ദില്ലി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ എല്ലാം ഇപ്പോള്‍ കംപ്യൂട്ടറിനും ഫേസ്ബുക്കിനും മുന്നിലാണ്. എങ്ങനെയും ഫോളോവേഴ്‌സിനെ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. തെരഞ്ഞെടുപ്പും ഫേസ്ബുക്കും തമ്മില്‍ എന്തുബന്ധം എന്നു ചിന്തിച്ച് നെറ്റി ചുളിക്കാന്‍ വരട്ടെ. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പുതിയ മാനദണ്ഡം തയ്യാറാക്കുന്നതായാണ് സൂചന. അതായത് ഫേസ്ബുക്കില്‍ കുറഞ്ഞത് 25,000 ലൈക്കോ ഫോളോവേഴ്‌സോ ഉള്ളവര്‍ക്ക് മാത്രമേ സീറ്റ് നല്‍കൂ എന്നാണ് അമിത് ഷായുടെ നിലപാട്.
സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത ബിജെപി നേതാക്കളെ അതിനു പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിനാല്‍ മാറുന്ന ലോകത്തിന്റെ മുഖം മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിഗമനം. ഈ സാഹചര്യം മാറിയേ തീരൂ. എങ്കില്‍ മാത്രമേ യുവാക്കളുമായി കൂടുതല്‍ അടുക്കാന്‍ നേതാക്കള്‍ക്ക് സാധിക്കുകയുള്ളു. അതിനാല്‍ ഫേസ്ബുക്കിലെ ലൈക്കും ഫോളോവേഴ്‌സും തന്നെയാകും നിയമസഭയിലേക്ക് ടിക്കറ്റ് നല്‍കുന്ന കാര്യത്തില്‍ മാനദണ്ഡമാകുക. അതായത് സാമൂഹിക പ്രശ്‌നങ്ങളില്‍ ഒരു വ്യക്തി നടത്തുന്ന ഇടപെടലാണ് ലൈക്കിലും ഫോളോവേഴ്‌സിലും പ്രതിഫലിക്കുന്നതെന്നാണ് ്അമിത് ഷായുടെ വിലയിരുത്തല്‍.
അടുത്ത വര്‍ഷമാണ് യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നത്. ഇതാകട്ടെ ബിജെപിയെ സംബന്ധിച്ച് ഏറെ നിര്‍ണായകവുമാണ്. ഇതുമുന്നില്‍ കണ്ടാണ് യുപി പിടിക്കാന്‍ അമിത് ഷാ പുതിയ തന്ത്രങ്ങളുമായി സജീവമായി ഇറങ്ങിയിട്ടുള്ളത്. ഈ ആശയവിനിമയത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഫേസ്ബുക്ക് മാനദണ്ഡം അമിത് ഷാ വിശദീകരിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് അടക്കം ഇതോടെ വെട്ടിലായിരിക്കുകയാണ്. ലക്ഷ്മികാന്ത് ബാജ്‌പേയി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പദമാണ്. ഇപ്പോള്‍ ട്വിറ്ററില്‍ ഉള്ളതാകട്ടെ 10,000 ഫോളോവേഴ്‌സും. അടുത്ത മൂന്നുമാസത്തിനകം ഇത് 25,000 ആക്കിയാല്‍ മാത്രമേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പറ്റൂ.
Get real time update about this post categories directly on your device, subscribe now.
Discussion about this post