ഉത്തരകൊറിയ വീണ്ടും മിസൈല്‍ വിക്ഷേപിച്ചു; ജപ്പാന്റെ കിഴക്കന്‍ കടലിലേക്ക് വിക്ഷേപിച്ചത് റോഡോംഗ് സ്‌കഡ് മിസൈല്‍

സോള്‍: ഉത്തര കൊറിയ വീണ്ടും കടല്‍ ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയ ആരോപിച്ചു. കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ ഉണ്ടാകുമെന്നും യുദ്ധത്തിനൊരുങ്ങാനും കിം ജോംഗ് ഉന്നിന്റെ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കകമാണ് ഉത്തര കൊറിയ വീണ്ടും മിസൈല്‍ വിക്ഷേപിച്ചത്. ഉത്തര കൊറിയയുടെ തെക്കുപടിഞ്ഞാറന്‍ തീരമായ സുഖോണില്‍ നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ 5.55നാണ് വിക്ഷേപണം ഉണ്ടായതെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ജപ്പാന്‍ കടല്‍ എന്നറിയപ്പെടുന്ന കിഴക്കന്‍ കടലില്‍ 800 കിലോമീറ്റര്‍ ദൂരത്താണ് മിസൈല്‍ പതിച്ചത്.

ഏതുതരം മിസൈലാണ് വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ഇത് സ്‌കഡ് ഇനത്തില്‍ പെട്ട റോഡോംഗ് മിസൈല്‍ ആണെന്ന് സൗത്ത് കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 1,300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള സ്‌കഡ് മിസൈല്‍ ആണിത്. ഒരിടവേളയ്ക്കു ശേഷം കൊറിയകള്‍ക്കിടയില്‍ ആശങ്ക പടരാന്‍ തുടങ്ങിയത് ജനുവരി 6ന് ഉത്തര കൊറിയ ആണവപരീക്ഷണം നടത്തിയപ്പോഴാണ്. ഒരുമാസം കഴിഞ്ഞപ്പോള്‍ ജപ്പാനെ ലക്ഷ്യമാക്കി ഒരു ബാലിസ്റ്റിക് മിസൈലും വിക്ഷേപിച്ചു. ഇതിനുശേഷം ഉത്തര കൊറിയക്കെതിരെ അമേരിക്കയും ഐക്യരാഷ്ട്രസഭയും വിലക്ക് ശക്തമായിരുന്നു.

ബുധനാഴ്ചയാണ് ഉത്തര കൊറിയക്കെതിരായ ഐക്യരാഷ്ട്രസഭാ വിലക്കുകളില്‍ അമേരിക്ക ഒപ്പുവച്ചത്. മാര്‍ച്ച് 10നാണ് രണ്ട് ഹ്രസ്വദൂര മിസൈലുകള്‍ ഉത്തര കൊറിയ വിക്ഷേപിച്ചത്. തൊട്ടുപിന്നാലെ ആണവയുദ്ധത്തിനൊരുങ്ങാന്‍ സ്വന്തം സൈനികര്‍ക്ക് കിം ജോംഗ് ഉന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News