കരുണ എസ്റ്റേറ്റ്: പരസ്പരം ഏറ്റുമുട്ടി സര്‍ക്കാരും കെപിസിസിയും; ഉത്തരവ് പിന്‍വലിക്കില്ല; ഭേദഗതി ചെയ്യുമെന്ന് സര്‍ക്കാര്‍; ഉത്തരവ് പിന്‍വലിക്കണമെന്ന് സുധീരന്‍ വീണ്ടും

തിരുവനന്തപുരം: കരുണ എസ്‌റ്റേറ്റിന് നികുതിയടയ്ക്കാന്‍ അനുമതി നല്‍കിയ വിഷയത്തില്‍ സര്‍ക്കാരും കെപിസിസിയും തമ്മില്‍ പരസ്യ ഏറ്റുമുട്ടല്‍. കരം അടയ്ക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് പിന്‍വലിക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഉത്തരവില്‍ നേരിയ ഭേദഗതി വരുത്തി മുന്നോട്ട് പോകും. നികുതിയടയ്ക്കാന്‍ പോബ്‌സിന് വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ സര്‍ക്കാരിന് അന്ത്യശാസനവുമായാണ് നിര്‍വാഹക സമിതി യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ സംസാരിച്ചത്. കരുണ ഉത്തരവ് ഭേദഗതി ചെയ്താല്‍ പോരാ ഉത്തരവ് പിന്‍വലിച്ചേ മതിയാകൂ എന്നും വിഎം സുധീരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മന്ത്രിമാരെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തണം. മന്ത്രിമാര്‍ തെറ്റ് ചെയ്താല്‍ ഇനിയും തിരുത്തുമെന്നും സുധീരന്‍ പറഞ്ഞു. കെപിസിസി നിര്‍വാഹക സമിതിയോഗത്തിലാണ് വിഎം സുധീരന്‍ ഇക്കാര്യം പറഞ്ഞത്.

ഇതേ നിലപാട് കെപിസിസി തീരുമാനങ്ങള്‍ വിശദീകരിച്ച് വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും വിഎം സുധീരന്‍ ആവര്‍ത്തിച്ചു. ഉച്ചയ്ക്ക് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ സുധീരന്‍ തള്ളി. പോബ്‌സണ്‍ ഗ്രൂപ്പിന് കരമടയ്ക്കാനുള്ള ഉത്തരവ് നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. ഇതാണ് സര്‍ക്കാരിന് ഏറ്റവും ഉചിതം. നേരത്തെയുള്ള ഉത്തരവില്‍ ഭേദഗതി വരുത്തിയ നിലപാട് സ്വാഗതാര്‍ഹമാണ് എന്നും വിഎം സുധീരന്‍ പറഞ്ഞു.

റവന്യുവകുപ്പിന് തെറ്റുപറ്റിയിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ സമീപകാല ഉത്തരവുകള്‍ പാര്‍ട്ടി പരിശോധിക്കും. കരം അടയ്ക്കുന്നതിന് ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണം എന്ന് കെപിസിസി യോഗം സര്‍ക്കാരിനെ അറിയിച്ചതായും വിഎം സുധീരന്‍ പറഞ്ഞു. കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കാതെ ഉത്തരവ് പിന്‍വലിക്കുകയാണ് വേണ്ടത്. വിവാദങ്ങള്‍ വഴി നേട്ടങ്ങളെ കുറച്ചുകാണിക്കാനുള്ള ശ്രമം ഉണ്ടാകരുത് എന്നും സുധീരന്‍ പറഞ്ഞു.

