പാകിസ്താനിലേക്ക് പോകാന്‍ പറയുന്നവരോട്; ഇന്ത്യയേക്കാള്‍ സന്തോഷം പാകിസ്താനിലുണ്ടെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട്; പട്ടിണിയും ദാരിദ്ര്യവും കൊടികുത്തിവാഴുന്ന സോമാലിയ ഇന്ത്യയേക്കാള്‍ 42 റാങ്ക് മുന്നില്‍

ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ സന്തോഷമുള്ള രാജ്യമേത്, ഇന്ത്യയോ അതോ പാകിസ്താനോ എന്ന ചോദ്യത്തിന് ഇനി നിസംശയം ഉത്തരം പറയാം. പാകിസ്താന്‍. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന പരിഹാര ശൃഖല പുറത്തുവിട്ട പട്ടികയിലാണ് ഇന്ത്യയേക്കാള്‍ സന്തോഷമുള്ള രാജ്യം പാകിസ്താന്‍ ആണെന്ന് വ്യക്തമായത്. പാകിസ്താന് പുറമേ അയല്‍രാജ്യങ്ങളായ ചൈനയും ബംഗ്ലാദേശും പട്ടികയില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്.

ആകെ 156 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ നൂറിന് പുറത്താണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം 117-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ ഒരു സ്ഥാനം നഷ്ടപ്പെട്ട് 118-ാമതായി. 2013ല്‍ 111-ാം സ്ഥാനത്തായിരുന്നു എന്നോര്‍ക്കുമ്പോഴാണ് സന്തോഷം കൂടുതല്‍ കുറയുന്നത്. ഇന്ത്യയേക്കാള്‍ 26 സ്ഥാനം മുന്നിലുള്ള പാകിസ്താന്‍ 92-ാം സ്ഥാനത്താണ്. ചൈന (82), ഇറാന്‍ (105), പലസ്തീന്‍ (108), ബംഗ്ലാദേശ് (110) എന്നിവരാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള പ്രധാന അയല്‍ രാജ്യങ്ങള്‍.

പട്ടിണിയും അരക്ഷിതാവസ്ഥയും കൊടികുത്തിവാഴുന്ന സൊമാലിയ പട്ടികയില്‍ 76-ാം സ്ഥാനത്താണ്. ആഭ്യന്തര പ്രശ്‌നങ്ങളും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്ന ഈജിപ്ത്, യെമന്‍, ബോട്‌സ്വാന തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് കൂട്ടിനുള്ള മറ്റ് രാജ്യങ്ങള്‍. ഇവിടങ്ങളില്‍ അതിവേഗം സന്തോഷം കുറയുന്നു എന്നാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഡെന്‍മാര്‍ക്കാണ് സന്തോഷരാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത്. സഞ്ചാരികളുടെ പറുദീസയെന്നറിയപ്പെടുന്ന സ്വിറ്റ്‌സര്‍ലന്‍ഡിനെ പിന്തള്ളിയാണ് ഡെന്‍മാര്‍ക്ക് ഒന്നാമതെത്തിയത്. സ്വിറ്റ്‌സര്‍ലന്‍ഡ് (2), ഐസ്‌ലന്‍ഡ് (3), നോര്‍വേ (4), ഫിന്‍ലന്‍ഡ് (5) എന്നിവരാണ് ലോകരാജ്യങ്ങളിലെ മുമ്പന്‍മാര്‍. റുവാണ്ട, ബെനിന്‍, അഫ്ഗാനിസ്താന്‍, ടോഗോ, സിറിയ, ബറുണ്ടി, എന്നിവരാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം, ആയുര്‍ദൈര്‍ഘ്യം, സാമൂഹികാന്തരീക്ഷം, സന്തോഷം നല്‍കുന്ന ഘടകങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയവയാണ് പഠനത്തിന് അടിസ്ഥാനമായെടുത്തത്. സാമ്പത്തികം, മനശാസ്ത്രം, സര്‍വേ വിവരങ്ങള്‍, ദേശീയ ശരാശരി, ആരോഗ്യം, പൊതുനയം തുടങ്ങിയ ഘടകങ്ങളും പഠനത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്.

മാര്‍ച്ച് 20 ലോക സന്തോഷ ദിനമായി ആഘോഷിക്കുന്നതിന് മുന്നോടിയായാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പുതിയ കാലഘട്ടത്തില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ തീരുമാനിക്കപ്പെടുന്നതിനുള്ള മാനദണ്ഡമായി ഈ പഠനം മാറിയിട്ടുണ്ടെന്ന് എസ്ഡിഎസ്എന്‍ പറയുന്നു. റാങ്കിംഗില്‍ പിന്നോട്ട് പോകുന്ന രാജ്യങ്ങളില്‍ അസന്തുലിതാവസ്ഥ വര്‍ദ്ധിക്കുന്നതായും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here