വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്താന്‍ മന്ത്രി എം.കെ മുനീറിന്റെ ഓഫീസ് ഇടപെട്ടു; വോട്ടുകള്‍ തള്ളാന്‍ മന്ത്രിയുടെ സ്റ്റാഫ് അപേക്ഷ നല്‍കി; അപേക്ഷകള്‍ പിന്നീട് കുറ്റിക്കാട്ടില്‍ കണ്ടെത്തി

കോഴിക്കോട്: വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താന്‍ മന്ത്രി എം.കെ മുനീറിന്റെ ഓഫീസ് ഇടപെട്ടതായി ആരോപണം. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ അഞ്ഞൂറിലേറെ വോട്ടുകള്‍ തള്ളാനായി മന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരം മന്ത്രിയുടെ സ്റ്റാഫ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അപേക്ഷ നല്‍കി. സംഭവത്തെ തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസ് ഉപരോധിച്ചു. മന്ത്രിയുടെ സ്റ്റാഫ് നല്‍കിയ അപേക്ഷ പിന്നീട് താലൂക്ക് ഓഫീസിന്റെ പിന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് മന്ത്രി എംകെ മുനീറിന്റെ സ്റ്റാഫിലുള്‍പ്പെട്ട നാസര്‍ എസ്റ്റേറ്റ് മുക്കില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്താനായി മന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരം കോഴിക്കോട് താലൂക്ക് ഓഫീസില്‍ അഞ്ഞൂറിലേറെ അപേക്ഷ ഒരുമിച്ച് നല്‍കിയത്. മന്ത്രി എം.കെ മുനീര്‍ മത്സരിക്കുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ വോട്ടുകള്‍ തള്ളുന്നതിനും അനര്‍ഹരായ യുഡിഎഫ് പ്രവര്‍ത്തകരുടെ വോട്ടുകള്‍ ഉള്‍പ്പെടുത്തുന്നതിനുമാണ് അപേക്ഷ നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തുന്നതിനായി മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതറിഞ്ഞ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസില്‍ ഉപരോധ സമരം നടത്തി.

Mk-Muneer-1

തുടര്‍ന്ന് നടത്തിയ ചര്‍ച്ചക്കൊടുവില്‍ അപേക്ഷയിന്‍മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്ന് തഹസില്‍ദാര്‍ രേഖാമൂലം എഴുതിനല്‍കി. മന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരം നല്‍കിയ അപേക്ഷകള്‍ കാണണമെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും അങ്ങനെ അപേക്ഷകള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു ക്രമക്കേടിന് കൂട്ട് നിന്ന ഭരണാനുകൂല സംഘടനാ നേതാക്കളുടെ വാദം. തുടര്‍ന്ന് തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഇലക്ഷന്‍ വിഭാഗം ഓഫീസില്‍ പരിശോധനാ നടത്തിയെങ്കിലും അപേക്ഷകള്‍ കണ്ടെത്താനായില്ല. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം കെട്ടിടത്തിനു പിന്നിലെ കുറ്റിക്കാട്ടില്‍ നിന്ന് നൂറുകണക്കിന് അപേക്ഷകള്‍ പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

പ്രതിഷേധത്തിനിടെ എഡിഎം സംഭവസ്ഥലത്തെത്തിയപ്പോള്‍ ഒളിപ്പിച്ചുവച്ച അപേക്ഷകള്‍ ജനാല വഴി ഭരണാനുകൂല സംഘടനാ നേതാക്കള്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.
ജില്ലാ കലക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പരാതി നല്‍കി. നാലു മണിക്കൂറിലേറെ നീണ്ട പ്രതിഷേധ സമരം അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ജില്ലാ കലക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here