കലാഭവന്‍ മണിയെ താന്‍ കൊന്നെന്നു പ്രചരിപ്പിച്ചവര്‍ക്ക് മാനസിക രോഗമെന്ന് തരികിട ഫെയിം സാബു; തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നെങ്കിലും മദ്യപിച്ചിട്ടില്ല; കള്ള വാര്‍ത്തയ്‌ക്കെതിരെ കേസു കൊടുത്തിട്ടുണ്ടെന്നും സാബു

ആലപ്പുഴ: കലാഭവന്‍ മണിയെ താന്‍ മദ്യത്തില്‍ വിഷം കൊടുത്തു കൊന്നതാണെന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് മാനസിക രോഗമാണെന്ന് ചാനല്‍ അവതാരകനും ചലച്ചിത്രതാരവുമായ തരികിട ഫെയിം സാബു. ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എന്തുതരം മാനസികാവസ്ഥയാണെന്നു മനസ്സിലാകുന്നില്ല. ഇതു രണ്ടാം തവണയാണ് സോഷ്യല്‍ മീഡിയ തനിക്കെതിരായി യുദ്ധം പ്രഖ്യാപിക്കുന്നത്. താന്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ സംവിധായകനെ മണി ഇടപെട്ടാണ് മാറ്റിയതെന്നു പറയുന്നത് തെറ്റാണ്. ആ സിനിമയില്‍ നിന്നു താനും സുഹൃത്തും പരസ്പര സമ്മതത്തോടെ പിന്‍മാറുകയായിരുന്നു. കായംകുളം സ്റ്റേഷനില്‍ വ്യാജവാര്‍ത്തയ്‌ക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്. വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമപരമായും വ്യക്തിപരമായും പ്രതികരിക്കുമെന്നും സാബു പറഞ്ഞു.

മണി മരിക്കുന്നതിനു തലേദിവസം മണിയുടെ വീട്ടില്‍ താനും ജാഫര്‍ ഇടുക്കിയും പോയിരുന്നു. എന്നാല്‍, ഒരു തുള്ളി മദ്യം പോലും ഞങ്ങള്‍ കഴിച്ചിട്ടില്ല. മണിയുടെ തമാശകേട്ട് പൊട്ടിച്ചിരിച്ച് ഒന്നരമണിക്കൂറില്‍ അധികം ഞങ്ങള്‍ അവിടിരുന്നു. തുടര്‍ന്ന് മണിയുടെ ഡ്രൈവര്‍ പീറ്ററാണ് തന്നെ എറണാകുളത്തു കൊണ്ടുവിട്ടത്. മണിക്ക് പിറ്റേന്ന് എങ്ങോട്ടോ പോകാനുള്ളതിനാല്‍ തന്നെ എറണാകുളത്തു തിരിച്ചുവിട്ട് പീറ്റര്‍ തിരിച്ചു പോകുകയായിരുന്നു. മരണവീട്ടില്‍ എങ്ങനെ പെരുമാറണം എന്നറിയാത്തതു കൊണ്ടാണ് മരിച്ച ദിവസം മണിയുടെ വീട്ടില്‍ പോകാതിരുന്നത്. അനുശോചനത്തില്‍ പങ്കെടുക്കാന്‍ മനസ്സു വന്നില്ലെന്നും സാബു പറഞ്ഞു. നടന്‍ സാദിക് ആണ് തന്നോട് മണിയുടെ മരണവിവരം പറഞ്ഞത്.

വ്യാജവാര്‍ത്തയെ തുടര്‍ന്ന് പൊലീസ് മൊഴിയെടുക്കാനായി തന്നെ വിളിച്ചിരുന്നു. എന്നാല്‍, അന്നു പോകാന്‍ പറ്റിയില്ല. വീണ്ടും വിളിച്ചിട്ടുണ്ട്. പൊലീസ് എപ്പോള്‍ വിളിച്ചാലും പോയി മൊഴി കൊടുക്കും. കേസ് ഗൗരവമായി തന്നെ മുന്നോട്ടു കൊണ്ടു പോകുമെന്നും സാബു പീപ്പിള്‍ ടിവിയോടു പറഞ്ഞു. ഇത്തരം വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എന്തുതരം മാനസികരോഗമാണെന്ന് അറിയില്ല. തന്നോട് എന്തു വ്യക്തിവൈരാഗ്യം ഉണ്ടോ എന്നറിയില്ല. തെരുവുനായ വിഷയത്തില്‍ താന്‍ എടുത്ത നിലപാട് കടുത്തു പോയെന്നു തനിക്കറിയാം. പക്ഷേ അതില്‍ മാപ്പു പറയാന്‍ താന്‍ തയ്യാറല്ല. ഇതിനു മുമ്പ് മോഹന്‍ലാലിനെ തന്തയ്ക്കു വിളിച്ചെന്നു പറഞ്ഞും സാബുവിനെതിരെ പ്രചാരണമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News