പോത്ത് കച്ചവടക്കാരെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍; പിടിയിലായവര്‍ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരാണെന്ന് ദേശീയ മാധ്യമങ്ങള്‍

ദില്ലി: ഝാര്‍ഖണ്ഡില്‍ പോത്ത് കച്ചവടക്കാരായ രണ്ട് മുസ്ലിം യുവാക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. അറസ്റ്റിലായവര്‍ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റിലായെന്നും ഇവര്‍ക്ക് ഏതെങ്കിലും ഹൈന്ദവ സംഘടനയുമായി ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടില്ലെന്നും ലാറ്റെഹാര്‍ പൊലീസ് മേധാവി അനൂപ് ബിര്‍ത്തരായ് അറിയിച്ചു. പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

കന്നുകാലികളുമായി ചന്തയിലേക്ക് പോകുകയായിരുന്ന പതിനഞ്ച് വയസുകാരന്‍ ഉള്‍പ്പടെ രണ്ടു പേരെ കഴിഞ്ഞ ദിവസമാണ് അഞ്ചംഗസംഘം തല്ലികൊന്ന് കെട്ടിതൂക്കിയത്. റാഞ്ചിയില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെ ജബ്ബാര്‍ ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. ആക്രമണം നടത്തിയ സംഘത്തിലെ അഞ്ച് പേരെയാണ് ലത്തേഹര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കന്നുകാലി വ്യാപരം നടത്തുന്നതിന് എതിരെ പലതവണ ഭീഷണിയുണ്ടായിരുന്നതായി ഗ്രാമവാസികള്‍ വ്യക്തമാക്കി. മുന്‍പും കച്ചവടക്കാര്‍ക്ക് നേരെ വധശ്രമം നടന്നിട്ടുണ്ടെന്നും സ്ഥലം എംഎല്‍എ പ്രകാശ് റാം ആരോപിച്ചു.

മൃതദേഹങ്ങള്‍ നീക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും കല്ലേറുണ്ടായി. കല്ലേറില്‍ ആറ് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഗ്രാമവാസികള്‍ ദേശീയ പാത മണിക്കൂറുകളോളം ഉപരോധിച്ചു. സംഭവത്തിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും ഗ്രാമവാസികള്‍ അറിയിച്ചു. സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്ന ഭീകരതയാണിതെന്നും കുറ്റകാര്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ആവിശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News