ആപ്പിളിന് ഡ്യൂപ്ലിക്കേറ്റുമായി ചൈനയുടെ ഐഫോണ്‍; ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഐഫോണ്‍ എസ്ഇയുടെ വീഡിയോ ചൈന പുറത്തിറക്കി

ബീജിംഗ്: എന്തിനും ഏതിനും അപരന്‍മാരെ നിര്‍മിക്കുന്ന ആളുകളാണ് ചൈന. ഏത് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നത്തിനും അതിനെ വെല്ലുന്ന അപരനെ നിര്‍മിക്കുന്ന ചൈന ഇപ്പോള്‍ ആപ്പിളിനെയും ഞെട്ടിച്ചിരിക്കുകയാണ്. അടുത്തയാഴ്ച ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന ഐഫോണ്‍ എസ്ഇയുടെ അപരന്റെ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്താണ് ചൈന ആപ്പിളിനെ ഞെട്ടിച്ചിരിക്കുന്നത്. മാര്‍ച്ച് 14 ന് ചൈനയില്‍ നിന്നും യുട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വിഡിയോയിലാണ് ഐഫോണ്‍ എസ് ഇയുടെ വ്യാജന്‍ പ്രത്യക്ഷപ്പെട്ടത്. ഐഫോണിന്റെ ഇതുവരെയുള്ള മിക്ക മോഡലുകളുടെയും വ്യാജന്‍ ചൈനയില്‍ ലഭ്യമാണ് എന്നതിന്റെ തെളിവ് കൂടിയാണ് ഈ വിഡിയോ.

ഹാര്‍ഡ്‌വെയറിന്റെ സിലിക്കണ്‍ വാലി എന്ന് അറിയപ്പെടുന്ന ചൈനയിലെ ഹ്വാഗിയങ്ങ്‌ബെയിലെ ഷെന്‍സെന്നിലാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ആപ്പിളിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ഐഫോണ്‍ എസ്ഇ. ഇതിന്റെ ഇരട്ട എന്ന് ചൈന അവകാശപ്പെടുന്ന ഫോണാണ് വീഡിയോയില്‍ ഉള്ളത്. ഒറ്റ നോട്ടത്തില്‍ മാത്രമല്ല അടുത്ത് ചെന്നുള്ള പരിശോധനയിലും സംഭവം ഐഫോണ്‍ എസ്ഇ ആണെന്നേ പറയൂ.

ഇതുവരെയുള്ള ഐഫോണുകള്‍ എല്ലാം സാധാരണക്കാരന് അപ്രാപ്യമായത് വിലക്കൂടുതല്‍ കൊണ്ടാണെങ്കില്‍ ആ പ്രതിബന്ധവും മറികടക്കും എസ്ഇ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വിഡിയോ കണ്ട നിരവധി പേര്‍ തങ്ങളുടെ കയ്യിലുള്ള ഐഫോണ്‍ ഒറിജിനലാണോ അതോ ഡ്യൂപ്ലിക്കേറ്റ് ആണോ എന്ന് പരിഹാസരൂപേണ വിവിധ ഫോറങ്ങളിലും സോഷ്യല്‍ മീഡിയകളിലും ഫോണിന്റെ ഫോട്ടോകള്‍ സഹിതം പോസ്റ്റ് ചെയ്യുന്നുമുണ്ട്.

കാഴ്ചയില്‍ ഐഫോണ്‍ 6 എസിന് സമാനമായ രൂപകല്‍പനയോടു കൂടിയാണ് എസ്ഇ എത്തുന്നത്. ഐഫോണ്‍ 6 എസിന് കരുത്തു പകര്‍ന്ന A9 പ്രോസസര്‍ തന്നെയാകും കരുത്തേകുക. ത്രിഡി ടച്ച് സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ സാധ്യതയില്ലാത്ത പുതിയ ഐഫോണ്‍ മോഡലായ ഐഫോണ്‍ എസ്ഇയില്‍ ടച്ച് ഐഡി, ആപ്പിള്‍ പേ എന്നീ സവിശേഷതകള്‍ക്ക് സഹായകമായ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ പ്രതീക്ഷിക്കുന്നുണ്ട്. ലൈവ് ഫോട്ടോ സൗകര്യം നല്‍കുന്ന 12 മെഗാപിക്‌സല്‍ കാമറ, 1650 എം.എ.എച്ച് ബാറ്ററി എന്നീ സവിശേഷതകളുള്ള ഐഫോണ്‍ എസ്ഇ മാര്‍ച്ച് 21 ന് അവതരിപ്പിക്കപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News