മണിയുടെ വീടിന് സമീപത്തുനിന്ന് കീടനാശിനിക്കുപ്പി കണ്ടെത്തി; എട്ട് പേര്‍ക്കെതിരെ ചാലക്കുടി പൊലീസ് കേസെടുത്തു; മണിയുടെ പാഡിയില്‍ വാറ്റ് എത്തിച്ചിരുന്നതായി സുഹൃത്തായ ജോമോന്‍ പീപ്പിളിനോട്

തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. മണിയുടെ തറവാടിന് സമീപത്തുനിന്ന് 7 കീടനാശിനിക്കുപ്പികള്‍ കണ്ടെത്തി. കണ്ടെത്തിയവയില്‍ ക്ലോര്‍പെറിഫോസും ഉള്‍പ്പെടുന്നതായും വിവരമുണ്ട്. ഇവയില്‍ മൂന്നെണ്ണം ഉപയോഗിക്കാത്തതാണ്. വാഴകൃഷിക്ക് വേണ്ടി ഉപയോഗിക്കാന്‍ വാങ്ങിയതാണെന്ന് തൊഴിലാളികള്‍ പൊലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്. പ്രത്യേക പരിശോധനയ്ക്കായി കീടനാശിനി കൂപ്പികള്‍ കൊച്ചിയിലെ കെമിക്കല്‍ ലാബിന് കൈമാറും. പ്രത്യേക അന്വേഷണസംഘം നടത്തിയ തെരച്ചിലിന് ഒടുവിലാണ് കീടനാശിനിക്കുപ്പികള്‍ കണ്ടെത്തിയത്.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ക്കെതിരെ കേസെടുത്തു. മണിയുടെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം വിപുലീകരിച്ചു. എസ്പി പിഎന്‍ ഉണ്ണിരാജന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. മണിയുടെ പാഡിയില്‍ വാറ്റ് എത്തിച്ചിരുന്നതായി സുഹൃത്തായ ജോമോന്‍ പറഞ്ഞു. പീപ്പിള്‍ ടിവിയോടാണ് ജോമോന്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ജോമോന്‍ ഇപ്പോള്‍ ഗള്‍ഫിലാണ്.

മരിക്കുന്നതിനു തലേദിവസം രാത്രി നടന്ന മദ്യസല്‍ക്കാരത്തിനിടെ കലാഭവന്‍ മണി വാറ്റ് കഴിച്ചിരുന്നില്ലെന്ന് സുഹൃത്തുക്കളുടെ മൊഴി. കസ്റ്റഡിയിലുള്ള സുഹൃത്തുക്കളാണ് മൊഴി നല്‍കിയത്. ചോദ്യം ചെയ്തപ്പോള്‍ കസ്റ്റഡിയിലുള്ള എല്ലാവരും ഈ കാര്യമാണ് പറഞ്ഞതെന്നും അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കസ്റ്റഡിയിലുള്ള നാലു പേരെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. അരുണ്‍, മുരുകന്‍, വിപിന്‍, ബിനു എന്നീ നാലുപേരെയാണ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

മണിയുടെ മരണത്തില്‍ അന്വേഷണസംഘം കൊലപാതക സാധ്യതയും പരിശോധിക്കുന്നുണ്ട്. മണി ആത്മഹത്യ ചെയ്യേണ്ട സാധ്യത തീരെ ഇല്ലെന്നാണ് പൊലീസ് നിഗമനം. കീടനാശിനിയുടെ ഉറവിടമാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കീടനാശിനി മണിയുടെ ശരീരത്തില്‍ മാത്രം കണ്ടെത്തിയതും പൊലീസിനെ സംശയത്തിലാഴ്ത്തുന്നു. കൂടെ ഉണ്ടായിരുന്നവരും മദ്യപിച്ചിട്ടുണ്ടെന്നിരിക്കെ മണിയുടെ ശരീരത്തില്‍ മാത്രം കീടനാശിനി എങ്ങനെ എത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുകണ്ടെത്താന്‍ വിശദമായ ചോദ്യം ചെയ്യലുകളും വേണ്ടിവരും. പാടിയിലെ ജാതിമരങ്ങള്‍ക്ക് കീടനാശിനി തളിക്കേണ്ട ആവശ്യമില്ലെന്നിരിക്കെ ക്ലോര്‍പിറോഫിസ് എങ്ങനെ പാടിയിലെത്തി, ആരു കൊണ്ടു വന്നു എന്നൊക്കെ തെളിയിക്കേണ്ടിയിരിക്കുന്നു.

കീടനാശിനിയുടെ സാന്നിധ്യം ശരീരത്തിലുണ്ടാകാന്‍ രണ്ടു സാധ്യതകളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ഒന്നുകില്‍ ബോധപൂര്‍വം മണിയുടെ സുഹൃത്തുക്കള്‍ തന്നെ കീടനാശിനി കലര്‍ത്തിയ മദ്യം നല്‍കിയതാകാം അല്ലെങ്കില്‍ മണി സ്വയം കീടനാശിനി കഴിച്ചതാകാം. ഇത്തരമൊരു നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. മണിക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

അതേസമയം, ഔട്ട്ഹൗസ് ആയ പാഡിയില്‍ ചാരായം എത്തിച്ചതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. ചാരായം നിര്‍മ്മിച്ചതിന് പിന്നിലെന്ന് സംശയിക്കുന്ന വരന്തരപ്പിള്ളി സ്വദേശി ജോയിയെ (45) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വരന്തരപ്പിള്ളിയില്‍ നിന്നാണ് പാഡിയിലേക്ക് ചാരായം എത്തിച്ചത്. താന്‍ മുന്‍പും ഇവിടേക്കു ചാരായം എത്തിച്ചിരുന്നതായി ഇയാള്‍ അന്വേഷണസംഘത്തോട് സമ്മതിച്ചതായാണ് വിവരങ്ങള്‍.
മദ്യസല്‍ക്കാരത്തിനു ചാരായം എത്തിച്ചത് മണിയുടെ സുഹൃത്താണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ചാലക്കുടി സ്വദേശിയായ ജോമോനാണ് ചാരായം പാഡിയില്‍ എത്തിച്ചതെന്നും സംഭവശേഷം ഇയാള്‍ വിദേശത്തേക്ക് പോയെന്നും പൊലീസ് അറിയിച്ചു. ജോമോനെ തിരികെ എത്തിക്കാനുള്ള ശ്രമം തുടങ്ങിയതായും പൊലീസ് പറഞ്ഞു. ചാരായം എത്തിച്ചതുമായി ബന്ധപ്പെട്ട് എട്ടു പേരെ പ്രതികളാക്കി അബ്കാരി നിയമപ്രകാരം എക്‌സൈസ് കേസെടുത്തു.

കീടനാശിനിക്കൊപ്പം ഈഥേന്‍ ആല്‍ക്കഹോള്‍, മീഥെയ്ല്‍ ആല്‍ക്കഹോള്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്‌തേക്കും. കീടനാശിനിയുടെ ഉറവിടം കണ്ടെത്തുകയെന്ന നിര്‍ണായക ഘട്ടത്തിലേക്കാണ് പൊലീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News