ബിഎസ്എന്‍എല്ലില്‍ നിന്ന് ഇനി ലോക്കല്‍ കോള്‍ നിരക്കില്‍ എവിടെ നിന്നും ഐഎസ്ഡി വിളിക്കാം; ലാന്‍ഡ്‌ഫോണ്‍ മൊബൈല്‍ ഫോണില്‍ കൊണ്ടു നടക്കാവുന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കി

ദില്ലി: ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത. ലോക്കല്‍ കോള്‍ നിരക്കില്‍ ഇനി ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും ഇനി ഐഎസ്ഡി വിളിക്കാം. സ്വന്തം ലാന്‍ഡ്‌ഫോണ്‍ കണക്ഷന്‍ മൊബൈല്‍ ഫോണില്‍ കൊണ്ടുനടക്കാവുന്ന ഫിക്‌സഡ് മൊബൈല്‍ ടെലിഫോണി സര്‍വീസ് ആപ്പ് ദില്ലിയില്‍ ബിഎസ്എന്‍എല്‍ എംഡി അനുപം ശ്രീവാസ്തവ പുറത്തിറക്കി. ഏപ്രില്‍ 2 മുതല്‍ ആപ്പ് ഉപയോഗിക്കാനാകുമെന്ന് ശ്രീവാസ്തവ അറിയിച്ചു. ഈ സൗകര്യം ഉപയോഗിക്കുന്നതിനു മാസവാടക പോലെ നിശ്ചിത നിരക്ക് ഉണ്ടെങ്കിലും അത് കോള്‍ നിരക്കുകളെ ബാധിക്കില്ല.

ഫിക്‌സഡ് മൊബൈല്‍ ടെലിഫോണി സര്‍വീസ് ഉള്ള ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ എടുക്കുന്ന ആര്‍ക്കും പുതിയ സേവനം ഉപയോഗിക്കാം. എഫ്എംടിക്കായി പുറത്തിറക്കുന്ന മൊബൈല്‍ ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുക. ലാന്‍ഡ്‌ഫോണ്‍ നമ്പര്‍ ഉപയോക്താവിന്റെ വിലാസമാക്കി മാറ്റി ഇന്റര്‍നെറ്റ് മുഖേനയാണ് സേവനം ലഭിക്കുക. ലാന്‍ഡ്‌ഫോണ്‍ വീട്ടിലാണെങ്കിലും ഒരു വെര്‍ച്വല്‍ ലാന്‍ഡ്‌ഫോണ്‍ നമ്മുടെ മൊബൈല്‍ ഫോണില്‍ ഉണ്ടെന്നതാണ് പ്രത്യേകത. നമ്മള്‍ പുറത്തുപോയാലും ലാന്‍ഡ് ഫോണിലേക്ക് വരുന്ന കോളുകള്‍ മൊബൈലിലേക്ക് വരും. മൊബൈല്‍ ഫോണില്‍ ഡാറ്റാ നെറ്റ് വര്‍ക്കിന്റെയോ വൈഫൈയുടെയോ കണക്ഷന്‍ ഉണ്ടായിരിക്കണം.

ലാന്‍ഡ്‌ലൈന്‍ വഴി എസ്എംഎസ് അയക്കാനും സ്വീകരിക്കാനും കഴിയുന്ന സംവിധാനവും വൈകാതെ ഏര്‍പ്പെടുത്തും. ലാന്‍ഡ്‌ലൈനുകളില്‍ പ്രീ പെയ്ഡ് സംവിധാനവും ഇതോടൊപ്പം നിലവില്‍ വന്നിട്ടുണ്ട്.അടുത്ത സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 21,000 മൊബൈല്‍ ടവറുകള്‍കൂടി നിലവില്‍വരുമെന്നും 27,000 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍കൂടി പുതിയ സാങ്കേതികവിദ്യ ഏര്‍പ്പെടുത്തുമെന്നും ശ്രീവാസ്തവ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here