തിരുവനന്തപുരം: കേരളത്തെ വിറ്റുതുലയ്ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ധൃതി പിടിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. സംസ്ഥാനത്തിന്റെ പരിസ്ഥിതിയെ പൂര്‍ണ്ണമായും അക്രമിക്കുന്ന രീതിയിലാണ് സര്‍ക്കാരിന്റെ ഓരോ നടപടിയും. ഭൂപരിഷ്‌കരണ നിയമം തന്നെ സര്‍ക്കാര്‍ അട്ടിമറിക്കുന്നു. തീവെട്ടിക്കൊള്ള നടത്തുന്നത് നാട് അറിയരുത് എന്നാണ് യുഡിഎഫ് സര്‍ക്കാര്‍ നിലപാട്. അഴിമതികൊണ്ട് നാറിയ സര്‍ക്കാരാണ് യുഡിഎഫിന്റേത്. മെത്രാന്‍ കായല്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കാനുള്ള നീക്കം കോടതി ഇടപെട്ടാണ് റദ്ദാക്കിയതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു വൈക്കം വിശ്വന്‍.
ഒരു അഴിമതി വിവരവും പുറത്തുപോകരുത് എന്ന ഉദ്യേശത്തോടെ സര്‍ക്കാര്‍ വിവരാവകാശനിയമം അട്ടിമറിക്കുന്നുവെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പടെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പരിധിയില്‍ വരരുത് എന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. വിവരാവകാശനിയമത്തില്‍ എടുത്ത തീരുമാനം തുറന്നുപറയാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വിവരാവകാശനിയമത്തെ തന്നെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. അറിയാന്‍ അവകാശമില്ലാത്തത് എന്ന രീതിയില്‍ സര്‍ക്കാര്‍ പറയുന്നത് ഭരണഘടനയുടെ 19, 21 ആര്‍ട്ടിക്കിളുകളുടെയും വിധിന്യായങ്ങളുടെയും ലംഘനമാണ്. വിവരാവകാശനിയമത്തെ കവച്ചുവയ്ക്കുന്ന ചട്ടങ്ങളാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഉത്തരവുമായി മുന്നോട്ട് പോയാല്‍ നിലവിലെ കേസിന്റെ വിവരങ്ങളും അനുബന്ധ രേഖകളുടെ പകര്‍പ്പും പോലും ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉള്‍പ്പടെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടും മുഖ്യമന്ത്രി ന്യായീകരിക്കുന്നു. നേരത്തെ എടുത്ത നിലപാടുകളില്‍നിന്ന് സുധീരന്‍ ഒളിച്ചോടുന്നു. കരുണ എസ്‌റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് എതിര്‍കക്ഷികള്‍ തന്നെ അംഗീകരിച്ചതാണ്. സര്‍ക്കാര്‍ ഭൂമി യുഡിഎഫ് റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് പതിച്ചു കൊടുക്കുന്നു. ഇത് ചെറുക്കാന്‍ ജനങ്ങള്‍ക്ക് കഴിയണം. എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട ജനവിരുദ്ധ നടപടികള്‍ റദ്ദാക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയെ സംബന്ധിച്ച് എല്‍ഡിഎഫ് ചര്‍ച്ച ചെയ്തു. തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സീറ്റ് സംബന്ധച്ച വിഷയങ്ങള്‍ ഘടകകക്ഷികള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. സീറ്റ് വിഭജന ചര്‍ച്ച നീളില്ല. ഇക്കാര്യം വേഗം തീര്‍ക്കും. പ്രകടന പത്രിക ഏപ്രില്‍ ആദ്യവാരം പുറത്തിറക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here