തൃശ്ശൂരിലെ കോണ്‍ഗ്രസില്‍ സീറ്റിനായി ഗ്രൂപ്പുയുദ്ധം; കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് കെപിസിസിയെ സമീപിച്ചു; ആറു സീറ്റ് വേണമെന്ന് ആവശ്യം

തൃശ്ശൂര്‍: ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് നേതൃത്വം കെപിസിസിയെ സമീപിച്ചു. ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന പത്ത് സീറ്റുകളില്‍ ആറെണ്ണം ഐ ഗ്രൂപ്പിന് വേണമെന്നാണ് ആവശ്യം. ഇതര ജില്ലാ നേതാക്കളെ ചാലക്കുടിയില്‍ മത്സരിപ്പിക്കരുതെന്നും വടക്കാഞ്ചേരി സീറ്റില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും ഐ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഘടകകക്ഷികള്‍ക്ക് തൃശ്ശൂര്‍ ജില്ലയില്‍ അവസരം നല്‍കിയപ്പോള്‍ നഷ്ടമായ സീറ്റുകള്‍ തിരികെ പിടിക്കാനാണ് ഐ ഗ്രൂപ്പ് ശ്രമം ഊര്‍ജിതമാക്കിയത്.

ഇക്കുറി സീറ്റുകള്‍ വിട്ടു നല്‍കാന്‍ തയ്യാറല്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ കെപിസിസി പ്രസിഡന്റിനെയും മുഖ്യമന്ത്രിയെയും കണ്ട് നിലപാടറിയിച്ചു. അതോടൊപ്പം കൈവശമുള്ള സീറ്റുകളില്‍ കണ്ണുവയ്ക്കുന്ന എ ഗ്രൂപ്പിന്റെ നീക്കത്തിന് തടയിടുകയെന്നതും ഐ ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നു. വടക്കാഞ്ചേരി, തൃശ്ശൂര്‍, ചേലക്കര, ചാലക്കുടി, ഒല്ലൂര്‍ എന്നീ സീറ്റുകള്‍ക്ക് പുറമെ ഘടക കക്ഷികളില്‍ നിന്ന് ഏറ്റെടുത്ത നാട്ടിക, കയ്പമംഗലം എന്നിവയ്ക്ക് കൂടി ഐ ഗ്രൂപ്പ് അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ മത്സരരംഗത്തു നിന്ന് മാറി നില്‍ക്കാന്‍ തീരുമാനം അറിയിച്ചതോടെ കെപിസിസി പിന്തുണയോടെ അനില്‍ അക്കരയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മുഖ്യമന്ത്രിയും നീക്കം ആരംഭിച്ചിരുന്നു.

എന്തുവില കൊടുത്തും ഇതിന് തടയിടുകയെന്നതാണ് ഐ ഗ്രൂപ്പ് നേതൃത്വത്തിന്റെ ലക്ഷ്യം. കെ.അജിത് കുമാര്‍, സുന്ദരന്‍ കുന്നത്തുള്ളി എന്നിവരെയാണ് വടക്കാഞ്ചേരിയിലേക്ക് ഐ ഗ്രൂപ്പ് നിര്‍ദ്ദേശിക്കുന്നത്. ചാലക്കുടി സീറ്റ് കഴിഞ്ഞ തവണ എഐസിസി നിര്‍ദ്ദേശ പ്രകാരം കെ.ടി ബെന്നിക്ക് വിട്ടു നല്‍കിയിരുന്നു. ഇക്കുറി കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്നും, ചാലക്കുടി സീറ്റില്‍ ഐ ഗ്രൂപ്പ് മത്സരിക്കുമെന്നും നേതാക്കള്‍ നിലപാടെടുത്തു. ജോസ് വള്ളൂരിനെയാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ആറ് സീറ്റെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യം നിലവില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നതിനാല്‍ വരും ദിവസങ്ങളില്‍ തര്‍ക്കം രൂക്ഷമായേക്കും. നിലപാടില്‍ നിന്ന് പിന്നോട്ടു പോകേണ്ടെന്നാണ് മുതിര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News