മണിയുടെ സഹായി മുരുകന്‍ കൊലക്കേസ് പ്രതിയെന്ന് സൂചന; ക്രിസ്തുമസിന് മണിയെ കാണാനെത്തിയ മുരുകനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് ബന്ധുക്കള്‍

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സഹായി മുരുകനെ കേന്ദ്രീകരിച്ച്. മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ദിവസം പാഡിയില്‍ ഭക്ഷണം പാചകം ചെയ്തത് മുരുകനെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ കൊലക്കേസിലടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും സൂചന ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ക്രിസ്തുമസിന് മണിയെ കാണാനെത്തിയ മുരുകന്‍ പാഡിയിലെ സഹായിയായി കൂടുകയായിരുന്നു. പിന്നീട് പാഡിയുടെ മേല്‍നോട്ടക്കാരനും സൂക്ഷിപ്പുകാരനുമായി മാറി. മണിയുടെ മരണത്തിന്റെ പിറ്റേന്ന് പാഡി കഴുകി വൃത്തിയാക്കിയതും മുരുകന്റെ നേതൃത്വത്തിലാണ്. തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് ഇവര്‍ പെട്ടെന്ന് പാഡി വൃത്തിയാക്കിയതെന്നാണ് ആരോപണങ്ങള്‍. മുരുകന്റെ തമിഴ്‌നാട് പശ്ചാത്തലത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ചുറ്റുപാട് അറിഞ്ഞ സഹോദരന്‍ രാമകൃഷ്ണനും ബന്ധുക്കളും മണിക്കു മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

മുരുകന് പുറമെ അരുണ്‍, വിപിന്‍ എന്നീ സഹായികളെയാണ് പൊലീസ് ചോദ്യം ചെയ്തത്. വിപിന്‍ മണിയുടെ ഭാര്യ നിമ്മിയുടെ ബന്ധുവാണ്. മദ്യം എത്തിച്ചുകൊടുക്കാറുള്ളത് വിപിനും കൂട്ടരും ചേര്‍ന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here