ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും ആറ് മാസത്തേക്ക് ജാമ്യം; ദില്ലി വിട്ടുപോകരുതെന്ന് നിര്‍ദ്ദേശം; വിധി ദില്ലി പട്യാലഹൗസ് സെഷന്‍സ് കോടതിയുടേത്

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും ജാമ്യം. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിലാണ് ഇരുവര്‍ക്കും ആറ് മാസത്തെ ജാമ്യം നല്‍കിയത്. ദില്ലി പട്യാല ഹൗസ് സെഷന്‍സ് കോടതിയുടേതാണ് വിധി. ഉപാധികളോടെയാണ് കോടതിയുടെ നിര്‍ദ്ദേശം. വിദ്യാര്‍ഥികള്‍ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍ക്ക് കോടതിയില്‍ തെളിവുകള്‍ ഹാജരാക്കാന്‍ ദില്ലി പൊലീസിന് കഴിഞ്ഞില്ല.

രാജ്യദ്രോഹകുറ്റം ചുമത്തി ദില്ലി പോലീസ് അറസ്റ്റ് ചെയത് വിദ്യാര്‍ഥികള്‍ക്ക് ആറ് മാസത്തേക്കാണ് ദില്ലി പാട്യാല ഹൗസ് കോടതി ജാമ്യം നല്‍കിയത്. ഉമര്‍ ഖാലിദിനും അനിര്‍ബാന്‍ ഭട്ടാചാര്യക്കും എതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. തെളിവുകളുടെ അഭാവത്തിലും വിദ്യാര്‍ഥികള്‍ക്ക് എതിരെ ചുമത്തിയ കുറ്റം ഗൗരവമേറിയതെന്ന് ജസ്റ്റിസ് രതീഷ് കുമാറിന്റെ ബഞ്ച് നിരീക്ഷിച്ചു.

ഉന്നത വിദ്യാസമ്പന്നരായ വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തപ്പെട്ട വീഡിയോ വ്യാജമാണെന്നത് പോലീസ് എതിര്‍ത്തില്ലെന്ന കാര്യവും കോടതി ചൂണ്ടികാട്ടി. ഫോറന്‍സിക് പരിശോധനയില്‍ വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞത് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. രണ്ടു പേരോടും ദില്ലി വിട്ട് പോകരുതെന്നും 25000രൂപ ജാമ്യതുക കെട്ടിവയ്ക്കാനും പട്യാല ഹൗസ് സെഷന്‍സ് കോടതി നിര്‍ദേശിച്ചു. ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും കഴിഞ്ഞ 24 ദിവസമായി തീഹാര്‍ ജയിലിലാണ്. ജാമ്യം ലഭിച്ചതോടെ രണ്ട് വിദ്യാര്‍ത്ഥികളും നാളെ മോചിതരാകും.

ജെഎന്‍യു കാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ കേസിലാണ് ഇരുവര്‍ക്കും എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ദില്ലി പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് ഹൈക്കോടതി നേരത്തെ ജാമ്യം നല്‍കി.

ഫെബ്രുവരി 9ന് നടന്ന പരിപാടിയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും പാക് അനുകീല മുദ്രാവാക്യങ്ങളും മുഴങ്ങി. ഇതേത്തുടര്‍ന്നാണ് പരിപാടി വിവാദമായത്. എന്നാല്‍ പുറത്തുനിന്നെത്തിയ 15 അംഗ സംഘമാണ് മുദ്രാവാക്യം വിളിച്ചത് എന്നാണ് സര്‍വകലാശാല നിയോഗിച്ച അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് രാജ്യമെങ്ങും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.

വിഷയം പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉന്നയിച്ചത് കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. സംഘപരിവാര്‍ അജണ്ടയാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു പ്രതിപക്ഷ നിലപാട്. ഇത് ശരിവെയ്ക്കുന്ന വ്യാജ വീഡിയോ അടക്കമുള്ള തെളിവുകള്‍ പുറത്തുവന്നു. കനയ്യ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സഹായി ആണ് ഇതിന് പിന്നില്‍ എന്നും സൂചന പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News