ശ്രീകുമാരന്‍ തമ്പിയുടെ ജന്‍മദിനം

ഹൃദയസ്പര്‍ശിയായ ഈണങ്ങളിലൂടെയും ശക്തമായ തിരക്കഥകളിലൂടെയും മനസ്സുതൊട്ട സിനിമകളിലൂടെയും മലയാളികളുടെ കലാബോധത്തെ കീഴടക്കിയ ശ്രീകുമാരന്‍ തമ്പിയുടെ 76-ാമത് ജന്‍മദിനമാണ് ഇന്ന്. 1940 മാര്‍ച്ച് 16ന് കളരിക്കല്‍ കൃഷ്ണപിളളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളില്‍ മൂന്നാമനായി ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് ശ്രീകുമാരന്‍ തമ്പി ജനിച്ചത്. ഹരിപ്പാട്ട് ഗവ. ഗേള്‍സ് സ്‌കൂള്‍, ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, ആലപ്പുഴ സനാതനധര്‍മ കോളജ്, മദ്രാസ് ഐ.ഐ.ഇ.റ്റി., തൃശൂര്‍ എന്‍ജിനീയറിങ്ങ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എഞ്ചിനീയറിംങ് ബിരുദധാരിയായ തമ്പി മദ്രാസില്‍ എന്‍ജിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ കഥകളും കവിതകളും രചിച്ചു. ഇരുപതാമത്തെ വയസ്സില്‍ ആദ്യത്തെ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി. 1966ല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് ടൗണ്‍ പ്ലാനറായിരിക്കെ ഉദ്യോഗം രാജിവച്ച് പൂര്‍ണ്ണമായും കലാസാഹിത്യരംഗത്ത് മുഴുകി.

1966ല്‍ പ്രശസ്ത സിനിമാ നിര്‍മ്മാണ കമ്പനിയായ മെറിലാന്‍ഡിന്റെ ഉടമ പി. സുബ്രഹ്മ്ണ്യത്തിന്റെ കാട്ടുമല്ലിക എന്ന ചലച്ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ രചിച്ചുകൊണ്ടായിരുന്നു ശ്രീകുമാരന്‍ തമ്പി സിനിമാലോകത്തേക്കെത്തുന്നത്. തുടര്‍ന്ന് മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ചിട്ടുള്ള ശ്രീകുമാരന്‍ തമ്പിയുടെ തെരഞ്ഞെടുത്ത 1001 ഗാനങ്ങള്‍ ‘ഹ്യദയസരസ്സ്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രണയഗാനങ്ങളെഴുതുന്നതില്‍ അസാമാന്യവൈഭവം പുലര്‍ത്തിപ്പോരുന്ന ഇദ്ദേഹം ഹ്യദയഗീതങ്ങളുടെ കവി എന്നും അറിയപ്പെടുന്നു.

മുപ്പത് സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം എഴുപത്തെട്ട് സിനിമകള്‍ക്കുവെണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിച്ചിട്ടുണ്ട്. നാല് കവിതാസമാഹരങ്ങളുടേയ്യും രണ്ടു നോവലുകളുടേയും രചയിതാവു കൂടിയാണ്. ചലച്ചിത്രങ്ങള്‍ക്കു പുറമേ, ടെലിവിഷന്‍ പരമ്പരകള്‍ക്കായും സംഗീത ആല്‍ബങ്ങള്‍ക്കായും ശ്രീകുമാരന്‍ തമ്പി ഗാനരചന നടത്തിയിട്ടുണ്ട്. ചലച്ചിത്രരംഗത്തെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുള്ള ശ്രീകുമാരന്‍ തമ്പി, ചലച്ചിത്രസാഹിത്യരംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel