ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിനായി ബിജെപി സംസ്ഥാന ഘടകം കൈമാറിയ സ്ഥാനാര്‍ത്ഥി പട്ടിക ദേശീയ നേതൃത്വം തള്ളി. പട്ടികയില്‍ പൊതു സമ്മതരെ ഉള്‍പ്പെടുത്താത്തതില്‍ സംസ്ഥാന നേതൃത്വത്തെ കേന്ദ്ര നേതാക്കള്‍ വിമര്‍ശിച്ചു. സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത, മുന്‍ തെരഞ്ഞെടുപ്പുകളിലെ പ്രകടനം എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ ബയോഡാറ്റ നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ഘടകം നല്‍കിയ പട്ടികയില്‍ മാറ്റമുണ്ടായേക്കുമെന്നും ദേശീയ നേതാക്കള്‍ പറഞ്ഞു.
22 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തിന് കൈമാറിയത്. പട്ടിക പരിശോധിച്ച ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി പട്ടിക അപൂര്‍ണ്ണമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ഈ മണ്ഡലങ്ങളില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ ഇവര്‍ മാത്രമാണോ എന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആരാഞ്ഞു. പൊതുസമ്മതരെ ഉള്‍പ്പെടുത്താത്തത് എന്തെന്നും ദേശീയ നേതാക്കള്‍ ചോദിച്ചു.
കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരം നേടുന്നതിന് മുന്‍പ് സ്ഥാനാര്‍ത്ഥി പട്ടിക കേരള ബിജെപി ഘടകത്തിന്റെ ഔദ്യോഗിക വെബ്‌സെറ്റില്‍ പ്രസിദ്ധീകരിച്ചതിനെയും ദേശീയ നേതൃത്വം ചോദ്യം ചെയ്തു. സംസ്ഥാന ഘടകം ഏകപക്ഷീയമായാണ് 22 മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്നും ഇവര്‍ വിജയസാധ്യത ഇല്ലാത്തവരാണെന്നുമുള്ള പരാതി കേരളത്തില്‍ നിന്നു തന്നെ ലഭിച്ചിട്ടുണ്ടെന്നും യോഗത്തില്‍ അമിത് ഷാ അറിയിച്ചു.
ബിജെപി ദേശീയ നേതൃത്വം സ്വകാര്യ ഏജന്‍സിയെ വച്ച് നടത്തിയ പഠനത്തില്‍ നിര്‍ദ്ദേശിച്ച പേരുകള്‍ പട്ടികയില്‍ ഇടം പിടിക്കാത്തതാണ് പട്ടിക തള്ളാനുള്ള മറ്റൊരു കാരണം. ഘടകകക്ഷികളുടെ കൂടി സമ്മതം വാങ്ങി സ്ഥാനാര്‍ത്ഥിയുടെ സമഗ്രമായ ബയോഡാറ്റ ഉള്‍പ്പെടെ പുതിയ പട്ടിക സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം പട്ടിക പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ജെപി നഡ്ഡ പറഞ്ഞു. സംസ്ഥാന ഘടകം സമര്‍പ്പിച്ച പട്ടികയില്‍ മാറ്റമുണ്ടായേക്കുമെന്നും ദേശീയ നേതാക്കള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here