പ്രായപൂര്‍ത്തിയാകാത്ത മകന് ഓടിക്കാന്‍ ഔദ്യോഗികവാഹനം; ഐജി സുരേഷ് രാജ് പുരോഹിതിനും മകനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകന് ഓടിക്കാന്‍ ഔദ്യോഗിക പൊലീസ് വാഹനം നല്‍കിയ സംഭവത്തില്‍ ഐജി സുരേഷ് രാജ് പുരോഹിതിനും മകനുമെതിരെ കേസെടുക്കാന്‍ തൃശൂര്‍ ജുവനൈല്‍ കോടതിയുടെ ഉത്തരവ്. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിയ്യൂര്‍ പൊലീസിനോട് ജുവനൈല്‍ കോടതി ജഡ്ജ് എം.ആര്‍ അജേഷ് ആവശ്യപ്പെട്ടു.

പൊതുപ്രവര്‍ത്തകന്‍ പി.ഡി ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. തൃശൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്നീട് ജുവനൈല്‍ കോടതിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു.

തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയിലാണ് ഐജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ പൊലീസ് വാഹനം ഉപയോഗിച്ചത്. വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈരളി പീപ്പിള്‍ പുറത്ത് വിട്ടിരുന്നു. മൂന്നു വ്യത്യസ്ത വീഡിയോകളാണ് പുറത്ത് വന്നിട്ടുള്ളത്. മൂന്നിലും വ്യത്യസ്ത വാഹനങ്ങളാണ് ഐജിയുടെ മകന്‍ ഓടിക്കുന്നത്. ഒരു വീഡിയോയില്‍ തൃശൂര്‍ റേഞ്ച് ഐജിയുടെ വാഹനമാണെങ്കില്‍ മറ്റൊന്നില്‍ പൊലീസ് അക്കാദമി ഐജിയുടെ വാഹനമാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഓടിക്കുന്നത്. ഔദ്യോഗിക കൊടിയും നെയിം ബോര്‍ഡും വീഡിയോകളില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here