കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സുധീരനെതിരെ എ-ഐ ഗ്രൂപ്പുകള്‍; ഐക്യസന്ദേശം തകര്‍ത്തെന്ന് നേതാക്കള്‍

തിരുവനന്തപുരം: കെപിസിസി യോഗത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഭേദമെന്യേ നേതാക്കള്‍ രംഗത്ത്. എ-ഐ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി സുധീരനെതിരെ രംഗത്തെത്തി. പാര്‍ട്ടിയിലെ ഐക്യത്തിന് വിള്ളല്‍ വീണെന്ന് എ-ഐ നേതാക്കള്‍ പറഞ്ഞു. ആന്റണി നല്‍കിയ ഐക്യസന്ദേശം തകര്‍ക്കുന്ന നടപടിയാണ് സുധീരനില്‍ നിന്നുണ്ടായത്. ഇക്കാര്യത്തില്‍ സുധീരനെതിരെ പരാതിയുമായി എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ സമീപിക്കാനാണ് എ-ഐ നേതാക്കള്‍ ആലോചിക്കുന്നത്. സൗഹാര്‍ദപരമായല്ല യോഗം പിരിഞ്ഞതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

കെപിസിസി യോഗത്തില്‍ സുധീരന്‍ നടത്തിയ വിമര്‍ശനങ്ങള്‍ അതിരുവിട്ടെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തല്‍. എ ഗ്രൂപ്പിന് ഇതില്‍ കടുത്ത അതൃപ്തിയുണ്ട്. പക്ഷേ പരസ്യ പ്രസ്താവന നടത്തി കാര്യങ്ങള്‍ വഷളാക്കേണ്ടെന്നാണ്എ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. മുഖ്യമന്ത്രി വിശദീകരിച്ചിട്ടും വിമര്‍ശിച്ചത് ശരിയായില്ല. ഇത് ഐക്യത്തിന് വിള്ളലുണ്ടാക്കും. തെരഞ്ഞെടുപ്പു കാലത്തെ വിമര്‍ശനങ്ങള്‍ അതിരുവിട്ടു. ഇത് പ്രതിപക്ഷം ആയുധമാക്കും. പാര്‍ട്ടിയെ ഒന്നിച്ചുനിര്‍ത്തുന്നതില്‍ സുധീരന്‍ പരാജയപ്പെട്ടെന്നും എ ഗ്രൂപ്പ് നേതാക്കള്‍ വിലയിരുത്തുന്നു.

കഴിഞ്ഞ ദിവസം നടന്ന കെപിസിസി യോഗത്തിലാണ് കരുണ എസ്‌റ്റേറ്റ് വിവാദത്തില്‍ സുധീരന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. സര്‍ക്കാരിന്റെ ഒരു കൊള്ളയ്ക്കും കൂട്ടുനില്‍ക്കാനാകില്ലെന്നായിരുന്നു സുധീരന്‍ പറഞ്ഞത്. യോഗത്തില്‍ സുധീരന്‍ സംസാരിക്കുന്നതിനു മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here