കരുണ എസ്‌റ്റേറ്റ് വിവാദം; സര്‍ക്കാരിന്റെ ഒരു കൊള്ളയ്ക്കും കൂട്ടുനില്‍ക്കാനാകില്ലെന്ന് സുധീരന്‍ കെപിസിസി യോഗത്തില്‍; യോഗത്തിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി

തിരുവനന്തപുരം: കരുണ എസ്റ്റേറ്റ് വിവാദത്തില്‍ കെപിസിസി യോഗത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. സര്‍ക്കാരിന്റെ ഒരു കൊള്ളയ്ക്കും കൂട്ടുനില്‍ക്കാനാകില്ലെന്നു സുധീരന്‍ വ്യക്തമാക്കി. കരുണ, മെത്രാന്‍ കായല്‍ വിഷയങ്ങളിലാണ് സുധീരന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ന്യായമായ വിഷയങ്ങളില്‍ പാര്‍ട്ടി സര്‍ക്കാരിനൊപ്പം നിന്നിട്ടുണ്ട്. എന്നാല്‍, കൊള്ളയ്ക്ക് കൂട്ടുനില്‍ക്കാനാകില്ല. തീരുമാനങ്ങള്‍ എല്ലാം പുനഃപരിശോധിക്കണം. വിവാദ നടപടികള്‍ എല്ലാം പിന്‍വലിക്കണം. ഇക്കാര്യത്തില്‍ എജിയുടെ നിയമോപദേശം തേടേണ്ടതില്ലെന്നും സുധീരന്‍ വ്യക്തമാക്കി. സുധീരന്‍ സംസാരിച്ചു തുടങ്ങും മുമ്പുതന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ നിന്ന് ഇറങ്ങിയിരുന്നു.

സോളാര്‍ കേസ് ചൂണ്ടിക്കാട്ടിയാണ് യോഗത്തില്‍ ന്യായമായ കാര്യങ്ങളില്‍ പാര്‍ട്ടി ഒപ്പം നില്‍ക്കുമെന്ന് സുധീരന്‍ പറഞ്ഞത്. സോളാറില്‍ മന്ത്രിമാരെ റോഡിലിട്ട് വലിച്ചപ്പോള്‍ പാര്‍ട്ടി ഒപ്പം നിന്നിട്ടുണ്ട്. അടൂര്‍ പ്രകാശിന്റെ വസ്തുവിന് താന്‍ കരം അടച്ചാല്‍ എങ്ങനെ ശരിയാകുമെന്ന് സുധീരന്‍ ചോദിച്ചു. അതുപോലെയാണ് സര്‍ക്കാരിന്റെ ഭൂമിക്ക് കരം അടയ്ക്കാന്‍ സ്വകാര്യ വ്യക്തിക്ക് അനുമതി നല്‍കുന്നത്. അഴിമതിയുടെ അന്തരീക്ഷമാണ് എങ്ങും. ഇത് അംഗീകരിക്കാനാകില്ലെന്നും സുധീരന്‍ പറഞ്ഞു. സുധീരന്‍ സംസാരിക്കും മുമ്പ് മുഖ്യമന്ത്രി ഇറങ്ങി. താന്‍ പറയുന്നതു കേള്‍ക്കാന്‍ മുഖ്യമന്ത്രി ഉണ്ടാകണമെന്ന് സുധീരന്‍ പറഞ്ഞു. എന്നാല്‍, തിരക്കുള്ളതു കൊണ്ടാണ് പോകുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സുധീരനു പുറമേ റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ മറ്റു നേതാക്കളും യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരാണ് ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. അതേസമയം, ഉത്തരവില്‍ അപാകതയില്ലെന്നാണ് ഇന്നലെ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞിരുന്നത്. ഉന്നതതലയോഗത്തിനു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഉത്തരവ് പിന്‍വലിക്കില്ലെന്നും ഉത്തരവ് ശരിയാണോ എന്നു പരിശോധിക്കാന്‍ എജിയുടെ നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

നെല്ലിയാമ്പതിയിലെ കരുണാ എസ്റ്റേറ്റിന്റെ കൈവശമുള്ള 833 ഏക്കര്‍ ഭൂമിക്ക് കരുണയില്‍ നിന്ന് നികുതി സ്വീകരിക്കാനുള്ള തീരുമാനമാണ് വിവാദമായത്. കരുണയുടെ കയ്യിലുള്ള ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടും തള്ളിയാണ് സ്വകാര്യ വ്യക്തിക്ക് കരം അടയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം കരുണ എസ്റ്റേറ്റിന് പതിച്ചുകൊടുക്കുന്നതിനു തുല്യമാകും ഇത്. ഉത്തരവിന് നിയമസാധുതയില്ല എന്നതും താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരുടെ മേല്‍ അസാധ്യമായ കാര്യങ്ങള്‍ കെട്ടിവയ്ക്കുന്നു എന്നതുമാണ് ഉത്തരവിന്റെ പോരായ്മകള്‍.

കരം അടക്കുന്നത് ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതല്ല എന്നാണ് കരുണ എസ്റ്റേറ്റ് സംബന്ധിച്ച റവന്യൂ ഉത്തരവ് പറയുന്നത്. എന്നാല്‍ സര്‍ക്കാരും സ്വകാര്യവ്യക്തിയോ കമ്പനിയോ തമ്മിലുള്ള ഭൂമി തര്‍ക്കങ്ങളില്‍, കരം വാങ്ങുന്നത് നിയമപരമായി സാധ്യമല്ല. 1961 ലെ ഭൂനികുതി നിയമത്തിലെ ചട്ടം 2 ഇതാണ് പറയുന്നത്. അതായത് സര്‍ക്കാരും സ്വകാര്യ വ്യക്തിയും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്ന കരുണ എസ്റ്റേറ്റില്‍ നിന്ന് കരം സ്വീകരിക്കാന്‍ നിയമം അനുവദിക്കുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News