ജെഎന്‍യു വിവാദം; ഉമര്‍ ഖാലിദിന്റെയും അനിര്‍ബന്റെയും ജാമ്യഹര്‍ജിയില്‍ ഇന്നു വിധി; തെളിവു ഹാജരാക്കാനാകാതെ പൊലീസ്

ദില്ലി: ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ ജയിലില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിന്റേയും അനിര്‍ബാന്‍ ഭട്ടാചാര്യയുടേയും ജാമ്യഹര്‍ജിയില്‍ ഇന്നു ദില്ലി പട്യാല കോടതി വിധി പറയും. വാദത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ തെളിവ് ഹാജരാക്കാന്‍ ദില്ലി പൊലീസിന് കഴിഞ്ഞിരുന്നില്ല. കനയ്യ അടക്കമുള്ളവര്‍ രാജ്യദ്രോഹമുദ്രാവാക്യം വിളിച്ചതിനു തെളിവില്ലെന്നായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. ഫെബ്രുവരി 23ന് പൊലീസില്‍ കീഴടങ്ങിയ ഇരുവരും അന്നുമുതല്‍ ജയിലില്‍ കഴിയുകയാണ്.

ഉമര്‍ ഖാലിദിനെയും അനിര്‍ബാനെയും ഇതിനകം പൊലീസ് നിരവധി തവണ ചോദ്യം ചെയ്തിട്ടുണ്ട്. പക്ഷെ ആരോപിക്കപ്പെട്ടത് പോലുള്ള തെളിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രണ്ടു പേരെയും പട്യാല കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജാമ്യഹര്‍ജിയെ ദില്ലി പൊലീസ് എതിര്‍ക്കുന്നുണ്ടെങ്കില്‍ പോലും വാദത്തിനിടെ കേസിന് കാരണമായ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഇന്നു പട്യാല കോടതി ജാമ്യം അനുവദിക്കുമെന്നാണ് വിദ്യാര്‍ത്ഥികളുടെ അഭിഭാഷകര്‍ പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here