നശിപ്പിച്ച തെളിവുകള്‍ കണ്ടെത്താന്‍ പാടിയില്‍ പറമ്പു കിളച്ച് പരിശോധന; 10 കുപ്പികള്‍ കണ്ടെടുത്തു; ജാഫര്‍ ഇടുക്കിയെയും സാബുവിനെയും വീണ്ടും ചോദ്യം ചെയ്യും

ചാലക്കുടി: മണിയുടെ പാടിയില്‍ പൊലീസ് പറമ്പ് കിളച്ച് പരിശോധന നടത്തുന്നു. നശിപ്പിച്ചു എന്നു കരുതുന്ന തെളിവുകള്‍ കണ്ടെത്തുന്നതിനാണ് പരിശോധന നടത്തുന്നത്. മദ്യക്കുപ്പികള്‍ അടക്കം 10 കുപ്പികളാണ് പാടിയിലെ പറമ്പില്‍ നിന്ന് കണ്ടെത്തിയത്. സെപ്റ്റിക് ടാങ്ക് തുറന്നും പരിശോധന നടത്തി. സെപ്റ്റിക് ടാങ്കില്‍ നിന്നാണ് ഒരു പ്ലാസ്റ്റിക് കുപ്പി കണ്ടെത്തിയത്. ഇത് കീടനാശിനിയുടെ കുപ്പിയാണോ എന്നു സംശയമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനായി ഫോറന്‍സിക് പരിശോധന നടത്തും.

നടന്‍മാരായ സാബുമോന്‍, ജാഫര്‍ ഇടുക്കി എന്നിവരടക്കമുള്ള സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചു. മണിയുടെ സഹായികള്‍ ഉള്‍പ്പടെയുള്ളവരാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളത്. അവശ നിലയില്‍ കലാഭവന്‍ മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഔട്ട്ഹൗസ് വൃത്തിയാക്കിയ സഹായികളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇവരില്‍ തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ കൊലക്കേസ് പ്രതിയാണെന്ന് സൂചനയുണ്ടെന്നും പൊലീസ് അറിയിച്ചു.

അന്വേഷണ സംഘം ചെറു ഗ്രൂപ്പുകളായി തിരിഞ്ഞാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഔട്ട് ഹൗസിലെ മദ്യപാനത്തില്‍ ഇരുപതിനടുത്ത് ആളുകള്‍ പങ്കെടുത്തെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. തന്റെ സാന്നിധ്യത്തില്‍ മണി മദ്യം കഴിച്ചില്ലെന്ന ടെലിവിഷന്‍ താരം സാബു മോന്റെ മൊഴി കളവാണെന്ന് മണിയുടെ മാനേജര്‍ ജോബി ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News