സംസ്ഥാനത്ത് സിപിഐഎമ്മിനെ ലക്ഷ്യമിട്ട് വന്‍ കലാപത്തിന് ആര്‍എസ്എസ് ശ്രമമെന്ന് ഇന്റലിജന്‍സിന് വിവരം; കാട്ടായിക്കോണം അക്രമം ടെസ്റ്റ്‌ഡോസ്; മൃദുവായി കാണമെന്ന് ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഐഎമ്മിനെ ലക്ഷ്യമിട്ട് ആര്‍എസ്എസ് വന്‍ സംഘര്‍ഷത്തിനും അതുവഴി കലാപത്തിനും ലക്ഷ്യമിടുന്നതായി സംസ്ഥാന ഇന്റലിജന്‍സിന് വിവരം. എട്ടു ജില്ലകളില്‍ ആസൂത്രിത ആക്രമണത്തിന് സാധ്യതയുണ്ടെന്നും അതിന്റെ ടെസ്റ്റ് ഡോസാണ് കഴിഞ്ഞദിവസം തിരുവനന്തപുരം കാട്ടായിക്കോണത്തു കണ്ടതെന്നും രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. സിപിഐഎമ്മിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളായതിനാല്‍ മൃദുവായി നേരിട്ടാല്‍ മതിയെന്ന് ആഭ്യന്തര വകുപ്പ് പൊലീസിന് നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്നും മലപ്പുറത്തുനിന്നുള്ള റഷീദ് ആനപ്പുറത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി രഹസ്യധാരണയുള്ള കോണ്‍ഗ്രസും യുഡിഎഫും ആക്രമണത്തിന് സഹായം നല്‍കുകയാണ്. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവന്തപുരം ജില്ലകളിലാണ് സംഘര്‍ഷ സാധ്യത. ആര്‍എസ്എസിന്റെയും ബിജെപിയുടെയും കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണപദ്ധതി. കണ്ണൂരില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ നേതൃത്വത്തില്‍ നടന്ന ചിന്തന്‍ ബൈഠക്കിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. തെരഞ്ഞെടുപ്പില്‍ ഏതുവിധേനെയും അക്കൗണ്ട് തുറക്കണമെന്നാണ് കേരളത്തിലെ ബിജെപി നേതൃത്വത്തിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അക്രമമുണ്ടാക്കി ഹൈന്ദവ വികാരമുണ്ടാക്കി അതുവഴി വോട്ട് നേടാനാണ് ബിജെപി നീക്കം.

ആര്‍എസ്എസുകാര്‍ക്കെതിരായ പല കേസുകളും അടുത്തനാളുകളില്‍ യുഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. കൊട്ടാരക്കര പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിട്ടും ആര്‍എസ്എസുകാര്‍ക്കെതിരേ നടപടിയുണ്ടായിട്ടില്ല. കാട്ടായിക്കോണത്ത് അക്രമം നടത്തിയവര്‍ പലരും ജില്ലയ്ക്കു പുറത്തുനിന്നുവന്നവരാണെന്നതും ആസൂത്രിത ഗൂഢാലോചനയ്ക്കു തെളിവാണ്. ആര്‍ക്കുമെതിരേ നടപടിക്കു പൊലീസ് തയാകായിട്ടില്ല. ബിജെപിക്കാര്‍ക്കെതിരേ കാര്യമായ നടപടി വേണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. തിങ്കളാഴ്ച നടന്ന അക്രമത്തില്‍ പരുക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അമല്‍കൃഷ്ണന്‍ ചെങ്ങന്നൂര്‍ സ്വദേശിയാണെന്നാണ് ആദ്യം ബിജെപി കേന്ദ്രങ്ങള്‍ അറിയിച്ചത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ചങ്ങനാശേരി സ്വദേശിയാണെന്നാണ് തെളിഞ്ഞത്. തിരുവനന്തപുരത്ത് എന്‍ജിനീയറിംഗ് പഠനത്തിനെത്തിയ അമല്‍ കൃഷ്ണയെ പിന്നീട് ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് നിയോഗിക്കുകയായിരുന്നു. അങ്ങനെയാണ് കഴക്കൂട്ടത്ത് തമ്പടിച്ചിരുന്നത്. അക്രമിസംഘത്തിലെ പലരും മഞ്ചേശ്വരം, കാഞ്ഞങ്ങാട്, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണെന്നും വ്യക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News