറികടക്കും. അപ്പോഴാണ് പണത്തോട് ആഗ്രഹമില്ലാതെ പോകുന്നത്. തന്നേക്കാള്‍ അര്‍ഹരായവര്‍ ഉണ്ടായിട്ടും തനിക്ക് പുരസ്‌കാരം തന്നത് ഗ്രാമീണ മേഖലയില്‍ സേവനം കൂടുതല്‍ ഊര്‍ജിതപ്പെടുത്താന്‍ തനിക്ക് പ്രേരണയാകുമെന്നും ഡോ. വൈഎസ് മോഹന്‍കുമാര്‍ പറഞ്ഞു.

Dr.Ys-Mohan-Kumar

സ്ഥാപനത്തിനായി ചോരയും നീരും നല്‍കിയ ജീവനക്കാര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നതായി ഡോ.പി.എ ലളിത

സ്‌നേഹമാണ് ഏറ്റവും വലുതെന്നും സ്‌നേഹം കൊണ്ട് എല്ലാവരെയും ജയിക്കാമെന്നും പഠിപ്പിച്ചത് തന്റെ അമ്മയാണ്. ആ അമ്മയുടെ നാടായ തിരുവല്ലയില്‍ നിന്നു തന്നെ പുരസ്‌കാരം വാങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ആണ്‍കുട്ടികള്‍ക്കു കിട്ടുന്ന പരിഗണന നല്‍കി തന്നെ വളര്‍ത്തിയത് അച്ഛനാണ്. അതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കാന്‍ തനിക്കു പറ്റുന്നത്. ഈ സമയത്ത് അച്ഛനെയും ഓര്‍ക്കുന്നു. മുത്തശ്ശിയാണ് തന്നെ വളര്‍ത്തി വലുതാക്കിയത്. തന്റെ മനസ്സില്‍ കമ്യൂണിസത്തിന്റെ വിത്തുവിതച്ചത്.

എന്റെ ആശുപത്രിയിലുള്ളവരുടെ ചോരയും വിയര്‍പ്പുമാണ് എന്റെ സ്ഥാപനം എന്ന് എനിക്കറിയാം. അവരുടെ സ്‌നേഹവും ദുഃഖവും സന്തോഷവും എന്റേതു കൂടിയാണ്. അതുകൊണ്ട് പുരസ്‌കാരം അവര്‍ക്ക് സമര്‍പ്പിക്കുന്നതായും ഡോ.ലളിത പറഞ്ഞു.

Dr.-PA-Lalitha

വിശക്കുന്നവന് ഭക്ഷണം നല്‍കുന്ന പാഥേയം പദ്ധതിയിലേക്ക് പുരസ്‌കാരത്തുക നല്‍കുമെന്ന് ഡോ. ഷഹീര്‍ ഷാ

സാധാരണക്കാരുടെ സങ്കടങ്ങള്‍ കാണാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സാധിക്കും. അങ്ങനെ അവരുടെ സങ്കടങ്ങള്‍ കണ്ടതില്‍ നിന്നാണ് അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കൊടുക്കാന്‍ കഴിഞ്ഞ 5 വര്‍ഷമായി ശ്രമിച്ചു കൊണ്ടിരുന്നത്. അതിനുള്ള അംഗീകാരമായി ഞാന്‍ ഈ പുരസ്‌കാരത്തെ കാണുന്നു. വിശക്കുന്നവന് ഒരുനേരത്തെ ഭക്ഷണം എന്ന പദ്ധതിയാണ് പാഥേയം. അതിലേക്ക് പുരസ്‌കാരത്തുക സംഭാവനയായി നല്‍കുന്നു.

തുടക്കം മുതല്‍ എല്ലാ പിന്തുണയുമായി ഭാര്യ സിന്ധ്യയും മകള്‍ മാളവികയും ഉണ്ട്. പിന്നെ ഒരു പരിച പോലെ ആശുപത്രിയിലെ ജീവനക്കാരും പരിസരത്തുള്ളവരും. എല്ലാവര്‍ക്കുമായി പുരസ്‌കാരം സമര്‍പ്പിക്കുന്നതായി ഡോ.ഷഹീര്‍ ഷാ പറഞ്ഞു.

Dr.-Shahir-Shah

കൈരളി ടിവി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടിആര്‍ അജയന്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ബിലീവേഴ്‌സ് ചര്‍ച്ച് മെത്രാപൊലീത്ത ഡോ. കെപി യോഹന്നാന്‍ മുഖ്യാതിഥിയായിരുന്നു. എംഎല്‍എമാരായ മാത്യൂ ടി തോമസ്, രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാ ദേവി, കെ അനന്തഗോപന്‍, ഐഎംഎ സംസ്ഥാന പ്രസിഡന്റ് ജയകൃഷ്ണന്‍ എവി, ഡയറക്ടര്‍ പിഎ സിദ്ധാര്‍ത്ഥ മേനോന്‍, കൈരളി ടിവി സീനിയര്‍ ഡയറക്ടര്‍ (ടെക്‌നിക്കല്‍ ആന്‍ഡ് ഫിനാന്‍സ്) എം വെങ്കിട്ടരാമന്‍, ഡോ. ജോര്‍ജ് ചാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News