സൗദിയില്‍ 400 കമ്പനികള്‍ കടുത്ത പ്രതിസന്ധിയില്‍; ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരെ പറഞ്ഞുവിട്ട് പിടിച്ചു നില്‍ക്കാന്‍ ശ്രമം; വിദേശത്തുനിന്ന് 800 കോടി കടമെടുക്കാനും നീക്കം

റിയാദ്: എണ്ണവിലയിടിവുണ്ടാക്കിയ കടുത്ത പ്രതിസന്ധിയെത്തുടര്‍ന്നു ഞെരുക്കത്തിലായത് നൂറോളം സൗദി കമ്പനികള്‍. ഉയര്‍ന്ന ശമ്പളം വാങ്ങൂന്നവരെ പിരിച്ചുവിട്ട് നിലനില്‍പ് ഉറപ്പാക്കാന്‍ കമ്പനികള്‍ ശ്രമം ആരംഭിച്ചു. നിരവധി ജീവനക്കാര്‍ക്ക് കമ്പനി മുന്നറിയിപ്പ് നോട്ടീസ് നല്‍കി. ഉയര്‍ന്ന ശമ്പളം പറ്റുന്നവരെ പിരിച്ചുവിട്ട് ചെലവു ചുരുക്കി പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടുതല്‍ പേരെ ഒഴിവാക്കും.

രാജ്യത്തിന്റെ പ്രതിസന്ധി മറികടക്കാന്‍ വിദേശ ബാങ്കുകളില്‍നിന്ന് 800കോടി ഡോളര്‍ കടമെടുക്കാനും സൗദി ഭരണകൂടം നീക്കം തുടങ്ങി. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് കരാര്‍ കമ്പനി ഉടമകളുടെ കൂട്ടായ്മ കഴിഞ്ഞദിവസം സൗദിയിലെ കിഴക്കന്‍പ്രവിശ്യ ചേംബര്‍ ഓഫ് കോമേഴ്‌സിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജ്യ ഭരണകൂടം ചെലവുചുരുക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പിരിച്ചുവിടല്‍ തുടങ്ങിയത്. മലയാളികള്‍ അടക്കമുള്ള വിദേശികളാണ് പിരിച്ചുവിടപ്പെടുന്നത്.

സൗദ് ആരാംകോ, സാബിക്, റോയല്‍ കമ്മീഷന്‍ തുടങ്ങിയവ നൂറിലധികം വന്‍കിട പദ്ധതികള്‍ നിര്‍ത്തിവച്ചു. ഇവരുടെ കരാര്‍ പ്രതീക്ഷിച്ച് ആയിരക്കണക്കിനു തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് കമ്പനികള്‍ നിയമിച്ചിരുന്നു. ഇവരെല്ലാം പണിയില്ലാതെ നില്‍ക്കുകയാണിപ്പോള്‍. വലുതും ചെറുതുമായ നിരവധി കമ്പനികള്‍ ആറുമാസമായി ശമ്പളം നല്‍കുന്നില്ല. ഭക്ഷണത്തിനും ചെലവിനും മാത്രമാണ് ചില കമ്പനികള്‍ തൊഴിലാളികള്‍ക്കു പണം നല്‍കുന്നത്. ബാക്കി തുക പ്രതിസന്ധി പരിഹരിച്ച ശേഷം നല്‍കാമെന്നാണ് ഉപാധി.

അഞ്ചു ശതമാനം ചെലവു ചുരുക്കാന്‍ സൗദി ഭരണകൂടം വിവിധ വകുപ്പുകളോട് നിര്‍ദേശിച്ചിരുന്നു. ധനമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മറ്റു കരാറുകള്‍ ഒപ്പുവയ്ക്കരുതെന്നും നിര്‍ദേശമുണ്ട്. ചെലവുചുരുക്കല്‍ നിര്‍മാണ മേഖലയെയാകും കാര്യമായി ബാധിക്കുക. എണ്ണവില ബാരലിന് അമ്പതു ഡോളറിന് മുകളിലെത്തിയില്ലെങ്കില്‍ സൗദിയിലെ പ്രതിസന്ധി കൂടുതല്‍ കടുക്കും. അതിന് ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News