സുധീരന്റെ വാക്കിന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല; ജനവിരുദ്ധ തീരുമാനം പിന്‍വലിപ്പിക്കാന്‍ കഴിയാത്ത സുധീരന്‍ രാജിവെച്ചൊഴിയണമെന്നും വിഎസ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ വാക്കിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റവന്യൂ മന്ത്രി അടൂര്‍ പ്രകാശും പുല്ലുവില പോലും കല്‍പ്പിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. കരുണ എസ്‌റ്റേറ്റിന് കരം അടയ്ക്കാന്‍ അനുവദിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചേ മതിയാവൂ എന്ന് ആവശ്യപ്പെട്ടിട്ടും നടപ്പാക്കാത്തത് ഇതിന് ഉദാഹരണമാണെന്നും വിഎസ് പറഞ്ഞു.

കൊള്ള നടത്തിയ മന്ത്രിമാരെ നിലയ്ക്കു നിര്‍ത്തുമെന്നും ഉത്തരവ് പിന്‍വലിപ്പിക്കും എന്നുമാണ് സുധീരന്‍ തട്ടിവിട്ടത്. ഉത്തരവ് പിന്‍വലിക്കില്ലെന്നാണ് മുഖ്യമന്ത്രി അര്‍ത്ഥശങ്കക്കിടയില്ലാതെ പറഞ്ഞത്. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും കോണ്‍ഗ്രസുകാരും ചേര്‍ന്ന് സുധീരനെ നിലയ്ക്കു നിര്‍ത്താന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുകയാണെന്നും വിഎസ് പറഞ്ഞു.

ജനവിരുദ്ധമായ തീരുമാനം തന്റെ കീഴിലുള്ള മുഖ്യമന്ത്രിയെയും മന്ത്രിയെയും കൊണ്ട് പിന്‍വലിപ്പിക്കാന്‍ കഴിയാത്ത സുധീരന്‍ ഇനിയും കെപിസിസി പ്രസിഡന്റായി തുടരുത് അപമാനകരമാണ്. ഒന്നുകില്‍ ജനവിരുദ്ധ ഉത്തരവ് പിന്‍വലിപ്പിക്കണം. അല്ലെങ്കില്‍ സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചൊഴിയണം. അങ്ങനെയെങ്കിലും സുധീരന്‍ സ്വന്തം വാക്കുകളോട് കൂറുപുലര്‍ത്തണമെന്നാണ് തന്നെപ്പോലുള്ളവര്‍ ആശിക്കുന്നതെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here