പ്രിയ സംഘപരിവാറുകാരാ, നിങ്ങള്‍ സംസാരത്തില്‍പോലും ജനാധിപത്യം അനുവദിക്കില്ലെന്നറിയാമായിരുന്നു; മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ മാന്യത പ്രതീക്ഷിച്ചു; വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ഓഡിയോയെക്കുറിച്ചു സെബാസ്റ്റിയന്‍ പോള്‍

sebastian-paulകൊച്ചി: വാട്‌സ്ആപ്പില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തി നടക്കുന്ന ശബ്ദരേഖാ പ്രചാരണത്തില്‍ മുന്‍ എംപിയും നിയമവിദ്ഗ്ധനും ഇടതുപക്ഷ സഹചാരിയുമായ ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ മറുപടി. സംസാരത്തില്‍ പോലും ജനാധിപത്യം അനുവദിക്കാത്തവരാണ് സംഘപരിവാറുകാര്‍ എന്നറിയാമായിരുന്നെങ്കിലും ജന്മഭൂമി പത്രത്തിലെ മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞതിനാല്‍ ആ മാന്യത വിളിച്ചയാളില്‍നിന്നു പ്രതീക്ഷിച്ചെന്നും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓണ്‍ലൈനിനു നല്‍കിയ ലേഖനത്തില്‍ സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.

ഫേസ്ബുക്കില്‍ വന്ന ഒരു കുറിപ്പിനെ ഒരു മലയാള പത്രം വേണ്ടത്ര പരിശോധനകളില്ലാത്ത പുനഃപ്രസിദ്ധീകരിച്ചതിന്റെ അധാര്‍മികതയെയും അനാശാസ്യതയെയുമാണു മാധ്യമം പത്രത്തിലെ ലേഖനത്തില്‍ വിശകലനം ചെയ്തത്. അതിനെക്കുറിച്ചു സംസാരിക്കാനാണെന്ന മുഖവുരയോടെയാണു ജന്മഭൂമി പത്രത്തിലെ മാധ്യമപ്രവര്‍ത്തകനെന്നു പരിചയപ്പെടുത്തി വിളിച്ചത്. തിരക്കിലായിരുന്നെങ്കിലും മാധ്യമപ്രവര്‍ത്തകനാണല്ലോ എന്ന പരിഗണനയിലാണ് സംസാരിക്കാന്‍ തയാറായത്. അതിനുള്ള പരിഗണനയും ബഹുമാനവും നല്‍കി. തിരിച്ച് ആ മാന്യത ലഭിച്ചില്ല.

ന്യായമെന്ന വ്യാജേന ഉന്നയിച്ച വിഷയത്തില്‍ തനിക്കു പറയാനുള്ളതൊന്നും കേള്‍ക്കാന്‍ അയാള്‍ തയാറായിരുന്നില്ല. അയാള്‍ക്കു പറയാനുള്ളത് അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പരസ്പരസംഭാഷണത്തില്‍ പാലിക്കേണ്ട യാതൊരു മാന്യതയും ജനാധിപത്യ ബോധവും അയാള്‍ കാട്ടിയില്ല. ഞാന്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ തയാറല്ലെങ്കില്‍ താനെന്താണ് ചെയ്യേണ്ടത്. ഫോണ്‍ കട്ട് ചെയ്തു പോകുന്നത് തന്റെ ശീലമല്ല. സംഭാഷണം പോകുന്തോറും സംസാരത്തിലെ അക്രമസ്വഭാവം വര്‍ധിക്കുകയായിരുന്നു.

സംഘപരിവാര്‍ അജന്‍ഡകള്‍ തന്നെ ബോധ്യപ്പെടുത്താന്‍ കൂടുതല്‍ അക്രമസ്വഭാവത്തോടെ സംസാരിക്കുകയായിരുന്നു. ഫോണില്‍ ആരോടും മാന്യമായും സൗമ്യനായും സംസാരിക്കണമെന്ന് തനിക്കു നിര്‍ബന്ധമുണ്ട്. തന്നോടു പറയുന്നതെല്ലാം കേള്‍ക്കുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. തന്റെ ജനാധിപത്യ ബോധം അത് അനുവദിക്കുന്നുണ്ട്. അയാള്‍ പറുന്നതു കേട്ടാല്‍ തന്റെ നിലപാടുകളില്‍നിന്ന് താന്‍ മാറുമെന്നോ സംഘപരിവാറുകാരന്‍ ആകുമെന്നോ തനിക്കു ഭയമില്ല. ഒരിക്കലും അങ്ങനെ ഉണ്ടാകില്ലെന്ന ഉറപ്പ് എനിക്കുണ്ട്. ഞാന്‍ പറയുന്ന മതേതര വാദങ്ങള്‍ കേട്ട് അദ്ദേഹത്തിന്റെ ചിന്ത മാറുമെന്ന തെറ്റിദ്ധാരണയും തനിക്കില്ല. കാരണം ഒരു മാധ്യമപ്രവര്‍ത്തകനെന്നതിനേക്കാള്‍ അദ്ദേഹം കടുത്ത സംഘപരിവാറുകാരനാണ് എന്നതുതന്നെ.

തന്നെ വിളിച്ചു സംസാരിച്ച കാര്യങ്ങള്‍ റെക്കോഡ് ചെയ്തു വാട്‌സ്ആപ്പില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഫോണ്‍ സന്ദേശം റെക്കോഡ് ചെയ്യുന്നതില്‍ ചില മര്യാദകളുണ്ട്. വിളിക്കുന്നയാളെ അറിയിക്കുകയെന്നതാണ് അതില്‍ പ്രധാനം. ഒരു മാധ്യമപ്രവര്‍ത്തകനോടു താന്‍ അതു പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. അതു കൈമാറുമ്പോഴും പ്രസിദ്ധീകരിക്കുമ്പോഴും അനുവാദം ചോദിക്കുകയെന്നതും മാന്യതയാണ്. സെബാസ്റ്റിയന്‍ പോളിനെപ്പോലെയൊരാളെ തര്‍ക്കിച്ചു തോല്‍പിക്കുമെന്നു സമര്‍ഥിക്കാനുള്ള വില കുറഞ്ഞ തന്ത്രം മാത്രമായിരുന്നു വിളിച്ചയാളുടേത് എന്നാണ് താന്‍ കരുതുന്നത്. അയാളുടെ ക്ലിപ്പ് കേള്‍ക്കുന്ന ആര്‍ക്കും അതു മനസിലാകുമെന്നും പത്തു മിനുട്ടോളം സംസാരിച്ചിട്ടും താന്‍ എഴുതിയ ലേഖനത്തിലെ വാദമുഖങ്ങളൊന്നും ഖണ്ജഡിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ലെന്നും സെബാസ്റ്റിയന്‍ പോള്‍ ലേഖനത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here