25 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും ക്യാമ്പസില്‍; രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായതില്‍ അഭിമാനമെന്ന് ഉമര്‍; അനീതികള്‍ക്കെതിരെ ഇനിയും സംസാരിക്കുമെന്ന് അനിര്‍ബന്‍

umar-khalid

ദില്ലി: 25 ദിവസത്തെ തീഹാര്‍ ജയില്‍വാസത്തിന് ശേഷം ഉമര്‍ഖാലിദും അനിര്‍ബാന്‍ ഭട്ടാചാര്യയും ജെഎന്‍യു ക്യാമ്പസിലെത്തി. ജാമ്യം ലഭിച്ച ഇരുവരും ഇന്നലെ അര്‍ധരാത്രിയോടെയാണ് ജയില്‍ മോചിതരായത്. ഇരുവര്‍ക്കും വന്‍സ്വീകരണമാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നത്.

അരുന്ധതി റോയ്, ബിനായക് സെന്‍ എന്നിവര്‍ക്കെതിരെ ചുമത്തിയ അതേ രാജ്യദ്രോഹക്കുറ്റത്തിന് താനും അറസ്റ്റിലായതില്‍ അപമാനമില്ലെന്നും അഭിമാനമാണ് തോന്നുന്നതെന്നും ഉമര്‍ ഖാലിദ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു. മാധ്യമവിചാരണയുടെ ഇരയാണ് താന്‍. ആദ്യം മുസ്ലിം തീവ്രവാദിയാക്കാന്‍ ശ്രമിച്ചു. പിന്നീട് മാവോയിസ്റ്റാക്കാനായിരുന്നു ശ്രമം. പൊലീസ് മാവോയിസ്റ്റ് മേഖലകളില്‍ തെരച്ചില്‍ നടത്തുമ്പോള്‍ ക്യാമ്പസിലായിരുന്നു താന്‍. മുസ്ലിങ്ങള്‍ രാജ്യസ്‌നേഹം പ്രകടിപ്പിക്കേണ്ട സമയമാണിതെന്നാണ് പറയുന്നത്. തന്നെയോ ജെഎന്‍യു വിദ്യാര്‍ത്ഥികളെയോ അല്ല അവര്‍ പ്രതികൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്തത്, മുസ്ലിം സമൂഹത്തെയാണ് അവര്‍ രാജ്യദ്രോഹം ആരോപിച്ച് വിചാരണ ചെയ്തതെന്നും ഉമര്‍ ഖാലിദ് പറഞ്ഞു.

മുസ്ലിങ്ങളെയും ദളിതരെയും കൊന്നൊടുക്കുന്നതിനെക്കുറിച്ചും, സൈന്യം സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിനെക്കുറിച്ചും തുടങ്ങി എല്ലാ അനീതികള്‍ക്കെതിരെയും ഇനിയും തങ്ങള്‍ സംസാരിക്കുമെന്ന് അനിര്‍ബന്‍ പറഞ്ഞു. ഭാരത് മാതാ കീ ജയ് വിളിക്കണമെന്നു പറയുന്നതാണ് ദേശസ്‌നേഹമെങ്കില്‍ ഞങ്ങള്‍ ദേശദ്രോഹികളാണെന്നും അനിര്‍ബെന്‍ പറഞ്ഞു.

ഇന്നലെയാണ് ഉമര്‍ഖാലിദിനും അനിര്‍ബാന്‍ ഭട്ടാചാര്യയ്ക്കും ആറുമാസത്തേക്ക് ജാമ്യം ലഭിച്ചത്. 25,000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കണമെന്നും ദില്ലി വിട്ട് പോകരുതെന്നും കോടതി ഇരുവരോടും നിര്‍ദേശിച്ചിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കാന്‍ ദില്ലി പൊലീസിന് കഴിഞ്ഞിരുന്നില്ല. വ്യാജ തെളിവുകള്‍ നിലനില്‍ക്കേ ഉന്നതവിദ്യാസമ്പന്നരായവര്‍ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍ ഗൗരവമേറിയതെന്നും ദില്ലി പാട്യാല കോടതി നിരീക്ഷിച്ചിരുന്നു.

ഫെബ്രുവരി 9ന് ജെഎന്‍യു ക്യാമ്പസില്‍ നടന്ന പരിപാടിക്കിടെ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റു ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയയും പൊലീസില്‍ കീഴടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News