ഇടത് മുന്നേറ്റത്തിനൊരുങ്ങി വംഗദേശം; സൂര്യകാന്ത് മിശ്ര നാരായണ്‍ഗഡില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ സിപിഐഎം സംസ്ഥാനസെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത് മിശ്ര നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പശ്ചിമ മിഡ്‌നാപൂരിലെ നാരായണ്‍ഗഡ് മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായ ആറാം തവണയാണ് സൂര്യകാന്ത് മിശ്ര ജനവിധി തേടുന്നത്. രണ്ടാം ഘട്ടമായ ഏപ്രില്‍ പതിനൊന്നിനാണ് ഇവിടെ തിരഞ്ഞെടുപ്പ്.

രണ്ടുദിവസമായി ആറു വലിയ പൊതുയോഗങ്ങളിലും നിരവധി ഗ്രൂപ്പ് യോഗങ്ങളിലും കാല്‍നടജാഥകളിലും മിശ്ര പങ്കെടുത്തു. തൃണമൂലിന്റെ അക്രമ അരാജകത്വ നടപടികളില്‍നിന്ന് സംസ്ഥാനത്തെ രക്ഷിക്കുകയാണ് തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും മുഖ്യലക്ഷ്യമെന്ന് പത്രിക സമര്‍പ്പിച്ചശേഷം മിശ്ര പറഞ്ഞു.

1991 മുതല്‍ അഞ്ചുതവണ തുടര്‍ച്ചയായി സ്വദേശമായ നാരായണ്‍ഗഡില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മിശ്ര ആറാം തവണയാണ് അവിടെ ജനവിധി തേടുന്നത്. തൃണമൂല്‍ മുന്നേറ്റമുണ്ടായ 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 51 ശതമാനം വോട്ടു നേടിയാണ് സൂര്യകാന്ത് മിശ്ര നാരായണ്‍ഗഡില്‍ നിന്നും വിജയിച്ചു കയറിയത്. മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള അദ്ദഹത്തിന് ഇത്തവണയും വന്‍ വരവേല്‍പ്പാണ് ജനങ്ങള്‍ നല്‍കുന്നത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പമെത്തി ഖരക്പൂര്‍ സബ് ഡിവിഷണല്‍ ഓഫീസര്‍ക്കാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

മമതാ ബാനര്‍ജി അധികാരത്തിലെത്തിയതിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസ്സ് ഗുണ്ടകളില്‍ നിന്നും ഇടതു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ ശാരീരിക ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന പ്രദേശമാണ് നാരാണ്‍ഗഡ്. നിരവധി സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ഗ്രാമം വിടേണ്ടിയും വന്നിരുന്നു. എന്നാല്‍ തിരിച്ചെത്തിയ ഇവര്‍ ഇപ്പോള്‍ സൂര്യകാന്ത് മിശ്രയ്ക്ക് വേണ്ടിയുള്ള സജീവ തിരഞ്ഞെടുപ്പ് പ്രചരത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News