മണി മരിച്ചത് കീടനാശിനി ഉള്ളിൽചെന്ന്; മണിയുടെ ശരീരത്തില്‍ മാത്രം മെഥനോള്‍ എങ്ങനെ വന്നു; സഹായികളെത്തന്നെ സംശയം; ദുരൂഹത വർധിക്കുന്നു

തൃശൂർ/കൊച്ചി: കലാഭവന്‍ മണിയുടെ ശരീരത്തില്‍ ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെ അംശം കണ്ടെത്തിയതു മരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ചു. ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലത്തിലാണു ക്ലോര്‍പൈറിഫോസിന്റെ അംശം കണ്ടെത്തിയത്. ചെടികളില്‍ അടിക്കുന്ന കീടനാശിനിയായ ക്ലോര്‍പൈറിഫോസ് മനുഷ്യരില്‍ മരണത്തിനു വരെ കാരണമാകുന്നതാണ്. മനുഷ്യന്റെ നാഡീവ്യവസ്ഥയെയാണ് ക്ലോര്‍പൈറിഫോസ് ബാധിക്കുക. മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം കുറവായിരുന്നെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കുറഞ്ഞ അളവിലാണ് മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്തിയത്. ഇതു ചികിത്സയില്‍ കുറഞ്ഞതാകാമെന്നാണു ഡോക്ടര്‍മാരുടെ നിഗമനം. അതേസമയം, മണിയോടൊപ്പം മദ്യപിച്ചവരിലും മെഥനോളിന്റെ അംശം കാണേണ്ടതാണ്. മണിയില്‍ മാത്രം മെഥനോള്‍ എങ്ങനെയെത്തിയെന്നതും സംശയകരമാണ്. കൂടാതെ ഇന്നലെ അറസ്റ്റിലായ സഹായികളെ പൊലീസ് കൂടുതല്‍ സംശയിക്കുന്നുണ്ട്. പാടി തിടുക്കപ്പെട്ട് കഴുകി വൃത്തിയാക്കിയ നടപടിയാണ് പൊലീസ് സംശയിക്കുന്നത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യും. രാസപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കൂടുതല്‍ അന്വേഷണം ആകാമെന്നാണ് പൊലീസ് നിലപാട്.

അതേസമയം അന്വേഷണ സംഘത്തെ വിപുലീകരിക്കാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണച്ചുമതല കൈമാറാനാണ് ആലോചിക്കുന്നത്. മണിയുടെ ശരീരത്തില്‍ എങ്ങനെയാണ് ക്ലോര്‍പൈറിഫോസ് എത്തിയെന്നാണ് ഇനി കണ്ടെത്തേണ്ടത്. മദ്യത്തില്‍ കലര്‍ന്നതാണോ മറ്റേതെങ്കിലും തരത്തില്‍ എത്തിയതാണോ എന്നും വ്യക്തമാകേണ്ടതുണ്ട്.സ

മരിക്കുന്നതിനു തലേദിവസം മണി മദ്യപിച്ചിരുന്നതായി മണിയുടെ ഭാര്യ നിമ്മി പറഞ്ഞു. ഒരിക്കല്‍ മഞ്ഞപ്പിത്തം വന്നതിനു ശേഷം മണി സ്ഥിരമായി മദ്യപിക്കാറില്ലായിരുന്നു. ഡോക്ടര്‍മാരും വിലക്കിയിരുന്നതാണ്. എന്നാല്‍, സുഹൃത്തുക്കള്‍ വരുമ്പോള്‍ മദ്യം കൊണ്ടുവരാറുണ്ട്. ഇത്തരം സമയങ്ങളില്‍ വിശ്രമകേന്ദ്രമായ പാടിയില്‍ ഇരുന്നാണ് മദ്യപിച്ചിരുന്നത്. വല്ലപ്പോഴും ബിയര്‍ മാത്രമാണ് കഴിക്കാറുണ്ടായിരുന്നത്. എന്നാല്‍, മരിക്കുന്നതിനു തലേദിവസം ചാരായ സല്‍ക്കാരമാണ് നടന്നതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും നിമ്മി പറഞ്ഞു.

മണിക്ക് കരള്‍ രോഗം ഉണ്ടായിരുന്നതായി തന്നെ അറിയിച്ചിട്ടില്ലായിരുന്നു. മണിക്ക് ശത്രുക്കള്‍ ആരും തന്നെ ഇല്ല. മണി ആത്മഹത്യ ചെയ്യില്ല. താനും മണിയും തമ്മില്‍ പ്രശ്നമുണ്ടെന്നു പറയുന്നത് ശരിയല്ല. ഞങ്ങള്‍ മാറിത്താമസിക്കുന്നില്ല. യാതൊരു പ്രശ്നവുമില്ല. ഷൂട്ട് ഇല്ലാത്ത സമയങ്ങളില്‍ മണി ഇവിടെ തന്നെയാണ് കഴിയാറുണ്ടായിരുന്നതെന്നും നിമ്മി പറഞ്ഞു. രാസപരിശോധനാ ഫലം വന്ന ശേഷം പരാതി നല്‍കണമെങ്കില്‍ നല്‍കുമെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. രാസപരിശോധനാഫലം ഇന്നു ലഭിക്കും.

അതേസമയം, മരിക്കുന്നതിനു തലേദിവസം മണിയുടെ പാടിയില്‍ ചാരായം കൊണ്ടുവന്നതിന് പൊലീസിന് തെളിവുകള്‍ ലഭിച്ചു. സുഹൃത്തുക്കളായ ഡ്രൈവര്‍ അരുണ്‍, ഭാര്യാബന്ധു ബിപിന്‍, സഹായി മുരുകന്‍ എന്നിവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. അതിഥികള്‍ വരുമ്പോഴാണ് ചാരായം കൊണ്ടുവരാറുണ്ടായിരുന്നത്. മരിക്കുന്നതിനു തലേദിവസം ചാരായം കൊണ്ടുവന്നിരുന്നു. എന്നാല്‍, ഇത് ആരാണ് കൊണ്ടുവന്നത് എന്നാണ് ഇനി സഹായികളില്‍ നിന്ന് അറിയാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News