കറുത്താൽ എന്താണ് പ്രശ്‌നം; തെക്കനേഷ്യൻ വംശജരോടുള്ള മനോഭാവത്തിന് മാറ്റം വരുത്താൻ അൺഫെയർ ആൻഡ് ലവ്‌ലി ഹാഷ് ടാഗ് പ്രചാരണത്തിന് വമ്പൻ വരവേൽപ്

ന്യൂയോർക്ക്: കറുത്തനിറമായതിൽ എന്താണ് പ്രശ്‌നം. ലോകമാകെയുള്ളവർ സോഷ്യൽമീഡിയകളിൽ ഇപ്പോൾ ചോദിക്കുകയാണ്. വംശീയ വിദ്വേഷത്തിന്റെ മറ്റൊരു പതിപ്പായ വർണവിവേചനത്തിനെതിരേ ടെക്‌സസ് സർവകലാശാലയിലെ മൂന്നു വിദ്യാർഥിനികൾ ആരംഭിച്ച കാമ്പയിനാണ് അൺഫെയർ ആൻഡ് ലവ്‌ലി എന്ന ഹാഷ് ടാഗിൽ പ്രചരിക്കുന്നത്. ലോകമാകെ ഈ പ്രചാരണത്തിന് വമ്പൻ സ്വീകാര്യതയാണു ലഭിക്കുന്നത്.

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലുമെല്ലാം ഈ ഹാഷ് ടാഗിനു കീഴിൽ നിരവധി ചിത്രങ്ങളും സന്ദേശങ്ങളുമാണ് പ്രത്യക്ഷപ്പെടുന്നത്. വെളുത്ത തൊലിയുള്ളവർക്ക് കറുത്ത തൊലിയുള്ള ഇന്ത്യക്കാരുൾപ്പെടെയുള്ളവരോടുള്ള മനോഭാവത്തിന് മാറ്റം വരുത്തുക ലക്ഷ്യമിട്ടാണ് കാമ്പയിൻ നടത്തുന്നത്. ഡെയർ ടു ബി ബ്ലാക് എന്ന തലക്കെട്ടിലാണ് സ്ത്രീകൾ വർണവിവേചനവുമായി അനുബന്ധമായുള്ള ചിത്രങ്ങളും അനുഭവക്കുറിപ്പുകളും പോസ്റ്റ് ചെയ്യുന്നത്. വർണവിവേചനത്തോടുള്ള പുച്ഛം കലർന്ന പ്രതികരണങ്ങളാണു വരുന്നവയിൽ ഏറെയും.

ടെക്‌സസ് സർവകലാശാലയിലെ വിദ്യാർഥികളായ പാക്‌സ് ജോനൈസ് ശ്രീലങ്കക്കാരും സഹോദരിമാരുമായ മിരുഷ യോഗരാജ്, യനുഷ യോഗരാജ് എന്നിവരുമായി ചേർന്നാണ് കാമ്പയിൻ ആരംഭിച്ചത്. സർവകലാശാലയിലെ വിദേശ വിദ്യാർഥിനികൾ പ്രചാരണം ഏറ്റെടുത്തു. തുടർന്ന് ലോകത്താകമാനം നിരവധി പേർ പങ്കാളികളാവുകയായിരുന്നു. പലരും വെളുക്കാനുള്ള സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നതിലെ അമർഷവും കാമ്പയിന്റെ ഭാഗമായി പ്രകടിപ്പിക്കുന്നുണ്ട്.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here