കാര്‍ഷിക സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് പീഡനം; ആരോപണം ശരിവച്ച് അന്വേഷണ റിപ്പോര്‍ട്ട്; പ്രബന്ധം തടഞ്ഞുവച്ചത് സ്വാഭാവികനീതിയുടെ ലംഘനം

തൃശ്ശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ദളിത് ഗവേഷക വിദ്യാര്‍ത്ഥിക്ക് പീഡനമേറ്റെന്ന ആരോപണം ശരിവച്ച് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിയുടെ പ്രബന്ധം തടഞ്ഞുവച്ചതില്‍ സ്വാഭാവികനീതിയുടെ ലംഘനമുണ്ടായെന്നു അന്വേഷണസംഘം കണ്ടെത്തി. അക്കാദമിക് ഡയറക്ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് കൈമാറി. കാര്‍ഷിക സര്‍വകലാശാല ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥിയും തമിഴ്‌നാട് സ്വദേശിയുമായ ടി. രാജേഷിന് പീഡനമേറ്റെന്ന ആരോപണത്തിനാണ് അന്വേഷണ സംഘം സ്ഥിരീകരണം നല്‍കിയത്.

ഗവേഷണത്തിന്റെ ഭാഗമായുള്ള പ്രബന്ധം സ്വീകരിക്കാന്‍ സര്‍വകലാശാല തയ്യാറായില്ലെന്നും, ഗവേഷണം ആരംഭിച്ചതു മുതല്‍ അധികൃതര്‍ അധിക്ഷേപിച്ചെന്നുമായിരുന്നു വിദ്യാര്‍ത്ഥിയുടെ ആരോപണം. വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം അന്വേഷിക്കാന്‍ അഡക്കാദമിക് ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചത്. രാജേഷ് സമര്‍പ്പിച്ച പ്രബന്ധം സ്വീകരിക്കാന്‍ സര്‍വകലാശാല അധികൃതര്‍ ഏകോപനം കാണിച്ചില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഗവേഷണ ഗൈഡ് വിരമിച്ച ശേഷം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുണ്ടായ അവഗണന വിദ്യാര്‍ത്ഥിക്ക് സ്വാഭാവികനീതി നിഷേധിക്കുന്നതിലേക്ക് നയിച്ചെന്നും അന്വേഷണസംഘം കണ്ടെത്തി.

മോശം പെരുമാറ്റം, വിവേചനം, അധിക്ഷേപം തുടങ്ങിയവ നേരിട്ടുവെന്ന രാജേഷിന്റെ ആരോപണം അന്വേഷണസംഘത്തിന്റെ പരിധിയില്‍ വരില്ല. എങ്കിലും ദളിത് വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉപദേശക സമിതി നാലുവര്‍ഷത്തിനുശേഷം സര്‍വകലാശാല പുനഃസംഘടിപ്പിച്ചു. രാജേഷിനു നേരെ ജാതി വിവേചനം ഉണ്ടായെന്ന പരാതി കൂടി അന്വേഷണ വിധേയമാക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News