കരുണ എസ്റ്റേറ്റ് സര്‍ക്കാരിന്റെ ഭൂമിയാണ് എന്നാണ് ഹൈക്കോടതിയെ അറിയിച്ചത്. കരുണ വിഷയത്തില്‍ കെപിസിസിയുടെ നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മന്ത്രിമാരെയും അറിയിച്ചു. കരുണ എസ്റ്റേറ്റിന്റെ കാര്യത്തില്‍ ഉത്തരവ് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി കെപിസിസി യോഗത്തില്‍ അറിയിച്ചു. പോബ്‌സണിന് കരം അടയ്ക്കാനുള്ള സാഹചര്യം ഒഴിവാക്കി ഉത്തരവ് ഭേദഗതി ചെയ്യുന്നത് അത്രത്തോളം നല്ലതാണ് എന്നും വിഎം സുധീരന്‍ പറഞ്ഞു.മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയത് ഉള്‍പ്പടെയുള്ള വിഷയത്തില്‍ സര്‍ക്കാര്‍ സമയോചിതമായി പ്രവര്‍ത്തിച്ചു. അതുപോലെ കരുണ വിഷയത്തിലും ഇടപെടണമെന്ന് സുധീരന്‍ ആവര്‍ത്തിച്ചു.

കെപിസിസി അധ്യക്ഷന്റെ ആവശ്യം തള്ളിയും സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുമാണ് ഉച്ചയ്ക്ക് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസാരിച്ചത്. ഉത്തരവില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് വ്യവസ്ഥകളാണ് ഉത്തരവില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. നെല്ലിയാമ്പതി വില്ലേജ് ഏഫീസര്‍ ഉടമസ്ഥാവകാശം പരിശോധിച്ച് മാത്രം നികുതി അടയ്ക്കാന്‍ അനുമതി നല്‍കിയാല്‍ മതി. നികുതി അടയ്ക്കുന്നവരുടെ ബാധ്യതകള്‍ കണക്കിലെടുക്കണം. പോബ്‌സ് നികുതി അടച്ചാലും അത് ഹൈക്കോടതി വിധിക്ക് വിധേയമായായിരിക്കും എന്നുമാണ് ആദ്യ ഉത്തരവ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമപരമായി മാത്രമേ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ. വിവാദമുയര്‍ന്ന സാഹചര്യത്തില്‍ നിലവിലെ ഉത്തരവ് ഭേദഗതി ചെയ്യും. എന്നാല്‍ പിന്‍വലിക്കില്ല. കോടതി വിധിക്ക് വിധിക്ക് വിധേയമായി കരം അടയ്ക്കാമെന്ന വ്യവസ്ഥയിലാണ് ഉത്തരവ് ഭേദഗതി ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ കൈക്കൊണ്ട വിവാദ തീരുമാനങ്ങള്‍ കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ പരുക്കുണ്ടാക്കി. ആദ്യം മെത്രാന്‍ കായല്‍ ഉള്‍പ്പടെയുള്ള വിവാദ തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. തീരുമാനം വിവാദമായതോടെ സര്‍ക്കാര്‍ വിരുദ്ധ നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി. പിന്നാലെയാണ് സര്‍ക്കാര്‍ അധീനതയിലുള്ള കരുണ എസ്റ്റേറ്റില്‍ നികുതിയടയ്ക്കാന്‍ പോബ്‌സണ്‍ ഗ്രൂപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതും വിവാദമായതോടെ കെപിസിസി പ്രസിഡന്റ് തന്നെ രംഗത്തെത്തി. എന്നാല്‍ സുധീരനെ തിരുത്തുന്ന നിലപാടാണ് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് സ്വീകരിച്ചത്. ഉത്തരവ് പിന്‍വലിക്കണം എന്ന് കെപിസിസി നേരിട്ട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അത് കേട്ടഭാവം കാണിച്ചിട്ടില്ല. മാത്രമല്ല വിവാദത്തില്‍നിന്ന് തലയൂരാന്‍ കണ്ണില്‍ പൊടിയിടുന്ന ഭേദഗതി മാത്രമാണ് സര്‍ക്കാര്‍ വരുത്തിയതും. ഇതോടെ സര്‍ക്കാരും കെപിസിസിയും രണ്ട് തട്ടിലായി. വിരുദ്ധ നിലപാടുകള്‍ നയിക്കുന്നത് സുധീരനും മുഖ്യമന്ത്രിയുമാണ് എന്നതാണ് കൂടുതല്‍ ശ്രദ്ധേയം. തെരഞ്ഞെടുപ്പ് കാലമായതതിനാല്‍ യുഡിഎഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് സര്‍ക്കാരും സ്വീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News