229 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് ഇംഗ്ലണ്ടിന് ജയം; ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത് രണ്ട് പന്ത് ബാക്കിനില്‍ക്കെ

മുംബൈ: ട്വന്റി – 20 ലോകകപ്പില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് ജയം കൈവിട്ടു. 229 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് രണ്ട് പന്ത് ബാക്കി നില്‍ക്കെ മറികടന്നു. ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയിട്ടും ജയം കൈവിട്ട ഞെട്ടലിലാണ് ദക്ഷിണാഫ്രിക്ക. 2 വിക്കറ്റ് ബാക്കിനില്‍ക്കെ ആയിരുന്നു ഇംഗ്ലീഷ് പടയുടെ ജയം.

ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ആശങ്ക ഉയര്‍ത്തുന്ന വെടിക്കെട്ട് ബാറ്റിംഗ് ആണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. 58 റണ്‍സെടുത്ത ഹാഷിം അംലയും 52 റണ്‍സെടുത്ത ഡി കോകും ചേര്‍ന്ന് 96 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ജെപി ഡുമിനി പുറത്താകാതെ 54 റണ്‍സെടുത്തു. എബി ഡിവില്ലിയേഴ്‌സ് 16ഉം ഡുപ്ലേസിസ് 17ഉം ഡേവിഡ് മില്ലര്‍ 28 റണ്‍സുമെടുത്തു. ഇംഗ്ലീഷ് ബൗളിംഗ് നിരയില്‍ മൊഈന്‍ അലി 2ഉം ഡേവിഡ് വില്ലി, അദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

England

230 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് മാന്യമായാണ് ബാറ്റിംഗ് തുടങ്ങിയത്. സ്‌കോര്‍ 48ല്‍ നില്‍ക്കെ 17 റണ്‍സെടുത്ത അലക്‌സ് ഹെയ്ല്‍സ് മടങ്ങി. ജേസണ്‍ റോയ് 48 റണ്‍സെടുത്ത് അബോട്ടിന്റെ പന്തില്‍ പുറത്തായി. 83 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലീഷ് നിരയില്‍ വിജയപാതയൊരുക്കിയത്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ടിന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു.

ബെന്‍ സ്റ്റോക്‌സ് (15), ഇയോന്‍ മോര്‍ഗന്‍ (12), ജോസ് ബട്‌ലര്‍ (21), ക്ലിസ് ജോര്‍ദ്ദന്‍ (5) തുടങ്ങിയവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. ഡേവിഡ് വില്ലി സംപൂജ്യനായി മടങ്ങി. മൊയീന്‍ അലി പുറത്താകാതെ 8 റണ്‍സ് നേടി. ദക്ഷിണാപ്രിക്കന്‍ ബൗളിംഗ് നിരയില്‍ കെയ്ല്‍ അബോട്ട് മൂന്നും കഗിസോ റബാദ രണ്ടും വിക്കറ്റ് നേടി. ഇമ്രാന്‍ താഹിര്‍, ജെപി ഡുമിനി തുടങ്ങിയവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 83 റണ്‍സെടുത്ത ജോ റൂട്ടാണ് കളിയിലെ കേമന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel