മേജര്‍ രവി സഹപ്രവര്‍ത്തകനാണ് എന്നു പറയാന്‍ തന്നെ ലജ്ജ തോന്നുന്നെന്ന് സംവിധായകന്‍ കമല്‍; നാട് നീങ്ങുന്നത് ഭീകരമായ കാലത്തിലേക്കെന്നും കമല്‍

കൊച്ചി: വനിതാ മാധ്യമപ്രവര്‍ത്തകയെ മുഖത്തു തുപ്പുമെന്നു പറഞ്ഞ് അപമാനിച്ച മേജര്‍ രവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ കമല്‍. സഹപ്രവര്‍ത്തകനെന്ന നിലയില്‍ മേജര്‍ രവിയെക്കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നെന്ന് കമല്‍ പറഞ്ഞു. വനിതാ മാധ്യമപ്രവര്‍ത്തകയുടെ മുഖത്ത് തുപ്പുമെന്ന് തീവ്ര വലതുതീവ്രവാദ ചിന്താഗതിക്കാരനായ മേജര്‍ രവി പറഞ്ഞു. പറയുക മാത്രമല്ല , ചെയ്യുകയും ചെയ്യുന്ന ഭീകരമായ കാലത്തിലേക്കാണ് നാട് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും കമല്‍ ഓര്‍മ്മിപ്പിച്ചു. മഹാനടന്മാര്‍ പോലും ബ്രെയിന്‍ വാഷ് ചെയ്യപ്പെടുന്നുവെന്നത് ഭയപ്പെടുത്തുന്നുവെന്നും കമല്‍ പറഞ്ഞു. കൊച്ചിന്‍ സര്‍വകലാശാല കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമല്‍.

പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും, ജെഎന്‍യുവും പുരോഗമനമായി ചിന്തിക്കുന്ന, മഹാന്മാരെ സംഭാവന ചെയ്ത ഇന്ത്യന്‍ കലാലയങ്ങളാണ്. ഇന്ത്യന്‍ ചലച്ചിത്രത്തിന് നവധാര നല്‍കിയ കാമ്പസാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. അവിടേക്കുള്ള കടന്നുകയറ്റം തലമുറയ്ക്ക് മേല്‍ കത്തിവെക്കുന്നതിന് തുല്യമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ഫാഷിസ്റ്റ് നീക്കത്തിന്റെ ഭാഗമാണ് ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളില്‍ അടുത്തിടെ നടക്കുന്ന സംഭവ വികാസങ്ങളെന്നും കമല്‍ പ്രതികരിച്ചു.

അതിനെതിരെ കാമ്പസുകള്‍ നടത്തുന്ന പ്രതിരോധങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും കമല്‍ പറഞ്ഞു. കേരളീയ കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചത് ആദ്യം വലതുപക്ഷ വത്കരണത്തിനും, പിന്നീട് മതസംഘടനകള്‍ക്ക് നുഴഞ്ഞുകയറാനും സഹായകരമാക്കി മാറ്റിയെന്നും കമല്‍ അഭിപ്രായപ്പെട്ടു. കലാലയ രാഷ്ട്രീയ നിരോധനം ഭരണാധികാരികള്‍ പുനരാലോചിക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News