വനിതാ ലോകകപ്പില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പിച്ചു; പാക് ജയം ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 2 റണ്‍സിന്

ദില്ലി: വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്താന് ജയം. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 2 റണ്‍സിനാണ് പാകിസ്താന്റെ ജയം. 97 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന്റെ ലക്ഷ്യം മഴനിയമ പ്രകാരം 76 റണ്‍സ് ആക്കി ചുരുക്കിയിരുന്നു. 16 ഓവറില്‍ 77 റണ്‍സെടുത്തു നില്‍ക്കെ മഴ എത്തിയതിനാല്‍ മത്സരം നിര്‍ത്തി വയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് പാകിസ്താന്‍ ജയിച്ചതായി പ്രഖ്യാപിച്ചത്. നാഹിദ ഖാന്‍ (14), സിദ്ര അമീന്‍ (26), മുനീബ അലി (12 നോട്ടൗട്ട്), ഇറാം ജാവേദ് (10) എന്നിവരാണ് പാകിസ്താനു വേണ്ടി സ്‌കോര്‍ ചെയ്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുത്തു. ഓപ്പണിഗ് നിരയും വാലറ്റവും പജരാജയപ്പെട്ട മത്സരത്തില്‍ മധ്യനിര മാത്രമാണ് ഇന്ത്യക്കു വേണ്ടി നാമമാത്രമായ ചെറുത്തുനില്‍പ് പ്രകടമാക്കിയത്. 24 റണ്‍സെടുത്ത വേദ കൃഷ്ണമൂര്‍ത്തി മാത്രമാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. തീരുമാനം തെറ്റിയില്ലെന്നു തോന്നിച്ച് ഓപ്പണര്‍ വെള്ളസ്വാമി വനിത ആദ്യം തന്നെ മടങ്ങി. 16 റണ്‍സെടുത്ത മിഥാലി രാജും വൈകാതെ മടങ്ങി. മന്ധന 1 റണ്‍സെടുത്ത് മടങ്ങി. ആദ്യ മൂന്നു വിക്കറ്റു വീണ് പ്രതിസന്ധിയിലായ ഇന്ത്യയെ ഹര്‍മന്‍പ്രീത് കൗറും വേദയും ജുലാന്‍ ഗോസ്വാമിയും ചേര്‍ന്നാണ് രക്ഷിച്ചത്. ഹര്‍മന്‍പ്രീത് 16ഉം വേദ 24ഉം ജുലാന്‍ 14ഉം റണ്‍സെടുത്തു. ശിഖ പാണ്ഡെ 10 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here