തൃശ്ശൂര്‍: തൃശ്ശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്എസ് വാസന് സ്ഥലം മാറ്റം. തിരുവനന്തപുരം വാഹനാപകട തര്‍ക്കപരിഹാര ട്രൈബ്യൂണലിലേക്കാണ് എസ്എസ് വാസനെ സ്ഥലം മാറ്റിയത്. വിജിലന്‍സ് കോടതിയെ അപേക്ഷിച്ച് കുറഞ്ഞ ഭരണാധികാരമുള്ള കോടതിയാണ് എംഎസിടി. ഹൈക്കോടതി ഭരണാധികാര സമിതിയാണ് എസ്എസ് വാസന് സ്ഥലംമാറ്റം നല്‍കാന്‍ തീരുമാനമെടുത്തത്.
സോളാര്‍കേസില്‍ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട എസ്എസ് വാസന്റെ വിധി വിവാദമായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും വാസനെതിരെ പ്രതിഷേധമുയര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശവമഞ്ചവുമായി കോടതിയിലേക്ക് മാര്‍ച്ച് നടത്തി. ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് എസ്എസ് വാസന്‍ സ്വയം വിരമിക്കലിന് ഹൈക്കോടതി രജിസ്ട്രാര്‍ മുമ്പാകെ അപേക്ഷ നല്‍കി. എന്നാല്‍ മുതിര്‍ന്ന ജഡ്ജിമാര്‍ ഇടപെട്ടാണ് വാസനെ പിന്തിരിപ്പിച്ചത്.
പൊതുതാല്‍പര്യ ഹര്‍ജി ഫയലില്‍ സ്വീകരിക്കവെ ആയിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വാസന്‍ ഉത്തരവിട്ടത്. കേസ് പരിഗണിക്കുന്നതിനിടെ ഉപ്പു തിന്നവന്‍ വെള്ളംകുടിക്കണമെന്നും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തെറ്റുകള്‍ ചെയ്താല്‍ അസാധാരണ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും ജഡ്ജിയായ എസ്എസ് വാസന്‍ നിരീക്ഷിച്ചു.
വില്ലേജ് മാനും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരേ നീതിയാണ് ഉള്‍പ്പടെയുള്ള പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെത്തന്നെ പ്രതിക്കൂട്ടിലാക്കി. കോണ്‍ഗ്രസ് രാഷ്ട്രീയമായി ഏറെ പ്രതിരോധത്തിലുമായി. വിദേശമദ്യം വാങ്ങിയതിന് അഞ്ച് കോടി കോഴകൈപ്പറ്റിയെന്ന കേസില്‍ സഹകരണവകുപ്പ് മന്ത്രി സിഎന്‍ ബാലകൃഷ്ണനെതിരെ ത്വരിതപരിശോധന നടത്താനും കഴിഞ്ഞ ആഴ്ച അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.
Get real time update about this post categories directly on your device, subscribe now.
Discussion about this post