ബീഫ് പാചകം ചെയ്തുവെന്നാരോപിച്ച് നാല് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സംഘപരിവാറിന്റെ മര്‍ദ്ദനം; സംഭവം ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍

ചിറ്റൂര്‍ഗഡ്: സര്‍വകലാശാല ഹോസ്റ്റലില്‍ ബീഫ് പാചകം ചെയ്ത് കഴിച്ചുവെന്ന് ആരോപിച്ച് നാല് കശ്മീരി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം. രാജസ്ഥാനിലെ സ്വകാര്യ സര്‍വകലാശാലയായ ചിറ്റൂര്‍ഗഡ് മേവാര്‍ സര്‍വകലാശാല ഹോസ്റ്റലിലാണ് സംഭവം. കഴിഞ്ഞ ദിവസം ബീഫ് വിഷയവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെ ഒരു സര്‍വകലാശാലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സമാന രീതിയില്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജസ്ഥാനിലും സംഘപരിവാര്‍ ആക്രമണം അഴിച്ചുവിട്ടത്.

സര്‍വകലാശാലയുടെ ഹോസ്റ്റലിന് ഉള്ളില്‍ കടന്ന സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍. മുദ്രാവാക്യം വിളിച്ചെത്തിയ ഇവര്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചു. പാചകം ചെയ്തത് ബീഫ് ആണോ എന്നറിയാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ വ്യാജപ്രചരണമാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. പ്രശ്‌നങ്ങള്‍ ആഗ്രഹിക്കുന്നവര്‍ വ്യാജപ്രചരണം നടത്തുകയാണ് എന്ന് ചിറ്റൂര്‍ഗഡ് എസ്പി പറഞ്ഞു. ബീഫ് പാചകം ചെയ്തു എന്നത് വ്യാജ പ്രചരണമാണ്. പ്രഥമദൃഷ്യാ അത് ബീഫ് ആണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നും എസ്പി പ്രസന്ന ഖമേസര പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് കശ്മീരി വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ സര്‍വകലാശാല അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സംരക്ഷണവും ഒരുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കശ്മീരില്‍നിന്ന് മാത്രം 800ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയാണ് മേവാര്‍. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഒരു കൊച്ച് ഇന്ത്യയാണ് ഇവിടം. വ്യത്യസ്ത സാമൂഹിക – സാംസ്‌കാരിക കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവര്‍ ഇവിടെ പഠിക്കുന്നുണ്ടെന്നും സര്‍വകലാശാല മാധ്യമ വിഭാഗം തലവന്‍ ഹരീഷ് ഗുര്‍നാനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News