പാകിസ്താനെതിരെ ഇന്ത്യയ്ക്ക് വിജയം; ആവേശകരമായ മത്സരത്തില്‍ ജയിച്ചത് ആറ് വിക്കറ്റിന്; കോഹ്ലിക്ക് അര്‍ദ്ധസെഞ്ചറി

കൊല്‍ക്കത്ത: ആരാധകര്‍ ആവേശപൂര്‍വം കാത്തിരുന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് വജയം. പാകിസ്താനെ ആറ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മഴ മൂലം 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ പാകിസ്താന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു. 119 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 13 പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം കണ്ടു. വിരാട് കോഹ്‌ലിയുടെ അര്‍ദ്ധസെഞ്ചറിയാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്.

മഴ മൂലം ഒരു മണിക്കൂറോളം വൈകിയാണ് കളി ആരംഭിച്ചത്. ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഷര്‍ജീല്‍ ഖാനും അഹ്മദ് ഷെഹ്‌സാദും ചേര്‍ന്ന് മാന്യമായ തുടക്കമാണ് പാകിസ്താന് നല്‍കിയത്. എന്നാല്‍ സ്‌കോര്‍ 38ല്‍ നില്‍ക്കെ പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടമായി. തുടര്‍ന്നെത്തിയ ഷഹിദ് അഫ്രിദി (8)ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. ഉമര്‍ അക്മല്‍ 22ഉം ഷൊയബ് മാലിക് 26 റണ്‍സുമെടുത്തു. സര്‍ഫ്രാസ് അഹമ്മദ്, മൊഹമ്മദ് ഹഫീസ് എന്നിവര്‍ യഥാക്രമം എട്ടും അഞ്ചും റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

പാകിസ്താനെ ഫീല്‍ഡിംഗിന് അയച്ചിട്ടും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഈഡനിലെ പിച്ചില്‍ കാര്യമായ വിക്കറ്റ് നേട്ടമുണ്ടാക്കാനായില്ല. പാകിസ്താന്റെ റണ്‍ വേട്ട തടയാനായി എന്നതാണ് ഇന്ത്യയ്ക്ക് ആശ്വാസം. ആശിഷ് നെഹ്‌റ, ജസ്പ്രിത് ബുംറ, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ കരുതിയാണ് കളി തുടങ്ങിയത്. സ്‌കോര്‍ 14ല്‍ നില്‍ക്കെ ഇന്ത്യയ്ക്ക് 10 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ നഷ്ടമായി. സ്‌കോര്‍ 23ല്‍ നില്‍ക്കെ 6 റണ്‍സെടുത്ത ശിഖര്‍ ധവാനും പവലിയനിലേക്ക് മടങ്ങി. ചുവടുറപ്പിക്കും മുമ്പേ സുരേഷ് റെയ്‌നയുടെ കുറ്റി മുഹമ്മദ് ഷമി തെറിപ്പിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് വിരാട് കോഹ്‌ലിയും യുവരാജ് സിംഗും ചേര്‍ന്ന് കരുതി മുന്നേറി. ധോണി 13 റണ്‍സെടുത്ത് കോഹ് ലിയ്ക്ക് പിന്തുണ നല്‍കി. പാക് ബൗളിംഗ് നിരയില്‍ മുഹമ്മദ് ഷമി രണ്ടും മുഹമ്മദ് ആമിര്‍, വഹാബ് റിയാസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

വിരാട് കോഹ് ലിയാണ് മാന്‍ ഓഫ് ദ മാച്ച്. ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് ഏറ്റ തോല്‍വിയുടെ ആഘാതത്തില്‍നിന്ന് ഇതോടെ ടീം ഇന്ത്യ കരകയറി. ബംഗ്ലാദേശിനെതിരായ ജയത്തിന്റെ ആത്മവിശ്വാസത്തില്‍നിന്ന പാകിസ്താന് തിരിച്ചടിയുമായി. ലോകകപ്പ് വേദികളില്‍ ഇന്ത്യയ്‌ക്കെതിരെ തോല്‍ക്കുന്ന പതിവ് ഇവിടെയും ആവര്‍ത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News