ബിജെപി ദേശീയ നിര്‍വ്വാഹകസമിതി യോഗം ഇന്ന് ആരംഭിക്കും; സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യും; തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തും

ദില്ലി: ബിജെപി ദേശീയ നിര്‍വ്വാഹകസമിതി യോഗം ഇന്നും നാളെയുമായി ദില്ലിയില്‍ ചേരും. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യോഗം വിലയിരുത്തും. കേന്ദ്ര സര്‍ക്കാറിനെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, അസാം, പുതുച്ചേരി എന്നിവിടങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ബിജെപി യുടെ ദേശീയ നിര്‍വ്വാഹക സമിതി യോഗം ചേരുന്നത്. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തും. ഒപ്പം തെരഞ്ഞെടുപ്പ് പ്രചരണ തന്ത്രങ്ങളും ചര്‍ച്ച ചെയ്യും. കേന്ദ്ര സര്‍ക്കാറിനെതിരെ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കുകയാണ് നേതൃത്വത്തിനു മുന്നിലുള്ള വെല്ലുവിളി. അസഹിഷ്ണുത വിവാദങ്ങള്‍, രോഹിത് വെമുലയുടെ ആത്മഹത്യ, ജെഎന്‍യു സംഭവങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാറിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. വിജയ് മല്ല്യയ്ക്ക് രക്ഷപ്പെടാന്‍ ബിജെപി സഹായം ചെയ്തുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. തെരഞ്ഞെടുപ്പില്‍ ഈ വിഷയങ്ങള്‍ തിരിച്ചടിയാകാതിരിക്കാനുള്ള പ്രചരണ തന്ത്രങ്ങളായിരിക്കും പ്രധാനമായും ആലോചിക്കുക.

കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികളും പൊതുബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനുള്ള നിര്‍ദ്ദേശങ്ങളും ഉണ്ടാകും. ഹരിയാന, ഗുജറാത്ത് ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട സംവരണ പ്രക്ഷോഭങ്ങളും തലവേദനയായ സാഹചര്യത്തില്‍ ഇക്കാര്യങ്ങളും യോഗം പരിശോധിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here