ലോകകപ്പ് ട്വന്റി – 20: പാകിസ്താന് ജയത്തോടെ തുടക്കം; ബംഗ്ലദേശിനെ തോല്‍പ്പിച്ചത് 55 റണ്‍സിന്

കൊല്‍ക്കത്ത: മൂഹമ്മദ് ഹഫീസിന്റെയും അഹ്മദ് ഷെഹ്‌സാദിന്റെയും തകര്‍പ്പന്‍ അര്‍ദ്ധസെഞ്ചറികളും ഷാഹിദ് അഫ്രീദിയുടെ തകര്‍പ്പന്‍ പ്രകടനവും പാകിസ്താന് സമ്മാനിച്ചത് മികച്ച ജയം. ബംഗ്ലാദേശിനെതിരെ 55 റണ്‍സിന്റെ ജയമാണ് പാക് പട നേടിയത്. ഏഷ്യാകപ്പ് ട്വന്റി – 20 പരമ്പരയിലേറ്റ തോല്‍വിയ്ക്കുള്ള മറുപടി കൂടിയായി പാക് ജയം. സ്‌കോര്‍: പാകിസ്താന്‍ (201/5), ബംഗ്ലാദേശ് (146/6).

ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ക്യാപ്ടന്റെ തീരുമാനം ശരിവെയ്ക്കുന്നതായിരുന്നു കൊല്‍ക്കത്തയിലെ കാണികള്‍ക്ക് മുന്നില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. അഹ്മദ് ഷെഹ്‌സാദ് (52), മൂഹമ്മദ് ഹഫീസ് (64) എന്നിവരുടെ അര്‍ദ്ധ സെഞ്ചറികള്‍ പാക് സ്‌കോറിംഗ് വേഗത്തിലാക്കി. ഷാഹിദ് അഫ്രീദി 49 റണ്‍സെടുത്ത് മടങ്ങി.

സ്‌കോര്‍ 26ല്‍ നില്‍ക്കെ 18 റണ്‍സെടുത്ത ഓപ്പണര്‍ ഷജീല്‍ അഹമ്മദ് പവലിയനിലേക്ക് മടങ്ങി. ഷോയബ് മാലിക് പുറത്താകാതെ 15 റണ്‍സെടുത്തു. പൂജ്യത്തിന് പുറത്തായ ഉമര്‍ അക്മല്‍ മാത്രമാണ് പാക് ബാറ്റിംഗ് നിരയില്‍ പരാജയപ്പെട്ടത്. ബംഗ്ലാദേശ് ബൗളര്‍മാരില്‍ തസ്‌കിന്‍ അഹമ്മദ്, അറാഫത് സണ്ണി എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. സബ്ബിര്‍ റഹ്മാന്‍ ഒരുവിക്കറ്റ് നേടി.

202 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് തുടക്കം തന്നെ പതറി. ബംഗ്ലാദേശ് സ്‌കോര്‍ ഒന്നില്‍ നില്‍ക്കെ ഓപ്പണര്‍ സൗമ്യ സര്‍കാര്‍ പൂജ്യത്തിന് മടങ്ങി. പുറത്താകാതെ ചെറുത്തുനിന്ന ഷാക്വിബ് അല്‍ ഹസന്‍ 50 റണ്‍സെടുത്തു. ഓപ്പണര്‍ തമീം ഇഖ്ബാല്‍ (24), സബ്ബീര്‍ റഹ്മാന്‍ (25), മുഷ്ഫിഖുര്‍ റഹീം (18), മഹ്മദുല്ല (4), മുഹമ്മദ് മിതുന്‍ (2) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോര്‍. മഷ്രഫെ മൊര്‍താസ പുറത്താകാതെ 15 റണ്‍സെടുത്തു. നിശ്ചിത ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ബംഗ്ലാദേശ് 6 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു.

പാക് നിരയില്‍ മുഹമ്മദ് ആമിര്‍, ഷാഹിദ് അഫ്രിദി എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഇര്‍ഫാന്‍, ഇമാദ് വസിം എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച ഷാഹിദ് അഫ്രിദിയാണ് മാന്‍ ഓഫ് ദ മാച്ച്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here