ക്രിക്കറ്റിലാകട്ടെ അല്ലെങ്കില്‍ മറ്റെന്തിലുമാകട്ടെ. ഇന്ത്യയാണോ പാകിസ്താനാണോ വലുത്. സാനിയ മിര്‍സയും ഷോയബ് മാലികും തമ്മില്‍ നടന്ന വാഗ്വാദത്തിന്റെ പ്രധാന ചിന്താവിഷയവും ചര്‍ച്ചാവിഷയവും ഇതായിരുന്നു. ഇതുരണ്ടും തമ്മില്‍ അടിച്ചുപിരിഞ്ഞോ എന്നു ചോദിക്കാന്‍ വരട്ടെ. സംഗതി ട്വന്റി-20 ലോകകപ്പിന്റെ ഭാഗമായി ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ പ്രൊമോഷനായി തയ്യാറാക്കിയ പരസ്യത്തിലാണ് ഭാര്യയും ഭര്‍ത്താവും തങ്ങളുടെ രാജ്യങ്ങളെ സംബന്ധിച്ച് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്. നെസ്‌ലെ എവരിഡേയുടെ ഈ ‘ട്വന്റി-20 സ്‌പെഷല്‍’ പരസ്യത്തില്‍ പരസ്പരം കൊച്ചുകൊച്ചു വാഗ്വാദത്തിലേര്‍പ്പെടുന്ന സാനിയയും മാലിക്കുമാണുള്ളതെങ്കിലും ആത്യന്തികമായ ലക്ഷ്യം ഇന്ത്യ-പാക് സമാധാനമാണ്. അതിനാല്‍ തന്നെ വിവാദങ്ങളെക്കാളേറെ ഒരു ചെറുപുഞ്ചിരി കൊണ്ട് സ്വീകരിക്കാവുന്ന വിധമാണ് പരസ്യമൊരുക്കിയിരിക്കുന്നതും.
ക്രിക്കറ്റിലായാലും ഭക്ഷണത്തിന്റെ കാര്യമായാലും അവനവന്റെ രാജ്യമാണ് മികച്ചതെന്ന് ഇരുവരും പരസ്യത്തില്‍ വാദിക്കുന്നു. അമൃത്‌സറിലെ ലഡു ഒന്നൊന്നര ലഡുവാണെന്ന് സാനിയ പറയുമ്പോള്‍, ലഡു അത്ര പോരാ, മുള്‍ട്ടാനിലെ ഹല്‍വയ്ക്കാണ് ടേസ്റ്റെന്നും പറഞ്ഞ് ശഷോയബ് കൗണ്ടര്‍ ചെയ്യുന്നു. ഷിംലയിലെ തണുപ്പോര്‍ത്ത് കുളിരു കോരുന്ന സാനിയ, എന്നാല്‍, ഷോയബിനെ സംബന്ധിച്ച് ഇസ്ലാമാബാദിലെ മഴയാണ് കുളിരു പകരുന്നത്. സച്ചിന്റെ സ്‌ട്രെയ്റ്റ് ഡ്രൈവിനോളം മനോഹരമായി ക്രിക്കറ്റില്‍ മറ്റെന്തുണ്ടെന്നു സാനിയ അഭിമാനം കൊള്ളുമ്പോള്‍ അക്തറിന്റെ യോര്‍ക്കര്‍ തീയുണ്ടയാണെന്ന് ഷോയബിന്റെ തിരിച്ചടി.
ഹിന്ദി പാട്ടുമൂളി ഇരിക്കുന്ന സാനിയയും പാക് പോപ് മ്യൂസികില്‍ ത്രസിച്ചിരിക്കുന്ന ഷോയബും. ഇതിനിടയില്‍പ്പെട്ടുഴലുന്ന വേലക്കാരന്‍ ഒടുവില്‍ ഇരുവര്‍ക്കും ഒരേഅഭിപ്രായം വരുന്ന ഒരു സംഗതി നല്‍കുന്നു. അതോടെ ഇരുവരും കൂള്‍. സാനിയ പിന്നെയുമൊന്ന് തട്ടിനോക്കുമ്പോഴും ഷോയബ് സ്‌നേഹത്തോടെ സൂചന നല്‍കുന്നുണ്ട്. ‘ഞാന്‍ തല്ലിനും വഴക്കിനുമൊന്നുമില്ലേ’ എന്ന്.
യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ലക്ഷക്കണക്കിനു ലൈക്കുകളും വാങ്ങി മുന്നേറുകയാണ്. ഒട്ടേറെ കമന്റുകളും വരുന്നുണ്ട്. പക്ഷേ വര്‍ഗീയ വിഷം തുപ്പുന്ന കമന്റുകള്‍ കുറവാണ്. വേലക്കാരനായി വരുന്നത് അക്തറാണെന്നും പാകിസ്താനിലെവിടെയാണ് പോപ് മ്യൂസിക്കെന്നും ചോദിച്ചുള്ള കളിയാക്കല്‍ കമന്റുകളും ഏറെയുണ്ട്. പക്ഷേ തമാശയ്ക്കു ചെയ്ത ഒരു പരസ്യം അതിന്റെ അതേ സ്പിരിറ്റോടെ തന്നെയാണ് കാഴ്ചക്കാര്‍ ഏറ്റെടുത്തിരിക്കുന്നതും.
Get real time update about this post categories directly on your device, subscribe now.
Discussion about this post